പഞ്ചാബ്‌ - വിനോദങ്ങളുടെയും ഉത്സവങ്ങളുടെയും ഭക്ഷണങ്ങളുടെയും നാട്‌

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

ഇന്ത്യയുടെ വടക്ക്‌ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ്‌ പഞ്ചാബ്‌.  ഹിമാചല്‍പ്രദേശ്‌, ജമ്മു& കാശ്‌മീര്‍, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും അയല്‍ രാജ്യമായ പാകിസ്ഥാനുമാണ്‌ പഞ്ചാബിന്‌ ചുറ്റുമുള്ളത്. രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാണെങ്കിലും പഞ്ചാബ്‌ സമൃദ്ധിയില്‍ മുന്‍പന്തിയിലാണ്‌. 1947 ല്‍ ബ്രിട്ടീഷുകര്‍ പഞ്ചാബ്‌ പ്രവശ്യയെ ഇന്ത്യയിലും പാകിസ്‌താനിലുമായി വിഭജിച്ചു. അതിന്‌ ശേഷം 1966 ല്‍പഞ്ചാബിനെ വീണ്ടും വിഭജിച്ച്‌ ഹിമാചല്‍ പ്രദേശിന്റെയും ഹരിയാനയുടെയും ഭാഗങ്ങളാക്കി.

ഗ്രീക്കുകാര്‍, അഫ്‌ഗാനികള്‍, ഇറാനികള്‍, മധ്യഏഷ്യക്കാര്‍ എന്നിവരുടെ പ്രവേശനകവാടമായിരുന്നു ഒരുകാലത്ത് പഞ്ചാബ്‌. ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് പഞ്ചാബ്‌ ‌. ഗ്രീക്കുകാര്‍ക്കും സൗരാഷ്‌ട്രക്കാര്‍ക്കും ഇടയില്‍ പഞ്ചാബിനെ കുറിച്ച്‌ പരാമര്‍ശമുണ്ട്. അഞ്ച്‌ നദികളുടെ സംഗമസ്ഥാനമായിട്ടാണ്‌ അവര്‍ പഞ്ചാബിനെ കുറിച്ച്‌ പറയുന്നത്‌. കൃഷിയാണ് പഞ്ചാബി ജനതയുടെ പ്രധാന തൊഴില്‍ ‌. സിഖ്‌ മതവിശ്വാസികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സ്ഥലം പഞ്ചാബാണ്‌.  യന്ത്ര ഉപകരണങ്ങള്‍, വസ്‌ത്രങ്ങള്‍, തുന്നല്‍ മെഷീന്‍, കായിക ഉപകരണങ്ങള്‍, പശ, വിനോദ സഞ്ചാരം, വളങ്ങള്‍, ബൈസൈക്കിള്‍, പഞ്ചസാര, തുണിത്തരങ്ങള്‍ എന്നിവയാണ്‌ പഞ്ചാബിലെ പ്രധാന വ്യവസായ മേഖലകള്‍. കാര്‍ഷികോത്‌പന്നങ്ങളും ശാസ്‌ത്ര ഉപകരണങ്ങളും ഇലക്‌ട്രിക്‌ സാധനങ്ങളും പഞ്ചാബില്‍ ഉത്‌പാദിപ്പിക്കാറുണ്ട്‌.

