ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ച്.. സൂര്യോദയം, ആൾക്കൂട്ടം, ആക്ടിവിറ്റികൾ, കാഴ്ചകൾ എന്നിങ്ങനെ ഓരോന്നെടുത്തു നോക്കിയാലും ഒന്നിനൊന്ന് മെച്ചം.. പറഞ്ഞു വരുന്ന ബീച്ച് ഏതെന്നറിഞ്ഞാൽ നമ്മൾ ആദ്യമൊന്ന് അവിശ്വസിക്കും... ഇത്രയടുത്ത്, നമ്മുടെ നാട്ടിൽ ഇത്രയും കിടിലൻ ബീച്ചോ എന്ന്... അവിശ്വസിക്കേണ്ട കാര്യമില്ല. സഞ്ചാരികളുടെ ബൈബിൾ ആയ ലോൺലി പ്ലാനറ്റ് പട്ടികയിലാണ് ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായി കേരളത്തിലെ ബീച്ച് ഇടം നേടിയത്.
ഇനിയും സർപ്രൈസ് നീട്ടുന്നില്ല. തിരുവനന്തപുരത്തെ പാപനാശം ബീച്ചാണ് ലോൺലി പ്ലാനറ്റിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച 100 ബീച്ചുകളുടെ പട്ടികയിൽ ഇടം നേടിയത്. നൂറുകണക്കിന് ബീച്ചുകളുള്ള ഇന്ത്യയിൽ നിന്നും പാപനാശം ബീച്ചടക്കം വെറും മൂന്ന് ബീച്ചുകളാണ് പട്ടികയിൽ കയറിയതെന്ന് അറിയുമ്പോഴാണ് മത്സരം എത്ര കടുത്തതാണ് എന്നു മനസ്സിലാകുന്നത്.

ഗോവയിലെ പലോലം ബീച്ച്, ആൻഡമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള മറ്റു ബീച്ചുകൾ.. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയായ ലോണ്‍ലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് ആണ് ബീച്ചുകളെ പട്ടികപ്പെടുത്തിയത്.
വർക്കലയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പാപനാശം ബീച്ച് ആഭ്യന്തര സഞ്ചാരികളുടെ മാത്രമല്ല, അന്താരാഷ്ട്ര സഞ്ചാരികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ നേട്ടമായി അവതരിപ്പിക്കപ്പെടുന്ന പാപനാശം ബീച്ച് ഒട്ടേറെ പ്രത്യേകതകളാൽ സമ്പന്നമാണ്. വർക്കല ബീച്ചിന്‍റെ തന്നെ ഭാഗമാണ് പാപനാശം ബീച്ചും.
ലോകത്തിലെ മറ്റു ബീച്ചുകളിൽ നിന്നും വർക്കല ബീച്ചിനെ വ്യത്യസ്തമാക്കുന്നത് അതിനു സമീപത്തെ റോക്ക് ഫോർമേഷനാണ്. കടല്‍ത്തീരത്തോട് ചേർന്നു കുന്നും പാറക്കെട്ടുകളും കാണുന്നത് അപൂർവ്വ കാഴ്ചയാണ്. വർക്കല ഫോർമേഷൻസ് എന്നാണ് ഇവിടുത്തെ കുന്നുകൾ അറിയപ്പെടുന്നത്. ഇതിനു മുകളിൽ നിന്ന് കടൽത്തീരം കാണാനും ഫോട്ടോ എടുക്കാനും ഒക്കെയായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകയ്ക്ക് സഞ്ചാരികളെ ഇവിടെ എത്തിക്കുന്നിൽ വലിയ ഒരു പങ്കുണ്ട്. മുനമ്പുകൾ തീരത്തോട് ചേർന്ന് കാണുന്ന അറബിക്കടലിലെ ഏക ബീച്ചും ഇതാണ്.
സാഹസിക സഞ്ചാരികളെ ഇവിടേക്ക് പോരേ
കടലും ബീച്ചും ഇഷ്ടപ്പെടുന്ന സാഹസിക സഞ്ചാരിയാണ് നിങ്ങളെങ്കിൽ വർക്കല പാപനമാശം ബീച്ച് ഒരുതവണയെങ്കിലും സന്ദർശിക്കണം. കടലിലേക്കുള്ള ബോട്ട് യാത്ര, സ്കൂബാ ഡൈവിങ്, പാരാ സെയ്ലിങ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ ഇവിടെ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഇനി സാഹസികതയല്ല നിങ്ങളുടെ താല്പര്യമെങ്കിലും വരാതിരിക്കേണ്ട. വെറുതേ വന്ന് ഇവിടെ കടല്‍ത്തീരത്ത് ഇരുന്നാൽ പോലും മടുക്കില്ല. വർക്കല ഫോർമേഷനും പശ്ചാത്തലത്തിലെ കടലും കൂടിയാകുമ്പോൾ ഇഷ്ടംപോലെ ഫോട്ടോകളും പകർത്താം. കുന്നിനു മുകളിലെ ഹോട്ടലുകളും കഫേകളും അവിടുത്തെ രാത്രി ജീവിതവും ഒക്കെ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ടതാണ്.
കൂടാതെ, ഇത്തവണ രാജ്യാന്തര സർഫിങ് ഫെസ്റ്റിവലിന് വർക്കലയാണ് വേദിയാകുന്നത്. മാർച്ച് 29, 30, 31 തീയതികളിൽ കേരള ടൂറിസം ആണ് രാജ്യാന്തര സർഫിങ് ഫെസ്റ്റിവൽ ഒരുക്കുന്നത്.
ദക്ഷിണ കാശി എന്നും വർക്കല പാപനാശം കടൽത്തീരം അറിയപ്പെടുന്നു. കാശിയിൽ പോകുന്നതിനു തുല്യമാണ് ഇവിടുത്തെ സന്ദര്‍ശനം എന്നാണ് വിശ്വാസം. ജനാര്‍ദ്ദനസ്വാമി ക്ഷേത്രമാണ് ഇവിടെ നിർബന്ധമായും സന്ദര്‍ശിക്കേണ്ട ക്ഷേത്രം. ദേവന്മാർ നിർമ്മിച്ച ക്ഷേത്രമാണെന്നാണ് ഈ ക്ഷേത്രത്തെ സംബന്ധിച്ച ഒരു വിശ്വാസം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 200 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തലസ്ഥാനത്ത് നിന്നും റോഡ് മാർഗ്ഗം വളരെ വേഗം എത്താം എന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ട്രെയിനിനു വരുമ്പോൾ വർക്കലയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടുന്ന് ബീച്ചിലേക്ക് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. തിരുവനന്തപുരം-കൊല്ലം ദേശീയപാതയിൽ കല്ലമ്പലത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ പോയാൽ വർക്കലയിലെത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












