ദൊഡ്ഡമക്കലി: വ്യത്യസ്തമായ കാനനക്കാഴ്ച

നാഗരികത തൊട്ടുതീണ്ടാത്ത മനോഹരമായ ഒരു പ്രകൃതിദൃശ്യമാണ് ദൊഡ്ഡമക്കലി.  കാവേരി ഫിഷിംഗ് ക്യാപിന് സമീപത്തായുള്ള ദൊഡ്ഡമക്കലിയുടെ വന്യസൗന്ദര്യം നുകരാന്‍ ഭീമേശ്വരിയില്‍ നിന്നും ആറ് കിലോമീറ്റര്‍ യാത്രചെയ്താല്‍ മതി. നഗരത്തില്‍ വളര്‍ന്നു ശീലിച്ചവര്‍ക്ക് ദുര്‍ഘടവും പ്രാകൃതവുമായിത്തോന്നാനിടയുണ്ട് ഇവിടത്തെ കാഴ്ചകളും വഴികളും. ബാംഗ്ലൂരില്‍ നിന്നും 132 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഭീമേശ്വരി, ഗാലിബോര്‍, ദൊഡ്ഡമക്കലി എന്നിങ്ങനെയുള്ള മൂന്ന് ക്യാംപുകള്‍ ചേര്‍ന്നാണ് കാവേരി ഫിഷിംഗ് ക്യാംപ് എന്ന് അറിയപ്പെടുന്നത്. ഇതില്‍ ഭീമേശ്വരി, ഗാലിബോര്‍ ഫിഷിംഗ് ക്യാംപുകള്‍ മാത്രമാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്.

വിവിധ തരത്തില്‍പ്പെട്ട പക്ഷിമൃഗാദികളെ ഇവിടെ കാണാം. പക്ഷിനിരീക്ഷകര്‍ക്ക് വളരെയധികം കാഴ്ചകള്‍ കാണാനുള്ള ഒരിടമാണ് ദൊഡ്ഡമക്കലി. തേനീച്ചകളുടെ മൂളക്കം മുതല്‍ വ്യത്യസ്തയിനത്തില്‍പ്പെട്ട കഴുകന്മാരും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു, കുയില്‍, പൊന്മാന്‍, താറാവ്, മരംകൊത്തി എന്നിങ്ങനെ പോകുന്നു ദൊഡ്ഡമക്കലിയിലെ പക്ഷിവര്‍ഗ്ഗത്തില്‍പ്പെട്ട അന്തേവാസികളുടെ നിര. കാട്ടുപന്നി, ഓന്ത്, പുള്ളിപ്പുലി, മാന്‍, അണ്ണാന്‍, ആമ, മുതല എന്നിവയുടെ വാസസ്ഥലമാണ് ഡൊഡ്ഡമക്കലി കാടുകള്‍. പെരുമ്പാമ്പ്, അണലി, രാജവെമ്പാല, ചുരുട്ട തുടങ്ങിയ അപകടകാരികളായ ഇഴജന്തുക്കളെയും ഇവിടെ കാണാം.

എന്തുകൊണ്ട് സഞ്ചാരികള്‍ ദൊഡ്ഡമക്കലിയിലേക്ക്

മഹാശീര്‍ മീനുകളെ പിടിക്കാന്‍ സാധിക്കുമെന്നതാണ് കാവേരി ഫിഷിംഗ് ക്യാംപിന്റെ ഭാഗമായ ദൊഡ്ഡമക്കലിയുടെയും പ്രത്യേകത. അപൂര്‍വ്വ ഇനമായ ഇവയെ പിടിച്ചയുടന്‍ വെള്ളത്തിലേക്ക് തിരികെ വിടുകയാണ് പതിവ്. മഹാശീര്‍ മീനുകള്‍ക്കൊപ്പം കരമീന്‍, കാറ്റ്ഫിഷ് തുടങ്ങിയവയെയും ധാരാളം ചെറുമീനുകളെയും ഇവിടെ കാണാം. സഹായത്തിനായി ഗൈഡുമാര്‍ ഉള്ളതിനാല്‍ തുടക്കക്കാര്‍ക്ക് പോലും ഇവിടെ ഫിഷിംഗിലേര്‍പ്പെടാന്‍ എളുപ്പമാണ്. ബാംഗ്ലൂരില്‍ നിന്നും ഏകദേശം മൂന്ന് മണിക്കൂര്‍ കൊണ്ട് ദൊഡ്ഡമക്കലിയിലെത്താം. ജൂലൈ, ആഗസ്ത്  മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ കൂടുതലും സഞ്ചാരികളെത്തുക. പച്ച പുതച്ച് നില്‍ക്കുന്ന ദൊഡ്ഡമക്കലിയെ കാണാനായി മഴക്കാലം കഴിഞ്ഞയുടനെയാണ്

സാഹസികരുടെ പ്രിയകേന്ദ്രം

അഡ്വഞ്ചര്‍ ടൂറിസത്തിനും പേരുകേട്ട സ്ഥലമാണ് ദൊഡ്ഡമക്കലി. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ചങ്ങാടത്തിലും കൊട്ടവള്ളത്തിലും കാവേരി നദി ചൂറ്റിക്കറങ്ങാം. കനോയിംഗ് കയാക്കിംഗ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. മൗണ്ടന്‍ ബൈക്കിംഗ്, ട്രക്കിംഗ് എന്നിവയും ദൊഡ്ഡമക്കലിയില്‍ സാധാരണയാണ്.  പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഭീമേശ്വരി ഫിഷിംഗ് ക്യാംപ്, മേക്കേദാടു, ശിവനസമുദ്രം, സംഗം, ശിംശ വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവ ദൊഡ്ഡമക്കലിയില്‍ നിന്നും ഏറെ അകലത്തല്ല. നിരവധി കോര്‍പ്പറേറ്റ് കമ്പനികള്‍ ഓഫ് സൈറ്റ്, ഔട്ട് ഡോര്‍ ആക്ടിവിറ്റീസിനായി ദൊഡ്ഡമക്കലിയിലെത്തുന്നു. ട്രെയിനിംഗ് ക്യാംപ്, ടീം ആക്ടിവിറ്റീസ്  പോലുള്ള കാര്യങ്ങള്‍ക്കായും നിരവധി പേര്‍ ഇവിടെത്തുന്നുണ്ട്. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ദൊഡ്ഡമക്കലിയില്‍ നിരവധി പക്ഷികളെയും മൃഗങ്ങളെയും കാണാനുള്ള അവസരമുണ്ട്.

Please Wait while comments are loading...