കലര്‍പ്പില്ലാത്ത സൗന്ദര്യം കാണാന്‍ ചമ്പയില്‍  

ഹോം » സ്ഥലങ്ങൾ » ചമ്പ » ഓവര്‍വ്യൂ

വിനോദ സഞ്ചാര വ്യവസായം അധികമൊന്നും പിടിമുറക്കാത്ത ഉത്തരഖണ്ഡിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് ചമ്പ. തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചമ്പക്ക് സമുദ്രനിരപ്പില്‍ നിന്ന് 1524 മീറ്ററാണ് ഉയരം. ദേവ്ദാര്‍,പൈന്‍മരങ്ങള്‍ നിറഞ്ഞ ഈ മനോഹര മലനിരകള്‍ പ്രകൃതിയുടെ ശുദ്ധസൗന്ദര്യം ആസ്വദിക്കാന്‍ താല്‍പര്യമുള്ള സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകും നല്‍കുക. ആപ്പിള്‍,ആപ്രിക്കോട്ട് തോട്ടങ്ങളാണ് ചമ്പയില്‍ ധാരാളമുള്ളത്.

താഴ്വരകളിലും മറ്റും മനോഹരങ്ങളായ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന റോഡോഡെന്‍ഡ്രോണ്‍ ചെടികളും ധാരാളം ഉണ്ട്. തെഹ്രിഡാം, സുര്‍ക്കന്ദ ദേവി ക്ഷേത്രം,ഋഷികേശ് എന്നിവിടങ്ങളിലേക്ക് പോകുന്ന സഞ്ചാരികള്‍ ഇവിടെ വിശ്രമിച്ച ശേഷമാകും പോവുക. ഗബ്ബാര്‍ സിംഗ് നേഗി മെമ്മോറിയല്‍, ശ്രീ ബാഗേശ്വര്‍ മഹാദേവ് മന്ദിര്‍ എന്നിവയാണ് ഇവിടത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ഗര്‍വാള്‍ റൈഫിള്‍സില്‍ 1913ല്‍ റൈഫിള്‍മാനായിരുന്നു ഗബ്ബാര്‍സിംഗ് നേഗി.

ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് സേനക്കായി ജര്‍മനിയില്‍ നടന്ന പോരാട്ടത്തിനിടെ കൊല്ലപ്പെട്ട ഈ യോദ്ധാവിന്‍െറ ധീരതക്കുള്ള പ്രണാമമായാണ് ഗബ്ബാര്‍ സിംഗ് നേഗി മെമ്മോറിയല്‍ നിര്‍മിച്ചത്.  ഈ വീരയോദ്ധാവിന്‍െറ ധീരതക്ക്  ബ്രീട്ടീഷ് സര്‍ക്കാര്‍ പരമോന്നത സൈനിക ബഹുമതിയായ വിക്ടറി ക്രോസ് നല്‍കി ആദരിച്ചിരുന്നു. എല്ലാവര്‍ഷവും ഏപ്രില്‍ 21ന് ഗാര്‍വാള്‍ റെജിമെന്‍റിലെ പട്ടാളക്കാര്‍ ഗബ്ബാര്‍സിംഗ് നേഗിയുടെ ഓര്‍മ പുതുക്കാറുണ്ട്.

മറ്റൊരു ആകര്‍ഷണ കേന്ദ്രമാണ് ശിവ പ്രതിഷ്ഠയുള്ള ശ്രീ ഭാഗേശ്വര്‍ മഹാദേവ മന്ദിര്‍ ക്ഷേത്രം. വിനോദസഞ്ചാരികള്‍ക്കൊപ്പം നിരവധി ഭക്തരും ഇവിടം സഞ്ചരിക്കാറുണ്ട്.  ഹൈന്ദവര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഇവിടത്തെ ശിവലിംഗം ഭൂമിക്കടിയില്‍ നിന്ന് പ്രത്യക്ഷപ്പെട്ടതാണെന്നാണ് വിശ്വാസം. ശിവരാത്രിയാണ് ഇവിടത്തെ പ്രധാന ഉല്‍സവം. ഡെഹ്റാഡൂണിലെ ജോളി ഗ്രാന്‍റാണ് ചമ്പക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചമ്പയില്‍ നിന്ന് 80 കിലോമീറ്ററാണ് ദൂരം. ട്രെയിന്‍ വഴി വരുന്നവര്‍  69 കിലോമീറ്റര്‍ അകലെയുള്ള ഋഷികേശ് റെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്.

സുഖമുള്ള കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ഇങ്ങോടുള്ള സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിച്ചുവരുന്നുണ്ട്. വേനലില്‍ 30 ഡിഗ്രി വരെ ചൂട് ഉയരാറുണ്ട്. മഴക്കാലം ഇവിടെ ദുര്‍ലഭമാണ്. തണുപ്പ് കാലത്ത് ചില ദിവസങ്ങളില്‍ താപനില നാല് ഡിഗ്രി വരെ താഴാറുണ്ട്. തണുപ്പ് കാലം രൂക്ഷമാകുന്ന സമയങ്ങളിലൊഴിച്ച് ഏതുസമയവും ഇവിടം സന്ദര്‍ശിക്കാം.

Please Wait while comments are loading...