പാലക്കാട് - സംഗീതത്തിന്റെയും ഉത്സവങ്ങളുടെയും നാട്

ഹോം » സ്ഥലങ്ങൾ » പാലക്കാട് » ഓവര്‍വ്യൂ

കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത, തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്നതുകൊണ്ടുതന്നെ പാലക്കാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഷയിലും ജീവിതരീതിയിലുമെല്ലാം തമിഴ് സ്വാധീനം കാണാന്‍ കഴിയും. പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും കുന്നിന്‍ചരിവുകളും കരിമ്പനക്കൂട്ടങ്ങളുമെല്ലാം പാലക്കാട്ടെ സ്ഥിരം കാഴ്ചകളാണ്. വരണ്ട ഭൂപ്രദേശങ്ങളും നിബിഡ വനങ്ങളും, മലയോരങ്ങളുമെല്ലാമുള്‍പ്പെടുന്ന ഭൂപ്രകൃതിയാണ് പാലക്കാടിന്റേത്.

സംസ്‌കാരങ്ങളുടെ സമ്മേളനം

കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിയ്ക്കുന്ന പശ്ചിമഘട്ടത്തിലെ പ്രകൃതിദത്ത പാതയായ പാലക്കാട് ചുരം പ്രശസ്തമാണ്. കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി തമിഴ്‌സംസ്‌കാരത്തിന്റെ കാര്യമായ സ്വാധീനമുള്ള സ്ഥലമാണ് പാലക്കാട്. തമിഴ് സംസാരിക്കുന്ന ജനവിഭാഗം ഇവിടെ കൂടുതലാണ്. ഭാഷയിലെന്നപോലെതന്നെ, ഭക്ഷണരീതിയിലും ആചാരാനുഷ്ഠാനങ്ങളിലും ഉത്സവങ്ങളിലുമെല്ലാം ഈ തമിഴ് സ്വാധീനം കാണാന്‍ കഴിയും.

ക്ഷേത്രോത്സവങ്ങള്‍ക്കുള്ള പ്രാധാന്യം പോലെതന്നെ കര്‍ണാടകസംഗീതത്തിനും കാര്യമായി വേരോട്ടമുള്ള സ്ഥലമാണിത്. വായ്പാട്ട്, വാദ്യസംഗീതം തുടങ്ങിയ മേഖലകളില്‍ പാലക്കാട് ഒട്ടേറെ കലാകാന്മാരെ സംഭാവന ചെയ്തിട്ടുണ്ട്. പ്രമുഖ കര്‍ണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതിരുടെ ജന്മസ്ഥലമാണ് പാലക്കാട്. അതുപോലെതന്നെ പ്രശസ്തനായ മറ്റൊരു സംഗീതജ്ഞനാണ് പാലക്കാട് മണി അയ്യര്‍.

കാഴ്ചകളുടെ സ്വര്‍ഗ്ഗം

കോട്ടകള്‍, ക്ഷേത്രങ്ങള്‍, അണക്കെട്ട്, വന്യജീവി സങ്കേതം, വെള്ളച്ചാട്ടം, പാര്‍ക്കുകള്‍, പ്രകൃതിസുന്ദരമായ സ്ഥലങ്ങള്‍ അങ്ങനെ പോകുന്നു പാലക്കാട്ടെ കാഴ്ചകള്‍. പാലക്കാട് കോട്ടയും ജൈന ക്ഷേത്രവുമാണ് ഇവിടുത്തെ ചരിത്രപരമായ പ്രധാന ആകര്‍ഷണങ്ങള്‍. മലമ്പുഴ അണക്കെട്ടും പൂന്തോട്ടവുമാണ് മറ്റൊരു ആകര്‍ഷണം.

നെല്ലിയാമ്പതി ഹില്‍ സ്റ്റേഷന്‍, സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്, പറമ്പിക്കുളം വന്യജീവി സങ്കേതം തുടങ്ങിയവയെല്ലാം പ്രകൃതിസൗന്ദര്യാസ്വാദകര്‍ക്ക് സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലങ്ങളാണ്. കാഞ്ഞിരപ്പുഴ, ധോനി വെള്ളച്ചാട്ടം. ഒറ്റപ്പാലം, കൊല്ലങ്കോട് തുടങ്ങിയ പ്രകൃതി സുന്ദരമായ സ്ഥലങ്ങള്‍ എന്നിവയും പാലക്കാട്ടാണ്.

റെയില്‍മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവുമെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് പാലക്കാട്. വേനല്‍ക്കാലത്ത് പാലക്കാട് യാത്രയ്ക്ക് മുതിരരുത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് പാലക്കാട്. ശീതകാലമാണ് സന്ദര്‍ശനത്തിന് അനുയോജ്യം, മഴക്കാലത്തും പാലക്കാട് യാത്രയാകാം. സംസ്‌കാരത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുമെല്ലാം അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അറിവിന്റെ അക്ഷയഖനിയാണ് പാലക്കാട്. ഒട്ടേറെ ക്ഷേത്രോത്സവങ്ങള്‍ നടക്കുന്ന സ്ഥലമാണ് പാലക്കാട്, എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ ഉത്സവങ്ങളായിരിയ്ക്കും. ഇത്തരം കാര്യങ്ങള്‍ കാണാനാഗ്രഹിയ്ക്കുന്നവര്‍ ഉത്സവ സീസണില്‍ത്തന്നെ പാലക്കാട്ടെത്തണം.

Please Wait while comments are loading...