കാപ്പിയുടെ സുഗന്ധം അലയടിക്കുന്ന അരക്കു താഴ്‍വര

പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നിറപ്പകിട്ടാര്‍ന്ന കുന്നിന്‍മേടുകളും താഴ്വരകളും. ഹാപ്പി ഡെയ്സ്, കഥ,ഡാര്‍ലിംഗ് തുടങ്ങിയ തെലുങ്ക് സിനിമകളിലെ മനോഹരമായ ദൃശ്യങ്ങള്‍ നിങ്ങളുടെ മനസുകളില്‍ ഇപ്പോഴും മായാതെ പതിഞ്ഞു കിടക്കുന്നുണ്ടാവും. ആ അപൂര്‍വ്വ സുന്ദരമായ ദൃശ്യങ്ങളില്‍ പലതും ഈ അരക്കു താഴ്വരയില്‍ നിന്ന് ഒപ്പിയെടുത്തതാണ്.

ടൂറിസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു ബലിയാടാകാത്ത തെക്കേ ഇന്ത്യയിലെ ചുരുക്കം ചില മനോഹരമായ പ്രദേശങ്ങളിലൊന്നു കൂടിയാകും ഇത്. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്.

വിശാഖ പട്ടണത്തിനു 114 കിലോമീറ്റര്‍ അകലെയായി ഒറിസയുടെ അതിരുകള്‍ക്ക് സമീപമാണ് അരക്കു താഴ്വരയുടെ സ്ഥാനം. ജൈവ വൈവിധ്യത്തിന് പേര് കേട്ട അനന്ത ഗിരി,സുങ്കരി മേട്ട റിസര്‍വ് വനങ്ങള്‍ ഇവിടെയുണ്ട്. രക്ത ഗോണ്ട,ചിതമോ ഗോണ്ടി,ഗലി കൊണ്ട,സുങ്കരി മേട്ട തുടങ്ങിയ മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു ഈ താഴ്വരകള്‍. ഇതില്‍ ഗലി കൊണ്ട കുന്നുകള്‍ ആന്ധ്ര പ്രദേശിലെ തന്നെ ഏറ്റവും ഉയരം കൂടിയ കുന്നുകളാണ്.

ഇവിടുത്തെ കാപ്പിത്തോട്ടങ്ങള്‍ വശ്യമാര്‍ന്ന മറ്റൊരു കാഴ്ചയാണ്. കാപ്പിയുടെ മനം മയക്കുന്ന സുഗന്ധം അരക്കു പ്രദേശമാകെ അലയടിക്കുന്നു. 2007 ലാണ് ഗോത്ര വര്‍ഗക്കാരുടെ വകയായി ഇന്ത്യയില്‍ ആദ്യത്തെ ഓര്‍ഗാനിക് കാപ്പി ബ്രാന്‍ഡ്‌ വരുന്നത്. 'അരക്കു എമറാള്‍ഡ്' എന്ന പേരിലുള്ള ഈ കാപ്പി ബ്രാന്‍ഡ്‌ ഇന്നിപ്പോള്‍ ഇന്ത്യയ്ക്കകത്തും പുറത്തും വളരെ പ്രശസ്തമാണ്. ശരിക്കും പറയുകയാണെങ്കില്‍ ഇവിടെയുള്ള ഗോത്ര വര്‍ഗക്കാരുടെ പുനരധിവാസത്തിന് തന്നെ കാരണം തന്നെ ഈ കാപ്പി തോട്ടങ്ങളാണ്. ഇവരില്‍ ആയിരക്കണക്കിന് പേര്‍ ഇന്നീ തോട്ടങ്ങളില്‍ പണിയെടുത്തു ജീവിതം പുലര്‍ത്തുന്നുണ്ട്.

