വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

അഗര്‍ത്തല - കൊട്ടാരങ്ങളുടെ നാട്

വടക്ക്‌ കിഴക്കന്‍ മേഖലയില്‍ ഗുവാഹത്തി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരം ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയാണ്‌. വിസ്‌തീര്‍ണത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തില്‍ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം എന്ന ഖ്യാതിയും അഗര്‍ത്തലയ്‌ക്കുണ്ട്‌. ബംഗ്‌ളാദേശില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന അഗര്‍ത്തല ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയാണ്‌. പശ്ചിമ ത്രിപുരയില്‍ സ്ഥിതി ചെയ്യുന്ന അഗര്‍ത്തലയിലൂടെ ഹൗറാ നദി ഒഴുകുന്നു. ഉല്ലാസവും സാഹസികതയും സംസ്‌കാരവും ഒന്നിക്കുന്ന ഈ നഗരം സസ്യ-ജന്തുജാലങ്ങളാല്‍ സമ്പന്നമാണ്‌. അഗര്‍ത്തലയെ വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നതില്‍ ഇവയെല്ലാം അതിന്റേതായ പങ്ക്‌ വഹിക്കുന്നുണ്ട്‌.

അഗര്‍ത്തല ചിത്രങ്ങള്‍, നീര്‍മഹല്‍
Image source: commons.wikimedia.org
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ

ഭൂമിശാസ്‌ത്രപരമായും മേഖലയിലെ മറ്റു സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ അഗര്‍ത്തല. മറ്റു തലസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ബംഗ്‌ളാദേശിലേക്ക്‌ നീളുന്ന ഗംഗാ-ബ്രഹ്മപുത്ര സമതലത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്താണ്‌ അഗര്‍ത്തല സ്ഥിതി ചെയ്യുന്നത്‌. നിബിഡ വനങ്ങള്‍ അഗര്‍ത്തലയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയും ഇവിടേയ്‌ക്ക്‌ വിനോദസഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു.

ഒരു സംസ്ഥാന തലസ്ഥാനമാണെങ്കിലും അതിന്റെ തിരക്കും ബഹളങ്ങളുമൊന്നും അഗര്‍ത്തലയില്‍ കാണാനാകില്ല. ഇവിടുത്തെ ശാന്ത സുന്ദരമായ അന്തരീക്ഷം സഞ്ചാരികള്‍ക്ക്‌ മികച്ച അവധിക്കാല അനുഭവമായിരിക്കും പ്രദാനം ചെയ്യുക. ഒപ്പം സംസ്‌കാരത്തിന്റെയും പ്രകൃതിയുടെയും മടത്തട്ടില്‍ ഒരു അവധിക്കാലം ചെലവഴിക്കാനുള്ള അവസരവും.അഗര്‍ത്തലയുടെ ചരിത്രത്തിലൂടെ

മാണിക്യ വംശത്തിലെ രാജാവായിരുന്ന കൃഷ്‌ണ മാണിക്യ 19-ാം നൂറ്റാണ്ടില്‍ തന്റെ തലസ്ഥാനം തെക്കന്‍ ത്രിപുരയിലെ ഉദയ്‌പൂരിലെ രംഗമാതിയില്‍ നിന്ന്‌ ഇന്നത്തെ അഗര്‍ത്തലയിലേക്ക്‌ മാറ്റിയതോടെയാണ്‌ അഗര്‍ത്തല പ്രശസ്‌തിയിലേക്ക്‌ ഉയരുന്നത്‌. കുക്കികളുടെ നിരന്തരമായ ആക്രമണം വലിയൊരു പ്രശ്‌നമായതോടെയാണ്‌ തലസ്ഥാനം മാറ്റാന്‍ രാജാവ്‌ തീരുമാനിച്ചത്‌. ബ്രിട്ടീഷ്‌ ബംഗാളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും തലസ്ഥാന മാറ്റത്തിന്‌ പിന്നിലുണ്ടായിരുന്നു. 1940ല്‍ അന്നത്തെ രാജാവായിരുന്ന ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹദൂറാണ്‌ നഗരത്തെ ഇന്ന്‌ കാണുന്ന രീതിയില്‍ രൂപപ്പെടുത്തിയത്‌. ഇതോടെ റോഡുകള്‍, വിപണന മന്ദിരങ്ങള്‍, മുനിസിപ്പാലിറ്റി എന്നിവ നഗരത്തിന്റെ ഭാഗമായി. അദ്ദേഹം നഗരത്തിന്‌ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത്‌ അഗര്‍ത്തല, ബിര്‍ ബിക്രം മാണിക്യ ബഹദൂറിന്റെ നഗരം എന്നും അറിയപ്പെടുന്നു.

