നാടും കാടും മേളിക്കുന്ന വയനാടന്‍ കാഴ്ചകള്‍

ഹോം » സ്ഥലങ്ങൾ » വയനാട് » ഓവര്‍വ്യൂ

കേരളത്തിലെ പതിനാല് ജില്ലകളില്‍ പ്രകൃത്യാ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ട ജില്ലയാണ് വയനാട് എന്നുവേണമെങ്കില്‍ പറയാം. കണ്ണൂരും കോഴിക്കാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല കേരളത്തിലെ അറിയപ്പെടുന്ന വിനോജസഞ്ചാര കേന്ദ്രം കൂടിയാണ്. പശ്ചിമഘട്ടത്തിലെ പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം കാണാന്‍ സഞ്ചാരികളെത്തിച്ചേരുന്നു. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരും ഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മനസ്സിനെ സ്വച്ഛമാക്കാനുള്ള ഇടം തേടുകയാണ് നിങ്ങളെങ്കില്‍ ഒട്ടും മടിക്കേണ്ട, വയനാടാണ് പറ്റിയ സ്ഥലം.

പ്രാരംഭം

കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയാണ് വയനാട്. 1980 നവംബര്‍ 1നാണ് വയനാട് ജില്ല രൂപികരിക്കുന്നത്. മായന്മാരുടെ നാട് എന്ന അര്‍ത്ഥത്തില്‍ മായക്ഷേത്ര എന്നറിയപ്പെട്ടിരുന്നു പണ്ട് കാലത്ത് വയനാട്. മായക്ഷേത്ര മായനാടായും കാലക്രമേണ വയനാട് ആയും മാറി എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ വയലിന്റെ നാട് എന്ന അര്‍ത്ഥത്തില്‍ വയല്‍ നാട് ആണ് വയനാട് എന്ന പേരിന് പിന്നില്‍ എന്ന് വിശ്വസിക്കുന്നവരും കുറവല്ല.

എന്തൊക്കെയാണെങ്കിലും മഴക്കാലത്തെ പ്രകൃതിക്കാഴ്ചകള്‍ കണ്ട് മതിമറക്കാന്‍ വയനാടിനോളം പോന്നൊരു സ്ഥലമുണ്ടാ എന്ന് രണ്ടുവട്ടം ചിന്തിക്കേണ്ടി വരും. പശ്ചിമഘട്ടത്തിന്റെ അമ്പരപ്പിക്കുന്ന സൗന്ദര്യം അതിന്റെ മൂര്‍ദ്ധന്യതയില്‍ വരച്ചുകാട്ടിയിരിക്കുകയാണ് ഈ ഹില്‍സ്റ്റേഷന്‍. മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ വയനാട് നിലവിലപണ്ടായിരുന്നതായാണ് ആര്‍ക്കിയോളജി വിദഗ്ധരുടെ അഭിപ്രായം. കാടും കാടിനുള്ളിലെ മനുഷ്യരും ഒത്തിണക്കത്തോടെ കഴിഞ്ഞ കാലത്തിലേക്കുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വയനാട്. വളരെക്കാലം പഴക്കമുള്ള സമ്പന്നമായ ചരിത്രവും സാംസ്‌കാരിക പരവുമായ പ്രത്യേകതകളുണ്ട് വയനാടിന്.

പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദരാലിയുടെ അധിനിവേശത്തിന് സാക്ഷിയായി ഈ നാട്. പിന്നീട് കോട്ടയം രാജവംശത്തിന്റെ അധീനതയിലും കഴിയേണ്ടി വന്നിട്ടുണ്ട് വയനാടിന്. സ്വാഭാവികമായും പിന്നീട് വയനാട് ബ്രിട്ടീഷുകാരുടെ അധീനതയിലായി, അവര്‍ ഇവിടെ നിരവധി കാപ്പിത്തോട്ടങ്ങളും പ്ലാന്റേഷനുകളും സ്ഥാപിച്ചു. ഇന്ന് വയനാട്ടിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്ന റോഡുകളിലധികവും നിര്‍മിക്കപ്പെട്ടത് ബ്രിട്ടീഷുകാരുടെ കാലത്താണ്. പുതിയ പുതിയ കാഴ്ചകള്‍ കാണാനും പ്രകൃതിയില്‍ മതിമറന്നുല്ലസിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ സ്ഥലമാണ് വയനാട്.

വയനാടന്‍ കാഴ്ചകള്‍

വയനാടിലെ അന്തമില്ലാത്ത കാടുകള്‍ക്കിടയില്‍ നിരവധി ഗോത്രവര്‍ഗങ്ങള്‍ താമസിക്കുന്നുണ്ട്. പുറംലോകവുമായി അധികം ബന്ധപ്പെടാനോ അവരുമായി ഇടകലരാനോ ഇവര്‍ ആഗ്രഹിക്കുന്നില്ല. മാറിയ ജീവിതസാഹചര്യങ്ങളോ ലോകത്തെ മാറ്റങ്ങളോ അറിയാതെ കഴിയുന്ന ഇവരെ അക്കാര്യത്തില്‍ കുറ്റപ്പെടുത്താനൊട്ട് കഴിയുകയുമില്ല എന്നതാണ് സ്ഥിതി. നിരവധി ഗുഹകളുടെയും ശില്‍പങ്ങളുടെയും നാടുകൂടിയാണ് വയനാട്. ആര്‍ക്കിയോളജിയില്‍ തല്‍പരരായ സഞ്ചാരികള്‍ വയനാടിനെ തിരഞ്ഞുപിടിച്ച് ടൂര്‍ ചാര്‍ട്ടിന്റെ ഭാഗമാക്കുന്നതിനും കാരണം മറ്റൊന്നല്ല.

കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഓര്‍മകള്‍ നല്‍കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

Please Wait while comments are loading...