മൂന്നു നദികളുടെ സംഗമസ്ഥാനം
മൂന്നാർ എന്ന സ്ഥലപ്പേരിൽ തന്നെയുണ്ട് മൂന്നാറിന്റെ തുടക്കം. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ നദികളുടെ സംഗമസ്ഥാനമായതുകൊണ്ടാണ് ഇവിടം മൂന്നാർ എന്നറിയപ്പെടുന്നതത്രെ. ആറ് എന്നാൽ നദി എന്നും അർഥമുണ്ട്.
PC:Kerala Tourism
ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സിസ്റ്റം
ഇന്നും പണ്ടുകാലത്തുള്ളവർ പറഞ്ഞു കേൾക്കുന്ന പ്രധാന സംഗതികളിലൊന്നാണ് മൂന്നാറിലെ റെയിൽവേ. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സിസ്റ്റം നിലവിൽ വന്നത് നമ്മുടെ മൂന്നാറിലായിരുന്നുവത്രെ. 1909 മുതൽ 1924വരെ ഉണ്ടായിരുന്ന റെയിൽവേ മൂന്നാർ റെയിൽവേ അഥവാ കുണ്ടള വാലി റെയിൽവേ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഇതിനെ നാരോഗേജ് ആക്കി മാറ്റിയെങ്കിലും തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തിൽ തകരുകയായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും മൂന്നാറിന്‍റെ പലഭാഗങ്ങളിലായി കാണുവാൻ സാധിക്കും.
PC:wikipedia
ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കുവാൻ വന്ന ബ്രിട്ടീഷുകാർ
1790 ലാണ് ബ്രിട്ടീഷുകാർ ആദ്യമായി മൂന്നാറിലെത്തുന്നത്. ടിപ്പുവിന്‌റെ പടയോട്ടത്തെ ചെറുക്കുക എന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു ഇവർക്കുണ്ടായിരുന്നത്. എന്നാൽ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് ബ്രിട്ടീഷുകാർ തന്നെയാണ് ഇവിടെ തേയിലത്തോട്ടങ്ങൾ വ്യാപിച്ച് ഒരു വ്യവസായത്തിന് വഴിയൊരുക്കിയത്.
PC:Kerala Tourism
ബ്രിട്ടീഷുകാരുടെ റിസോർട്ട്
സമതല ഭൂമിയിൽ നിന്നും ഹൈറേഞ്ചിലെത്തിയ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടമായിരുന്നു മൂന്നാർ. ചൂടുകാലങ്ങളിൽ അവർ ഇവിടെ എത്തിയായിരുന്നു താമസിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ റിസോർട്ട് എന്നായിരുന്നു കാലങ്ങളോളം ഇവിടം അറിയപ്പെട്ടിരുന്നത്.
PC:Rrjanbiah
തെക്കിൻറെ കാശ്മീർ
കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതി കൊണ്ടും തെക്കിൻറെ കാശ്മീർ എന്നാണ് മൂന്നാർ അറിയപ്പെടുന്നത്. 9 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലാണെങ്കിലും ചില സമയങ്ങളിൽ മൈനസിലേക്കും താപനില താഴാറുണ്ട്. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലകളും തേയിലത്തോട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച.
PC:Bimal K C
നീലക്കുറിഞ്ഞിയുടെ നാട്
12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ നാട് എന്ന പേരിലാണ് ലോക ഭൂപടത്തിൽ മൂന്നാറിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് 12 വർഷത്തിനു ശേഷം നീലക്കുറിഞ്ഞി പൂവിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഇതു കാണാനായി മാത്രം ഇവിടെ എത്തിയിരുന്നു.1 2 വർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂവിടുക. അതനുസരിച്ച് അടുത്തത് 2010 ലാണ് സംഭവിക്കുക. തുടർന്ന് 2042, 2054 തുടങ്ങിയ വർഷങ്ങളിലും നീലക്കുറിഞ്ഞി പൂവിടും.
PC:keralatourism
5200 അടി ഉയരത്തിൽ
സമുദ്രനിരപ്പിൽ നിന്നും 5200 അടി അഥവാ 1600 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതി ചെയ്യുന്നത്. അത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ വളരെ തണുപ്പു കൂടിയ കാലാവസ്ഥയാണ് ഇവിടെയുള്ളത്.
PC:George1603
ഹണിമൂണുകാരുടെ സ്വർഗ്ഗം
ഇന്ത്യയിലെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനുകളിലൊന്നായി അറിയപ്പെടുന്ന സ്ഥലമാണ് മൂന്നാർ. തണുപ്പു നിറഞ്ഞ കാലാവസ്ഥയും സന്ദർശിക്കുവാനുള്ള സ്ഥലങ്ങളും ഇവിടേക്കുള്ള മനോഹരമായ യാത്രയും ഒക്കെ മൂന്നാറിനെ ഹണിമൂണേഴ്സിന്റെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.
PC:Jaseem Hamza
നാലു ദിക്കിലേക്കും
മൂന്നാറിൽ നിന്നും എവിടേക്ക് തിരിഞ്ഞാലും പോകുവാൻ ധാരാളം ഇടങ്ങളുണ്ട്. മാട്ടുപെട്ടി, തേക്കടി, അടിമാലി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും തിരിഞ്ഞു പോകാം,
PC:Aruna
ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ ലിസ്റ്റിൽ എന്നും ഉൾപ്പെടുന്ന സ്ഥലമാണ് മൂന്നാർ.
PC:Abbyabraham
തേയിലയുടെ നാട്
ലോകത്തിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ തേയില വ്യവസായം നടക്കുന്ന നാടുകളില്‍ ഒന്നായാണ് മൂന്നാർ അറിയപ്പെടുന്നത്. നൂറ്റാണ്ടിനു മുന്നേ തന്നെ ഇവിടെ തേയില വ്യവസായം ആരംഭിച്ചിരുന്നതിനു തെളിവുകളുണ്ട്. ലോകത്തിൽ ഏറ്റവും ഉയരത്തില്‍ വളരുന്ന തേയിലത്തോട്ടവും ഇവിടെ തന്നെയാണുള്ളത്.