പോര്‍ട് ബ്ലെയറില്‍ നിന്നും 2 കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. പലയുഗങ്ങളുടെ ശേഷിപ്പുകളാണ് റോസ്സ് ഐലന്‍ഡിലെ പ്രത്യേകത. ചരിത്രാന്വേഷകരായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണിവിടം. കോളനിവാഴ്ചക്കാലത്തെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെയും കെട്ടിടങ്ങള്‍ പലതും ഇവിടെ കാണാം. പോര്‍ട് ബ്ലെയറില്‍ നിന്നും ഫെറിയിലാണ് റോസ് ഐലന്‍ഡിലേയ്ക്ക് യാത്രചെയ്യേണ്ടത്. ദ്വീപിലെ ഫോണിക്‌സ് ജെട്ടിയിലാണ് ബോട്ട് ഇറങ്ങേണ്ടത്. ഇന്ത്യന്‍ നാവികസേനയുടെ നിയന്ത്രണത്തിലാണ് ഈ സ്ഥലം. അതീവസുരക്ഷാ മേഖലയായതുകൊണ്ടുതന്നെ ദ്വീപിലേയ്ക്ക് പ്രവേശിയ്ക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സന്ദര്‍ശകര്‍ ചില രേഖകളില്‍ ഒപ്പുവെയ്‌ക്കേണ്ടതുണ്ട്.
1857ല്‍ നടന്ന ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ സേനാനികളെ പിടിച്ചുകൊണ്ടുവന്ന് ക്രൂരമായ പീഡനങ്ങള്‍ ഏല്‍പ്പിച്ചസ്ഥലമെന്നതുതന്നെയാണ് റോസ് ഐലന്റിനെ ചരിത്രത്തിന്റെ താളുകളിലേയ്‌ക്കെത്തിച്ചത്. ദ്വീപില്‍ ഒരു ആശുപത്രി, ബേക്കറി, മാര്‍ക്കറ്റ്, ടെന്നിസ് കോര്‍ട്ട്, ക്വാട്ടേഴ്‌സുകള്‍ എന്നിവയെല്ലാമുണ്ട്.
രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ നടത്തിയ അധിനിവേശത്തിന്റെ ശേഷിപ്പുകളും ഇവിടെ കാണാം. റോസ് ഐലന്‍ഡിന് അടുത്തുകിടക്കുന്ന സ്മിത്ത് ഐലന്റും സന്ദര്‍ശനയോഗ്യമാണ്.



Click it and Unblock the Notifications