ബാഹുബലിയും മഞ്ജുനാഥനുമുള്ള ധര്‍മ്മസ്ഥല

ധര്‍മ്മസ്ഥലയെന്ന പേരുതന്നെ ഭക്തിയെന്ന വാക്കിന്റെ മറ്റൊരു വാക്കുപോലെയാണ്. കര്‍ണാടകത്തിലെ നേത്രാവതി നദിയുടെ കരയിലാണ് ധര്‍മ്മസ്ഥല. ഭക്തിനിറഞ്ഞ അന്തരീക്ഷം മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ചരിത്രാന്വേഷികളുടെ ഇഷ്ടപ്പെട്ട സ്ഥലംകൂടിയാണ് പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം. മനോഹരമായ മഞ്ജുനാഥേശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രം. സ്വര്‍ണത്തില്‍ തീര്‍ത്ത ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ, ഇതിന്റെ പേരില്‍ത്തന്നെയാണ് ക്ഷേത്രം പ്രശസ്തമായി മാറിയതും.

ഇന്ത്യയിലെ പ്രമുഖ ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഒട്ടേറെയാളുകള്‍ ദിനംപ്രതി ദേവദര്‍ശനത്തിനായി ഇവിടെയെത്തുന്നു. മഞ്ജുനാഥസ്വാമിയ്ക്കുമുന്നില്‍ സത്യം ചെയ്യുന്നത് പണ്ടുകാലത്ത് പതിവായ ഒരു രീതിയായിരുന്നു. കള്ളസത്യമിട്ടാല്‍ അത് ചെയ്യുന്നയാള്‍ക്ക് വലിയപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. അതുപോലെതന്നെ ചില പ്രത്യേക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ധര്‍മ്മശാലയിലെത്തി പ്രാര്‍ത്ഥിക്കുന്നവരുമുണ്ട്.

കര്‍ണാടകത്തിലെ രാഷ്ട്രീയ വടംവലികള്‍ ഒരിക്കല്‍ മഞ്ജുനാഥക്ഷേത്രംവരെ എത്തിയിരുന്നു. ബിഎസ് യെഡ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നകാലത്ത് അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച മുന്‍മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും തമ്മിലുള്ള തര്‍ക്കമാണ് മഞ്ജുനാഥന്റെ സന്നിധിയെത്തിയത്. ഇതിനെത്തുടര്‍ന്ന് ഈ ക്ഷേത്രം. മഞ്ജുനാഥസ്വാമിയ്ക്ക് മുന്നില്‍വച്ച് അഴിമതിയാരോപണം ഉന്നയിക്കാന്‍ യെഡ്യൂരപ്പ കുമാരസ്വാമിയെ വെല്ലുവിളിയ്ക്കുകയായിരുന്നു. ഈ സംഭവം വലിയ വാര്‍ത്തയായി മാറിയിരുന്നു.

ക്ഷേത്രങ്ങളുടെയും ബസ്തികളുടെയും ധര്‍മസ്ഥല

ധര്‍മ്മസ്ഥലയിലെ ക്ഷേത്രങ്ങളും ബസ്തികളുംസാമുദായിക സഹവര്‍ത്തിത്വത്തിന്റെകാര്യത്തില്‍ ഏത് നാടിന് മാതൃകയാക്കാവുന്നതാണ് ധര്‍മ്മസ്ഥലയിലെ കാര്യങ്ങള്‍. മഞ്ജുനാഥക്ഷേത്രം നിര്‍മ്മിതിയുടെയും പ്രതിഷ്ഠയുടെയും കാര്യത്തില്‍ മാത്രമല്ല, മറ്റൊരുകാര്യത്തിന്റെ പേരില്‍ക്കൂടി പ്രശസ്തമാണ്. ജൈനമതത്തില്‍പ്പെട്ടവരാണ് ഈ ക്ഷേത്രം നടത്തിക്കൊണ്ടുപോകുന്നത്. പൂജകളും കാര്യങ്ങളുമെല്ലാം ചെയ്യുന്നത് പൂജാരിയാണ്. ബാക്കികാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് ജൈനന്മാരാണ്.

എട്ട് ജൈന ബസ്തികള്‍, ബാഹുബലിയുടെ 11 മീറ്റര്‍ നീളമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത പ്രതിമ തുടങ്ങി പല ആകര്‍ഷണഘടകങ്ങളുമുണ്ട് ധര്‍മ്മസ്ഥലയില്‍. ഇതുമാത്രമല്ല ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള സ്ഥലംകൂടിയാണിത്. ധര്‍മ്മസ്ഥലയില്‍ പുരാതനകാലം മുതലുള്ള ഒട്ടേറെ ലിഖിതങ്ങളും മറ്റും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം ധര്‍മ്മസ്ഥലയില്‍ത്തന്നെയുള്ള ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇവിടെ ഒരു പ്രത്യേക കാര്‍ മ്യൂസിയവുമുണ്ട്. വിന്റേജ് കാറുകളെ ശേഖരമുള്ള ഇവിടം കാര്‍ പ്രണയികളുടെ ഒരു പ്രധാന സന്ദര്‍ശനകേന്ദ്രമാണ്.

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 300 കിലോമീറ്ററുണ്ട് ധര്‍മ്മസ്ഥലയിലേയ്ക്ക്. ഉഡുപ്പിയില്‍ നിന്നും 100 കിലോമീറ്ററും മംഗലാപുരത്തുനിന്നും 76 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. എല്ലാഭാഗത്തുനിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. ധര്‍മ്മസ്ഥലയിലേയ്ക്ക് ടൂര്‍പാക്കേജുകളും മറ്റും നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. റോഡുമാര്‍ഗമാണെങ്കില്‍ ബാംഗ്ലൂരില്‍ നിന്നും 6 മണിക്കൂര്‍ മതി ധര്‍മ്മസ്ഥലയിലെത്താന്‍.

Please Wait while comments are loading...