താഴ്വരയിലെ കാഴ്ചകള്‍

ട്രൈബല്‍ മ്യൂസിയം,ടൈഡ,ബോറ കേവ്സ്,സംഗദ വാട്ടര്‍ഫാള്‍,പദ്മപുരം ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിങ്ങനെ കാഴ്ചകള്‍ ഒത്തിരിയുണ്ടിവിടെ. ഇവ കൂടാതെ മനസിന്‌ നവോന്‍മേഷം പകരുന്ന ഗന്ധവുമായി കാപ്പിതോട്ടങ്ങള്‍ നിങ്ങളെ വരവേല്‍ക്കുന്നു. പ്രകൃതി സൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാനും ഒഴിവുകാലം ചെലവിടാനുമായൊക്കെ ഒട്ടേറെ പേര്‍ ഇവിടെ എത്തുന്നുന്നുണ്ട്.  വര്‍ണ വൈവിധ്യം തുളുമ്പുന്ന അത്യപൂര്‍വ്വ ദൃശ്യങ്ങളുടെ ഒരു കലവറയാണിവിടം. ഈ വിസ്മയ കാഴ്ചകളൊന്നു പോലും വിടാതെ കാണുവാന്‍ ശ്രമിക്കാം.  ഇവിടുത്തെ ചരിത്രവും സംസ്കാരവും അടുത്തറിയാന്‍ ഇവ നിങ്ങളെ സഹായിക്കും.

എങ്ങനെ എത്തിച്ചേരും

റോഡു മാര്‍ഗവും ട്രെയിനിലുമായി ധാരാളം യാത്രികര്‍ ഇവിടെയെത്തുന്നുന്നുണ്ട്. അരക്കിലും അരക്കു താഴ്വരയിലുമായി പ്രധാനമായും രണ്ടു റെയില്‍വേ സ്റ്റേഷനുകളുണ്ട്. വിശാഖ പട്ടണത്തു നിന്നും ഇവിടേക്ക് ദിവസേന ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈസ്റ്റ്‌ കോസ്റ്റ് റെയില്‍വേയുടെ വിശാഖ പട്ടണം ഡിവിഷനിലെ കൊതവലസ-കിരണ്ടുല്‍ ലൈനിലാണ് ഈ സ്റ്റേഷനുകള്‍ വരുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 996 മീറ്റര്‍ ഉയരത്തില്‍ ബ്രോഡ് ഗേജ് ലൈനോട് കൂടി ശിമിലിഗുഡ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു.

അരക്കു വാലിക്ക് സ്വന്തമായി എയര്‍പോര്‍ട്ടില്ല. ആന്ധ്ര പ്രദേശിലെ ഏതൊരു നഗരത്തില്‍ നിന്നും യാത്രികര്‍ക്ക് ടാക്സി പിടിച്ചു വളരെ വേഗം ഇങ്ങോട്ട് എത്തിച്ചേരാം. മാത്രമല്ല വിശാഖ പട്ടണത്തു നിന്നും ഹൈദരാബാദില്‍ നിന്നും ധാരാളം ബസുകളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സാധാരണ ബസിലാണ് യാത്രയെങ്കില്‍ ടാക്സിയേക്കാള്‍ ലാഭമാണ്. ഡീലക്സ് ബസുകളോ വോള്‍വോയോ ആണെങ്കില്‍ ചാര്‍ജ് അല്‍പം കൂടുമെന്ന് മാത്രം.

കാലാവസ്ഥ

വര്‍ഷത്തിലുടനീളം ഭേദപ്പെട്ട കാലാവസ്ഥയാണിവിടെ. വേനല്‍ക്കാലത്തും ശീതകാലത്തുമെല്ലാം തന്നെ താപനിലയില്‍ അധികം മാറ്റം വരുത്താതെ സുഖകരമായ കാലാവസ്ഥ ഇവിടം യാത്രികര്‍ക്ക് ഉറപ്പു നല്‍കുന്നു. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് സിറ്റിയിലെ അതി കഠിനമായ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ സഞ്ചാരികള്‍ ഈ താഴ്വരയിലേക്ക് ഓടിയെത്താറുണ്ട്. ശീതകലമാണ് ഇവിടത്തെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍  ഏറ്റവും പറ്റിയ സമയം. കാനന സഞ്ചാരത്തിനും പാറ കയറ്റം,ട്രെക്കിംഗ് തുടങ്ങി വിവിധ വിനോദങ്ങള്‍ക്കും അനുയോജ്യമായ സമയമാണത്.

Please Wait while comments are loading...