അര്‍ക്കാവതി - കാവേരിസംഗമവും മേകേദാടുവും

ഹോം » സ്ഥലങ്ങൾ » സംഗമം » ഓവര്‍വ്യൂ

ബാംഗ്ലൂരില്‍ നിന്നും 92 കിലേമീറ്റര്‍ ദൂരെയായി നിലകൊള്ളൂന്ന നയനമനോഹരമായ പിക്‌നിക് സ്‌പോട്ടാണ് സംഗമം. അര്‍ക്കാവകി നദി കാവേരിയുമായി കൂടിച്ചേരുന്ന ഇടമാണ് സംഗമം എന്ന പേരില്‍ പ്രശസ്തമായ ഈ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. ബാംഗ്ലൂരില്‍ നിന്നും രണ്ടുമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. നിറയെ വളവുകളും തിരിവുകളുമുള്ള റോഡിലൂടെ ഇവിടേക്കുള്ള യാത്ര തന്നെ മനോഹരമായ ഒരു അനുഭവമായിരിക്കും. സംഗമത്തില്‍ നദിക്ക് അധികം ആഴമില്ല. നദിയിലിറങ്ങി ഒരു കുളിയോ തീരത്തുകൂടെ ഒരു നടത്തമോ ആവാം എന്ന് സാരം.

ഒരു നീന്തല്‍, അല്‍പം മീന്‍പിടുത്തം അല്ലെങ്കില്‍ കാവേരി വന്യമൃഗ സങ്കേതത്തില്‍ ഒരു ട്രക്കിംഗ് തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് സമ്പന്നമാക്കാം ഒരു സംഗമം യാത്ര. സംഗമത്തില്‍ നിന്നും കേവലം നാലുകിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ഒരു മസ്റ്റ് വിസിറ്റ് കേന്ദ്രമാണ് മേകേദാടു. മേകേദാടുവില്‍ മലയിടുക്ക് വളരെ നേര്‍ത്തതാണ്. ആടിന് ചാടിയ ഇടം എന്നാണ് കന്നഡയില്‍ മേകേദാടു എന്ന വാക്കിനര്‍ത്ഥം.

ഒരു കടുവയില്‍ നിന്നും രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിനിടെ ഈ ഭാഗത്ത് ഒരു ആട് പുഴ ചാടിക്കടന്നതായാണ് വിശ്വാസം. എന്തോ അത്ഭുത ശക്തിയാണ് ആ ആടിന് പുഴ മുറിച്ചുചാടാന്‍ ശക്തി നല്‍കിയതെന്നും പ്രാദേശികര്‍ കരുതുന്നു. അങ്ങിനെയാണ് ഈ സ്ഥലത്തിന് മേകേദാടു എന്ന പേര് വന്നത്. പുഴ നിറഞ്ഞൊഴുകുന്ന മഴക്കാലത്ത് മേക്കേദാടു കാണേണ്ട ഒരു കാഴ്ച തന്നെയാണ്. ബസ്സിലോ ടാക്‌സിയിലോ മാത്രമേ ഇവിടെയെത്താനാകൂ. ബാംഗ്ലൂര്‍ നിന്നും മേകേദാടുവിന്റെ അടുത്ത ടൗണായ കനകപുര വരെ നിരവധി ബസ്സുകള്‍ ലഭ്യമാണ്.

Please Wait while comments are loading...