ഒരു രാജവംശത്തിന്റെ തലസ്ഥാനമായതിനാലും ബംഗ്‌ളാദേശുമായള്ള സാമീപ്യം കൊണ്ടും നിരവധി പ്രമുഖര്‍ക്ക്‌ ആതിഥ്യമരുളാന്‍ അഗര്‍ത്തലയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. രബീന്ദ്രനാഥ്‌ ടാഗോര്‍ നിരവധി തവണ അഗര്‍ത്തല സന്ദര്‍ശിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്‌ ത്രിപുര രാജാക്കന്മാരുമായി അടുത്ത ബന്ധമുള്ളതായും വിശ്വസിക്കപ്പെടുന്നു.

അഗര്‍ത്തലയിലും പരിസരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

അഗര്‍ത്തലയിലും പരിസരങ്ങളിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്‌. പാരമ്പര്യത്തിന്റെ തനിമ കൈവിടാതെ ആധുനികതയെ പുല്‍കിയ അപൂര്‍വ്വം ചില വടക്ക്‌ കിഴക്കന്‍ നഗരങ്ങളില്‍ ഒന്നാണ്‌ അഗര്‍ത്തല. ഇവിടെ നിരവധി കൊട്ടാരങ്ങളും രാജഭരണകാലത്തെ തോട്ടങ്ങളും കാണാം. രാജഭരണകാലത്ത്‌ നിര്‍മ്മിച്ച കെട്ടിടങ്ങളോടൊപ്പം ആധുനിക മന്ദിരങ്ങളും ഇവിടെ തോളുരുമ്മി നില്‍ക്കുന്നു. അഗര്‍ത്തലയിലെത്തുന്ന സഞ്ചാരികള്‍ ഇനി പറയുന്നവ തീര്‍ച്ചയായും സന്ദര്‍ശിക്കണം.

ഉജ്ജയാന്ത കൊട്ടാരം: അഗര്‍ത്തലയിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മന്ദിരമാണ്‌ ഉജ്ജയാന്ത കൊട്ടാരം. രാധാ കിഷോര്‍ മാണിക്യ രാജാവാണ്‌ ഈ കൊട്ടാരം നിര്‍മ്മിച്ചത്‌. 1901ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ കൊട്ടാരത്തില്‍ ഇപ്പോള്‍ സംസ്ഥാന നിയമസഭയാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

നീര്‍മഹല്‍: നഗരത്തില്‍ നിന്ന്‌ 53 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ കൊട്ടാരമാണ്‌ നീര്‍മഹല്‍. ബിര്‍ ബിക്രം കിഷോര്‍ മാണിക്യ രാജാവാണ്‌ നീര്‍മഹല്‍ നിര്‍മ്മിച്ചത്‌. രുദ്രാസാഗര്‍ തടാകത്തിന്‌ നടുക്ക്‌ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം രാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്നു. ഹിന്ദു-മുസ്‌ളിം നിര്‍മ്മാണശൈലികളുടെ സമ്മേളനം കൊണ്ടും നീര്‍മഹല്‍ പ്രശസ്‌തമാണ്‌.

ജഗന്നാഥ ക്ഷേത്രം: അഗര്‍ത്തലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നായ ജഗന്നാഥ ക്ഷേത്രം ഒരു ശില്‍പ്പ വിസ്‌മയം കൂടിയാണ്‌. അഷ്ടകോണ്‍ ആകൃതിയിലുള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിന്‌ ചുറ്റിലുമായി മനോഹരമായ ഒരു പ്രദക്ഷിണ പാതയും ഉണ്ട്‌.

