എടക്കല്‍ ഗുഹ, സുല്‍ത്താന്‍ ബത്തേരി

സംശയമില്ലാതെ പറയാം വയനാട്ടിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ കാഴ്ചകളിലൊന്നാണ് എടക്കല്‍ ഗുഹ. കൊതിപ്പിക്കുന്ന നിയോലിതിക് കാലത്തെ ഈ ഗുഹകള്‍ കാണാനായി സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 12 കിലോമീറ്റര്‍ യാത്രചെയ്താല്‍ മതി. അമ്പുകുത്തി മലകളില്‍ സ്ഥിതിചെയ്യുന്ന എടക്കല്‍ ഗുഹ സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്റര്‍ ഉയരത്തിലാണ്. എടക്കല്‍ ഗുഹകളില്‍ കാണുന്ന ചിത്രങ്ങളും എഴുത്തുകളും ചരിത്രപ്രേമികളില്‍ കൗതുകമുണര്‍ത്തും എന്നതുറപ്പാണ്. ചരിത്രാതീതകാലത്ത് ഈ ഗുഹകളില്‍ ആള്‍ത്താമസമുണ്ടായിരുന്നതായാണ് കരുതുന്നത്. മൂന്ന് ഗുഹകള്‍ ചേര്‍ന്നതാണ് എടക്കല്‍ ഗുഹകള്‍ എന്ന് അറിയപ്പെടുന്നത്.

ശിലായുഗത്തിലെ പല വരകളും കുറിപ്പുകളും ഗുഹയുടെ ഭിത്തികളില്‍ കാണാം. ചരിത്രകാരന്മാരുടെയും പുരാവസ്തുഗവേഷകരുടെയും പ്രിയകേന്ദ്രമായ എടക്കല്‍ ഗുഹകള്‍ക്ക് ഏഴായിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. അമ്പുകുത്തിമലയും എടക്കല്‍ ഗുഹയും ട്രക്കിംഗ് പ്രിയരുടെയും പ്രകൃതിസ്‌നേഹികളുടെയും പ്രിയകേന്ദ്രമാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

Please Wait while comments are loading...