പഞ്ചാബ്‌-  കാലാവസ്ഥ, ഭൂപ്രകൃതി, വന്യജീവി

വളക്കൂറുള്ള ആകര്‍ഷകമായ മണ്ണാണ്‌ പഞ്ചാബിലേത്‌. മികച്ച ജലസേചന സംവിധാനങ്ങള്‍ ഇതിന്‌ പിന്തുണ നല്‍കുന്നു. സംസ്ഥാനത്തിന്റെ വടക്ക്‌കിഴക്ക്‌ പ്രദേശം ഹിമാലയന്‍ താഴ്‌വരയും തെക്ക്‌ പടിഞ്ഞാറന്‍ ഭാഗം താര്‍ മരുഭൂമിയുമായി ചേര്‍ന്നുമാണ്‌ കിടക്കുന്നത്‌. പഞ്ചാബില്‍ ചൂടേറിയ വേനല്‍ക്കാലവും തണുപ്പേറിയ ശൈത്യകാലവുമാണ്‌ അനുഭവപ്പെടുക. മഴക്കാലത്ത്‌ ശക്തമായ മഴയും പതിവാണ്‌. പ്രകൃതിദത്തമായ വനങ്ങള്‍ ഈ പ്രദേശത്ത്‌ ഇല്ല. ഓറഞ്ച്‌ , മാതളനാരകം, ആപ്പിള്‍, പീച്ച്‌, മള്‍ബറി, അത്തി, ശീമമാതളം, ശീമബദാം, ബദാം, പ്ലം എന്നിവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്‌. വിശാലമായ പ്രദേശങ്ങള്‍ കുട്ടിച്ചെടികളും പുല്ലുകളും മൂടി കിടക്കുന്നത്‌ കാണാം. ഇന്ത്യയില്‍ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്ന്‌ പഞ്ചാബ്‌ ആണ്‌. ഇന്ത്യയുടെ കളപ്പുര എന്നാണ്‌ പഞ്ചാബ്‌ അറിയപ്പെടുന്നത്‌. ഗോതമ്പ്‌, അരി, കരിമ്പ്‌ തുടങ്ങി നിരവധി പച്ചക്കറികള്‍ ഇവിടെ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. പഞ്ചാബിലെ വെള്ളത്തില്‍ മുതലകള്‍ ഏറെയുണ്ട്‌. പട്ടുനൂല്‍, തേനീച്ച എന്നിവയെ വളര്‍ത്തുന്നതിന്‌ വലിയ പ്രോത്സാഹനം നല്‍കുന്നുണ്ട്‌. കുതിരകള്‍, ഒട്ടകങ്ങള്‍, കാളകള്‍ എന്നിവയാണ്‌ സാധാരണയായി വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍. പഞ്ചാബിലൂടെ സഞ്ചരിക്കുമ്പോള്‍ മറ്റ്‌ നിരവധി ജീവജാലങ്ങളെയും കാണാന്‍ കഴിയും.

പഞ്ചാബിലെ വിനോദ സഞ്ചാരം

ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളില്‍ ഒന്നായ ചണ്ഡിഗഢ്‌ ആണ്‌ പഞ്ചാബിന്റെ തലസ്ഥാനം. ഈ സ്ഥലത്തിന്റെ സംസ്‌കാരവും നാഗരിഗതയുമാണ്‌ വിനോദസഞ്ചാരികളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. മനോഹരങ്ങളായ കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, ദേവാലയങ്ങള്‍, ചരിത്ര യുദ്ധ ഭൂമികള്‍ എന്നിവയാണ്‌ പഞ്ചാബിനെ വിനോദ സഞ്ചാരത്തിന്‌ അനുയോജ്യമാക്കുന്നത്‌. ഫരീദ്‌കോട്‌, ജലന്ധര്‍, കപുര്‍തല, ലുധിയാന, പതാന്‍കോട്ട്‌, പാട്യാല, മൊഹാലി, തുടങ്ങി മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാനുണ്ട്‌. എല്ലാ സ്ഥലങ്ങള്‍ക്കും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്‌. പഞ്ചാബ്‌ വിനോദ സഞ്ചാരത്തിന്റെ പ്രധാന ഘടകം സംസ്‌കാരവും പൈതൃകവുമാണ്‌. ഗോബിന്ദഗഡ്‌ കോട്ട, ക്വില മുബാരക്‌, ഷീഷ്‌ മഹല്‍, ജഗജിത്‌ കൊട്ടാരം എന്നിവ പഴയകാല ഭരണാധികാരികളുടെ രാജപ്രൗഢി വിളിച്ചോതുന്നവയാണ്‌. അത്താരി അതിര്‍ത്തി, ആം ഖാസ്‌ ബാദ്‌, ബരദാരി ഉദ്യാനം, തഖാത്‌-ഇ-അക്‌ബാരി ,ജാലിയന്‍വാലാബാഗ്‌, ഷൗസ ഷരീഫ്‌ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ചരിത്ര സ്‌മാരകങ്ങള്‍.

