ബാരാപാനി എന്നും അറിയപ്പെടുന്ന ഉമിയം തടാകം റി ഭോയ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ഉമിയം നദിക്ക് കുറുകെ വൈദ്യുത ഉത്പാദനം ലക്ഷ്യമിട്ട് 1960 ലാണ് ഈ തടാകം നിര്‍മ്മിച്ചത്. ഇന്ന് ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായി മാറിയ ഇവിടെ ജല കായിക വിനോദങ്ങള്‍ക്കും അവസരമുണ്ട്. കുന്നുകള്‍ക്കിടയിലുള്ള മനോഹരമായ ഈ പ്രദേശത്ത് മേഘാലയ ടൂറിസം വകുപ്പും, സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കയാകിങ്ങ്, വാട്ടര്‍ സൈക്ലിങ്ങ്, ഷൂട്ടിംഗ്, ബോട്ടിംഗ് എന്നിവയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നു.
ഈ പ്രദേശത്ത് മികച്ച താമസ സൗകര്യം ലഭിക്കുന്ന ഒരിടമാണ് ഓര്‍ക്കിഡ് ടൂറിസ്റ്റ് ലോഡ്ജ്. മനോഹരമായ കാഴ്ചകളുള്ള ഈ സ്ഥലം തദ്ദേശവാസികളുടെയും ഒരു പ്രധാന പിക്നിക് കേന്ദ്രമാണ്. ഷില്ലോങ്ങില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരമുണ്ട് ഉമിയം തടാകത്തിലേക്ക്. ഷില്ലോങ്ങില്‍ നിന്ന് ഒരു ടൂറിസ്റ്റ് വാഹനത്തിലോ, ടാക്സിയിലോ ഇവിടേക്കെത്താം.