മൂന്നാറിലെ അണക്കെട്ടുകൾ
കുന്നുകളും മലകളും അല്ലാതെ മൂന്നാറിന്‍റെ മറ്റൊരു സൗന്ദര്യം ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയവയാണ് മൂന്നാറിലെ അണക്കെട്ടുകൾ. വളരെ മനോഹരമായ റൂട്ടുകളിലൂടെയുള്ള യാത്രയും എത്തിച്ചേരുമ്പോഴുള്ള കാഴ്ചകളും നിങ്ങളുടെ മൂന്നാർ യാത്രയിലെ വിലമതിക്കാനാവാത്ത നിമിഷങ്ങളായിരിക്കും.
PC:Bimal K C
മാട്ടുപ്പെട്ടി അണക്കെട്ട്
മൂന്നാർ കാഴ്ചകളിൽ പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മാട്ടുപ്പെട്ടി അണക്കെട്ട്. അതിമനോഹരമായ പച്ചപ്പും പശ്ചാത്തലവും ഉള്ള ഈ ഡാം വൈദ്യുതോല്പാദനത്തിനായിയാണ് നിർമ്മിച്ചിട്ടുള്ളത്. മുതിരപ്പുഴയാറിൽ സ്ഥിതി ചെയ്യുന്ന ഈ ഡാം ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണ്. പള്ളിവാസൽ ഹൈഡ്രോ-ഇലക്ട്രിക് പ്രോജക്റ്റിന്‍റെ ഭാഗമായി 1940ന്റെ അവസാനത്തിൽ ആണിത് നിർമ്മിക്കുന്നത്.
PC:Manik747
മാട്ടുപ്പെട്ടി ഡാം ബോട്ടിങ്
മാട്ടുപ്പെട്ടി ഡാമിൽ ചെയ്യുവാൻ പറ്റിയ ഏറ്റവും മികച്ച ആക്റ്റിവിറ്റി എന്നത് ഡാമിലൂടെയുള്ള ബോട്ടിങ് ആണ്. 1996 ഡിസംബർ 10നാണ് മാട്ടുപ്പെട്ടിയിൽ ബോട്ടിങ് ആരംഭിക്കുന്നത്. ഡിടിപിസിയുടെ നേതൃത്വത്തിലാണ് ഇവിചെ ബോട്ടിങ് നടത്തുന്നത്. ചില സമയത്ത് ഡാമിന്റെ തീരത്തേയ്ക്ക് വെള്ളം കുടിക്കുവാനായി വരുന്ന ആനകളെ കാണുവാന്‍ കഴിയും. കുട്ടികളുമൊത്തെ മൂന്നാർ സന്ദർശിക്കുമ്പോൾ മാട്ടുപ്പെട്ടി സന്ദര്‍ശനം ഒഴിവാക്കരുത്.
PC:Mohsin Bin Latheef
മാട്ടുപ്പെട്ടിയിൽ
മൂന്നാറിൽ ദേവികുളം പഞ്ചായത്തിൽ ചിത്തിരപുരം ഗ്രാമത്തിന്‍റെ ഭാഗമായാണ് മാട്ടുപ്പെട്ടി ഡാം ഉള്ളത്. ഇന്തോ-സ്വിസ് ലൈവ്സ്റ്റോക്ക് പ്രോജക്ടിന് മാട്ടുപ്പെട്ടി പ്രസിദ്ധമാണ്. ഡാമിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായി കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ആൻഡ് മിൽക്ക് മാർക്കറ്റിംഗ് ബോർഡാണ് അണക്കെട്ടിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ഈ പ്രോജക്ട് കൈകാര്യം ചെയ്യുന്നത്. പച്ചപ്പു നിറഞ്ഞ പ്രദേശത്തിലൂടെ കന്നുകാലികൾ മേഞ്ഞുനടക്കുന്ന ഭംഗിയുള്ള കാഴ്ച ഇവിടെ കാണാം. റോഡരികിൽ നിന്നാൽ ഡാമിനു സമീപം ആനകൾ പുൽമേടുകളിലൂടെ നടക്കുന്ന രസകരമായ കാഴ്ചയും കാണാംയ
മൂന്നാറിൽ നിന്നും 13 കിലോമീറ്ററാണ് മാട്ടുപ്പെട്ടി ഡാമിലേക്കുള്ള ദൂരം.
