അഗര്‍ത്തലയെ തങ്ങളുടെ തലസ്ഥാനമാക്കാന്‍ തീരുമാനിച്ച മാണിക്യ രാജാക്കന്മാര്‍ നഗരത്തെ മനോഹരമാക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഇതിന്റെ ഭാഗമായാണ് ദിഖി തടാകക്കരയില്‍ ജഗന്നാഥ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിക്കുന്നതിനുള്ള ജഗന്നാഥ വിഗ്രഹം അല്ലെങ്കില്‍ നീലമാധവ വിഗ്രഹം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ക്ഷേത്രം ഇന്നൊരു ദേശീയ പൈതൃക മന്ദിരമാണ്. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ ഇസ്‌ളാമിക് നിര്‍മ്മാണശൈലിയുടെ സ്വാധീനം കാണാം. ആര്‍ച്ച് രൂപത്തിലുള്ള മേല്‍ക്കൂരയും താഴികക്കുടവും ക്ഷേത്രത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. അഷ്ടഭുജാകൃതിയിലുള്ള തറയില്‍ നിന്ന് കെട്ടിയുയര്‍ത്തിരിക്കുന്ന നാലു നിലകളുള്ള ഗോപുരം ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. ഓറഞ്ച് നിറത്തിലുള്ള ഈ ഗോപുരം ശിഖാരാ എന്നാണ് അറിയപ്പെടുന്നത്.
ഹേമദ്‌പാന്തി, അറബിക് ശൈലികള്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ ശൈലിയില്‍ പ്രതിഫലിക്കുന്നുണ്ട്. പക്ഷെ ക്ഷേത്രത്തിനകത്ത് ഹൈന്ദവ വിശ്വാസം അന്തരീക്ഷം തന്നെയാണുള്ളത്. തൂണുകളിലും ഭിത്തികളിലും ചിത്രീകരിച്ചിരിക്കുന്ന ശ്രീകൃഷ്‌ണ കഥകള്‍ ക്ഷേത്രത്തിനകത്തെ അന്തരീക്ഷം ഭക്തിമയമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.



Click it and Unblock the Notifications