സര്‍ക്കാര്‍ മ്യൂസിയവും ആര്‍ട്‌ ഗ്യാലറിയും, ഷഹീദ്‌-ഇ- അസാം ,സര്‍ദാര്‍ ഭഗത്സിങ്‌ മ്യൂസിയം, പുഷ്‌പ ഗുജ്‌റാള്‍ സയന്‍സ്‌ സിറ്റി, മഹരാജ രഞ്ചിത്‌ സിങ്‌ മ്യൂസിയം എന്നിവ പഞ്ചാബിലെ ചരിത്ര സ്‌മാരകങ്ങള്‍ സൂക്ഷിക്കുന്ന പ്രധാന മ്യൂസിയങ്ങളാണ്‌. ദേരസന്ത്‌ഗഡ്‌, ഗുരുദ്വാര ഗര്‍ന സാഹിബ്‌, ഗുരുദ്വാര ശ്രീ ദബാര്‍ സാഹിബ്‌, ഗുരുദ്വാര സഹീദ്‌ഗഞ്ച്‌ തല്‍വാന്ദി ജത്താന്‍ എന്നിവയാണ്‌ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഓരോ ഗുരുദ്വാരകള്‍ കാണാന്‍ കഴിയും. ശ്രീ രാമ തീര്‍ത്ഥ ക്ഷേത്രം, ദര്‍ജിയാന ക്ഷേത്രം, ശിവ മന്ദിര്‍ കാത്‌ഗഡ്‌, കാമാഹി ദേവി ക്ഷേത്രം, ദേവി തലാബ്‌ മന്ദിര്‍, എന്നിവയുടെ ഹിന്ദുക്കളുടെ പ്രധാന മതകേന്ദ്രങ്ങള്‍. മൂരിഷ്‌ മോസ്‌കാണ്‌ പഞ്ചാബിലെ മുസ്ലീങ്ങളുടെ പുണ്യസ്ഥലം, സന്‍ഘോല്‍, ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, രൂപ്‌നഗര്‍ എന്നിവ പഞ്ചാബിലെ പുരാവസ്‌തു പ്രാധാന്യമുള്ള സ്ഥലങ്ങളാണ്‌. ഛത്‌ബീര്‍ കാഴ്‌ചബംഗ്ലാവ്‌, തഖ്‌നി -റെഹ്മാപൂര്‍ വന്യജീവി സങ്കേതം, കാഞ്ചിലി ചതുപ്പ്‌ നിലം, ഹരികെ ചതുപ്പ്‌ നിലം, ടൈഗര്‍ സഫാരി , ഡീര്‍ പാര്‍ക്‌ എന്നിവയാണ്‌ പഞ്ചാബിലെ വന്യജീവി സങ്കേതങ്ങള്‍. ഇവ സംസ്ഥാനത്തിന്റെ സൗന്ദര്യത്തിന്റെ മാറ്റ്‌ കൂട്ടുന്നു.

പഞ്ചാബ്‌- ജനങ്ങളും സംസ്‌കാരവും

പഞ്ചാബി സംസ്‌കാരവും പാരമ്പര്യവും മനസിലാക്കാനുള്ള അവസരം പഞ്ചാബ്‌ വിനോദ സഞ്ചാരം നല്‍കുന്നു. ഇവിടെ താമസിക്കുന്നവരിലേറെ പേരും പിന്തുടരുന്നത്‌ സിഖ്‌ മതമാണ്‌. അമൃത്സറിലെ സുവര്‍ണ ക്ഷേത്രമാണ്‌ സിഖുകാരുടെ പുണ്യ ക്ഷേത്രം. പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും ഗുരുദ്വാരകള്‍ കാണാന്‍ കഴിയും. ഹിന്ദുമത വിശ്വാസകളാണ്‌ പിന്നീട്‌ കൂടുതലുള്ളത്‌. പഞ്ചാബിലെ ഔദ്യോഗിക ഭാഷ പഞ്ചാബിയാണ്‌. വിവിധ സാംസ്‌കാരിക പരിപാടികളാല്‍ ജീവിതം ആസ്വദിക്കുന്നവരാണ്‌ പഞ്ചാബികള്‍. പാട്ടും നൃത്തവും പിന്നെ സ്വാദിഷ്‌ഠമാര്‍ന്ന വിഭവങ്ങളുമാണ്‌ പഞ്ചാബിന്റെ പൊതു അന്തരീക്ഷം. ലോഹ്രി, ബസന്ത്‌, ബൈകാശി, തീജ്‌ എന്നിവയാണ്‌ പഞ്ചാബിലെ പ്രധാന ഉത്സവങ്ങള്‍. പഞ്ചാബിന്റെ പ്രധാന നൃത്ത രൂപമാണ്‌ ഭാന്‍ഗ്ര. തുടക്കത്തില്‍ വിളവെടുപ്പിനോടനുബന്ധിച്ചുള്ള നൃത്തരൂപമായിരുന്നു ഇത്‌. പിന്നീട്‌ ലോക നിലവാരത്തിലേക്കുയര്‍ന്നു. വര്‍ഷങ്ങളുടെ ചരിത്രം പറയുന്ന നാടന്‍ പാട്ടുകളാണ്‌ പഞ്ചാബിന്റെ മറ്റൊരു ആകര്‍ഷണം.

Please Wait while comments are loading...