ചൂണ്ടയിടല്‍ ചിലര്‍ക്കെല്ലാം ഹരമാണ്. നഗരത്തിലും മറ്റും കഴിയുന്നവര്ക്കാണെങ്കല് ചൂണ്ടയിടലെന്നത് ഇന്നത്തെക്കാലത്ത് ഒരു സ്വപ്നം മാത്രമായിരിക്കും. വെറുതേ ഒരു മുളന്തണ്ടിന്റെ അറ്റത്ത് കൊരുത്ത ചൂണ്ടയില്‍ മണ്ണിരയെക്കൊളുത്തി ഒരു അനക്കത്തിന് വേണ്ടി കാത്തിരിക്കാനുള്ള ഇഷ്ടം ഇപ്പോഴും നിങ്ങള്ക്കുള്ളിലുണ്ടെങ്കില് വല്നൂരിലേയ്ക്ക് പോകാം. ചൂണ്ടയിടാനല്ല, അത് കണ്ടാസ്വദിക്കാന്‍ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. കര്‍ണാടകത്തിലെ ഏറ്റവും മനോഹരമായ മീന്പിടുത്തകേന്ദ്രങ്ങളില് ഒന്നാണ് വല്‍നൂര്‍ ഫിഷിങ് ക്യാംപ്.
ശാന്തമായിക്കിടക്കുന്ന കാവേരിയുടെ കൈവഴികളിലാണ് ഈ ചൂണ്ടയിടല്‍ ടൂറിസം നടക്കുന്നത്. പലതരം മീനുകളുണ്ട് ഇവിടെ. മഷീര്‍, മാരല്സ് തുടങ്ങിയ തരം മത്സ്യങ്ങളാണ് ഇവിടെ ഏറെയുമുള്ളത്. മഷീര്‍ ഫിഷിങ് ക്യാംപും കാവേരി നദിയിലേയ്ക്കുള്ള ഇക്കോ ടൂറുകളുമെല്ലാം വല്നൂരിലാണ് തുടങ്ങുന്നത്. ഒട്ടേറെ ടൂര്‍ സ്ഥാപനങ്ങളുണ്ട് ഇവിടെ. കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റി അനുവദിക്കുന്ന സ്ഥിര ഫിഷിങ് ലൈസന്‍സ് ഉള്ളവര്‍ക്കാണ് ഇവിടെ മീന്‍പിടിക്കാന്‍ അവസരമുള്ളത്.