ബേക്കല്‍ - കാസര്‍കോടന്‍ വിനോദസഞ്ചാരത്തിന്‍റെ മുഖം

ഹോം » സ്ഥലങ്ങൾ » ബേക്കല്‍ » ഓവര്‍വ്യൂ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും നാടായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകൂടിയാണ് ബേക്കല്‍. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ടയാണ് ഇവിടത്തെ പ്രധാന കാഴ്ച. കോട്ടയ്ക്കു സമീപം ആഴം കുറഞ്ഞ കടലിന്റെ തീരത്തുള്ള ബീച്ച് ബേക്കല്‍ ഫോര്‍ട്ട് ബീച്ച് എന്നറിയപ്പെടുന്നു. ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ബേക്കല്‍ പരിസരത്തെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്.

ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വലിയ രണ്ട് തെയ്യങ്ങളുടെ ചെങ്കല്‍ പ്രതിമകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ചെങ്കല്ലു കൊണ്ട് നിര്‍മ്മിച്ച ഒരു റോക്ക് ഗാര്‍ഡനും സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ നട്ടു പിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങളും ബേക്കല്‍ കോട്ടയ്ക്ക് ചാരുത പകരുന്നു. 7000 ചതുരശ്ര മീറ്റര്‍ സ്ഥലത്തെ പാര്‍ക്കിംഗ് ഏരിയയുണ്ട് ബേക്കലില്‍. കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാത യാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം. അസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയിക്കുന്നുണ്ട്. തദ്ദേശീയമായി ലഭ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് കടല്‍ കാറ്റേല്‍ക്കാന്‍ ഏറുമാടങ്ങള്‍ പോലുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ടൂറിസ്റ്റുകള്‍ക്കായി ബീച്ചില്‍ ടോയ്‌ലറ്റുകളും മുള കൊണ്ടുള്ള മാലിന്യ കൂടകള്‍ ബീച്ചിലെമ്പാടും കാണാം. 14 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി മനോഹരമായ ചില്‍ഡ്രന്‍സ് പാര്‍ക്കും ബേക്കലിലുണ്ട്. തെയ്യങ്ങളുടെ സീസണിലാണ് ബേക്കലിലേക്ക് സഞ്ചാരം മനോഹരമാകുക. ബേക്കല്‍ പരിസരവാസികളുടെ ആതിഥേയപ്രിയം അനുഭവിച്ചറിയേണ്ട ഒന്നാണ്. പായസമാണ് ഇവിടത്തെ പ്രധാന ആകര്‍ഷകം. ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ ഒരു ഹനുമാന്‍ ക്ഷേത്രവും സമീപത്തായി ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന പഴയ പള്ളിയുമുണ്ട്. വളരെയധികം ചരിത്രപ്രാധാന്യമുള്ള ബേക്കല്‍ കോട്ട നിരവധി രാജവംശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Please Wait while comments are loading...