ഈ പട്ടണത്തിലെ കീര്‍ത്തികേട്ട ക്ഷേത്രങ്ങളിലൊന്നാണ് ജഗേശ്വര മഹാദേവ ക്ഷേത്രം. തരുണ്‍ ജഗേശ്വര എന്നും ഇത് അറിയപ്പെടാറുണ്ട്. ക്ഷേത്ര കവാടത്തില്‍ ദ്വാരപാലകരായി നന്ദിയും സ്കന്ദിയും സര്‍വ്വായുധ വിഭൂഷിതരായി നിലയുറപ്പിച്ചിട്ടുണ്ട്. ഈ സമുച്ചയത്തിലെ ഏറ്റവും പ്രധാന മന്ദിരമായ ബാല്‍ ജഗേശ്വര്‍ ക്ഷേത്രത്തില്‍ ശിവന്റെ ബാല്യ രൂപമാണ് പ്രതിഷ്ടിച്ചിട്ടുള്ളത്. പടിഞ്ഞാറോട്ട് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ നില്പ്.
ശിവഭഗവാന് പണ്ടെങ്ങോ ഇവിടെ ധ്യാനത്തിനായ് വന്നിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. ഇതറിഞ്ഞ് ഗ്രാമത്തിലെ സ്ത്രീകള്‍ അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ തിരക്ക്കൂട്ടി. ഇതില്‍ കുപിതരായ അവിടത്തെ പുരുഷന്മാര് അവരുടെ സ്ത്രീകളെ മയക്കിയ ആ സന്യാസിയെ ഒന്നുകാണാനായ് ഇറങ്ങി പുറപ്പെട്ടു. ആളുകളുടെ ക്ഷോഭമടക്കാന്‍ ശിവഭഗവാന് ഒരു കുട്ടിയുടെ രൂപത്തിലേക്ക് അവസ്ഥാന്തരം ചെയ്തു എന്നാണ് പുരാണം. അന്ന് മുതല്‍ക്ക് ബാല ജഗദീശന്റെ രൂപത്തിലാണ് ഇവിടെ ശിവഭഗവാന് പൂജിക്കപ്പെടുന്നത്.
ക്ഷേത്രത്തിലെ ശിവലിംഗം ഇവിടെ രണ്ടായി കാണപ്പെടുന്നു. വലുത് ശിവഭഗവാനെയും ചെറുത് അദ്ദേഹത്തിന്റെ പത്നിയായ പാര്‍വ്വതീ ദേവിയേയും പ്രതിനിധാനം ചെയ്യുന്നു. അഖണ്ഡജ്യോതി വിശ്വാസികളെ ഏറെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. കാലങ്ങളായി ഇത് എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കരുതിപ്പോരുന്നു. ചാന്ദ് രാജാക്കന്മാരായ ദീപ് ചാന്ദിന്റെയും ത്രിപാല്‍ ചാന്ദിന്റെയും അഷ്ടലോഹത്തില് തീര്‍ത്ത രണ്ട് വിഗ്രഹങ്ങള്‍ ശിവലിംഗത്തിന് പുറകിലായി ക്ഷേത്രത്തില്‍ കാണാം.