നോക്രെക് ദേശീയോദ്യാനത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഗാരോ ഹില്‍സിലെ ചെറു ഗ്രാമമാണ് ഡരിബോക്ഗ്രി. കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ഗ്രാമ വാസികള്‍ വരുമാനത്തിനായി ഗ്രാമീണ വിനോദ സഞ്ചാരത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഡാരിബോക്ഗ്രി ഇതിനുദാഹരണമാണ്. ഗ്രാമീണ ജനജീവിതം തന്നെയാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. നോക്രെക് ദേശയോദ്യാനവും നോക്രെക് കൊടുമുടിയും കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഗ്രാമീണ സമൂഹം അതിഥികള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.200-400 രൂപയ്ക്ക് കുടിലുകളും ട്രീ ഹൗസുകളും വാടകയ്ക്ക് എടുക്കാം. എല്ലാ സൗകര്യങ്ങളോടും കൂടി ലളിതമായി തടിയില്‍ തീര്‍ത്തതാണ് വീടുകള്‍. സന്ദര്‍ശകരുടെ ആവശ്യം അനുസരിച്ച് സ്വാദിഷ്ഠമായ ഗാരോ വിഭവങ്ങള്‍ ലഭ്യമാക്കും. പ്രകൃതി നടത്തം, പക്ഷി നിരീക്ഷണം, ട്രക്കിങ് എന്നിവയിലെല്ലാം ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ടൂറിയില് നിന്നും ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്ത് ഡാരിബോക്ഗ്രിയില് എത്താം.