മഹാരാജാ ബിര്‍ ബിക്രം കോളേജ്‌: ബിര്‍ ബിക്രം രാജാവ്‌ സ്ഥാപിച്ച കലാലയമാണിത്‌. തന്റെ രാജ്യത്തിലെ യുവാക്കള്‍ക്ക്‌ മികച്ച ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ അദ്ദേഹം ഇത്‌ സ്ഥാപിച്ചത്‌. 1947ല്‍ ആണ്‌ ഈ കോളേജ്‌ സ്ഥാപിതമായത്‌.

ലക്ഷ്‌മീനാരായണ്‍ ക്ഷേത്രം: അഗര്‍ത്തലയിലെ പ്രശസ്‌തമായ മറ്റൊരു ആരാധാനാലയമാണ്‌ ലക്ഷ്‌മീനാരായണ്‍ ക്ഷേത്രം. വിശ്വാസികളും വിനോദസഞ്ചാരികളും ഒരുപോലെ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട്‌. കൃഷ്‌ണാനന്ദ സേവയെത്ത്‌ ആണ്‌ ഈ ക്ഷേത്രം സ്ഥാപിച്ചത്‌.

രബീന്ദ്ര കാനന്‍: രാജ്‌ഭവന്‌ സമീപം സ്ഥിതി ചെയ്യുന്ന രബീന്ദ്ര കാനന്‍ ചെടികളും പൂക്കളും നിറഞ്ഞ വിശാലമായ ഒരു പൂന്തോട്ടമാണ്‌. എല്ലാ പ്രായത്തിലുള്ള ആള്‍ക്കാരും ഇവിടെ എത്തുന്നുണ്ട്‌. രബീന്ദ്ര കാനന്‍ മികച്ച ഒരു ഉല്ലാസകേന്ദ്രമാണ്‌. ചിലര്‍ കളിക്കാനായാണ്‌ ഇവിടെ എത്തുന്നത്‌. മറ്റു ചിലരാകട്ടെ അല്‍പ്പസമയം ചെലവഴിക്കാനും.

അഗര്‍ത്തല ഒരു ആധുനിക നഗരമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇവിടെ ലഭിക്കും. മികച്ച ആഹാരം മുതല്‍ ചെലവ്‌ കുറഞ്ഞ താമസസൗകര്യം വരെ ഇവിടെ അനായാസം കണ്ടെത്താനാകും. ഇവിടുത്തെ ഭക്ഷണശാലകളില്‍ നിന്ന്‌ കോണ്ടിനെന്റല്‍, ചൈനീസ്‌ ഭക്ഷണങ്ങളും ഇന്ത്യന്‍ വിഭവങ്ങളും മിതമായ നിരക്കില്‍ ആസ്വദിക്കാനാകും. ഇവിടുത്തെ ഹോട്ടലുകളും മിതമായ നിരക്കില്‍ താമസസൗകര്യം ഒരുക്കുന്നുണ്ട്‌. മിക്ക ഹോട്ടലുകളിലും അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ലഭിക്കുകയും ചെയ്യും.

വടക്കുകിഴക്കന്‍ മേഖലയിലെ ഒരു വാണിജ്യകേന്ദ്രമായും അഗര്‍ത്തല മാറി കൊണ്ടിരിക്കുകയാണ്‌. അരി, എണ്ണക്കുരുക്കള്‍, തേയില, ചണം എന്നിവയാണ്‌ ഇവിടുത്തെ പ്രധാന വിപണന വസ്‌തുക്കള്‍. ചില വിപണകേന്ദ്രങ്ങളും നഗരത്തിലുണ്ട്‌. സഞ്ചാരികള്‍ വിപണനകേന്ദ്രങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കണം. നേരത്തേ പറഞ്ഞ ഉത്‌പന്നങ്ങള്‍ക്ക്‌ പുറമെ കരകൗശല വസ്‌തുക്കളും കമ്പിളി വസ്‌ത്രങ്ങളും ഈ വിപണികളില്‍ നിന്ന്‌ വാങ്ങാന്‍ കഴിയും.

English Summary :
For the north eastern region, after Guwahati, if there is one important city it is Agartala, the capital of Tripura. Agartala is the second largest city of the region on the basis on of the municipal area and population. Located just 2 kilometres from Bangladesh, Agartala is also a cultural hub. Agartala is located in western Tripura, and the Haroa River crosses the city.
Please Wait while comments are loading...