PC:തങ്കച്ചൻ നെല്ലിക്കുന്നേൽ
കുണ്ടള അണക്കെട്ട്
മാട്ടുപ്പെട്ടിക്കൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു അണക്കെട്ടാണ് കുണ്ടള ഡാം. മൂന്നാറിൽ നിന്നു ടോപ് സ്റ്റേഷനിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഡാം കാണുവാൻ ചെറിയൊരു ഡ്രൈവിന്‍റെ ആവശ്യമേയുള്ളൂ. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട് അഥവാ ആർച്ച് ഡാം ആണ് കുണ്ടള അണക്കെട്ട്. 1946 ലാണ് ഇത് നിർമ്മിക്കുന്നത്. സേതു പാർവ്വതി ഡാം എന്നും ഇത് വിളിക്കപ്പെടുന്നു.
PC:RanjithSiji
മനോഹരമായ കാഴ്ചകൾ
ചുറ്റിലും പച്ചപ്പും മരങ്ങളും നിറഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. . സമുദ്രനിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണ് കുണ്ടള ഡാം ഉള്ളത്. എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാമെങ്കിലും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഏറ്റവും അനുയോജ്യം. പൂവിട്ടു നിൽക്കുന്ന ചെടികളും മരങ്ങളുമാണ് ഈ സമയത്തെ ആകർഷണം. പൊള്ളുന്ന ചൂട് ഇല്ല എന്നതും ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു.
PC:Cegramprasad
മൂന്നാര്‍-കുണ്ടള ഡാം
മൂന്നാറിൽ നിന്നും വളരെ എളുപ്പത്തിൽ ഇവിടേക്ക് വരാം. മൂന്നാറിൽ നിന്ന് ടോപ്പ് സ്റ്റേഷനിലേക്കുള്ള റോഡിലൂടെ 25 കിലോമീറ്റർ യാത്ര മതി ഇവിടെയെത്തുവാൻ. ആദ്യം മാട്ടുപ്പെട്ടി കണ്ട ശേഷം ഇവിടേക്ക് വരുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്.
PC:Liji Jinaraj
ആനയിറങ്കൽ അണക്കെട്ട്
മൂന്നാർ യാത്രയിലെ അതിമനോഹരമായ കാഴ്ചയാണ് ആനയിറങ്കൽ ഡാം നല്കുന്നത്. പച്ചപ്പു നിറഞ്ഞു കിടക്കുന്ന തേടിലത്തോട്ടങ്ങൾക്കു നടുവിലെ നീലക്കുളം പോലെയാണ് ഇതിന്റെ കിടപ്പ്. ഏഷ്യയിലെ ആദ്യത്തെ എർത്ത് ഡാം കൂടിയാണിത്. ബോട്ട് യാത്രയ്ക്കും ഇവിടെ സൗകര്യമുണ്ട്.
PC:Avin CP/Unsplash
ആനയിറങ്ങുന്ന ഇടം
ഒരു വശത്ത് ടാറ്റയുടെ തേയിലത്തോട്ടങ്ങൾ,മറുവശത്ത് വനങ്ങള്‍-ഇതിനു രണ്ടിനും നടുവിലായാണ് ആനയിറങ്കൽ ഡാം ഉള്ളത്. അതുകൊണ്ടുതന്നെ ദൂരെ നിന്നുതന്നെ ഇതിന്റെ കാഴ്ചകൾ വളരെ രസകരമായി കാണാം. കാടുകളിൽ നിന്നിറങ്ങുന്ന ആനകൾ സ്ഥിരമായി വെള്ളം കുടിക്കുവാൻ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇറങ്ങാറുണ്ടത്രെ. ആ അർത്ഥത്തിലാണ് ഇതിനെ ആനയിറങ്കൽ ഡാം എന്നു വിളിക്കുന്നത്. പച്ചപ്പും കാടും ചേർന്നു നിൽക്കുന്ന കാഴ്ചകളുമായി മഴക്കാലങ്ങളിലാണ് ഇവിടം ഏറ്റവും ഭംഗിയായിട്ടുള്ളത്.
മൂന്നാർ-ആനയിറങ്കൽ ഡാം
മൂന്നാറിൽ നിന്നും 22 കിലോമീറ്റർ അകലെയായാണ് ആനയിറങ്കൽ ഡാം സ്ഥിതി ചെയ്യുന്നത്. ചിന്നക്കനാൽ , ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. മൂന്നാർ -കുമളി പാതയിലൂടെ 22 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. മൂന്നാറിൽ നിന്നും പൂപ്പാറ-തേക്കടി ദിശയിലേക്കാണ് സഞ്ചരിക്കേണ്ടത്.