ബദാമിയിലെത്തുന്നവര്‍ പ്രത്യേകിച്ചും ചരിത്രത്തില്‍ താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടതാണ് ഈ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം. ബദാമിനഗരത്തില്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. 1979ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് മ്യൂസിയം തുടങ്ങിയത്. ബദാമിയില്‍ നിന്നും കണ്ടെടുത്ത ചരിത്രരേഖകളും ലിഖിതങ്ങളുമെല്ലാം സൂക്ഷിക്കാന്‍ വേണ്ടിയുള്ള സ്ഥലമായിട്ടാണ് ആദ്യം ഇത് തുടങ്ങിയത്. പിന്നീട് 1982ല്‍ ഇത് മ്യൂസിയമാക്കി മാറ്റുകയും പൊതുജനത്തിന് തുറന്നുകൊടുക്കുകയുമായിരുന്നു. ആറാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിലുള്ള ഒട്ടേറെ ലിഖിതങ്ങളുള്ള ശിലാഫലകങ്ങള്‍, കല്ലില്‍ കൊത്തിയ രൂപങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഉര്‍വ്വര ആരാധനയുടെ ഭാഗമായുള്ള ലജ്ജഗൗരി രൂപങ്ങള്‍ ഇവിടെയുണ്ട്. നാല് ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. ശിവന്റെയും വിഷ്ണുവിന്റെയും പലരൂപത്തിലും രീതിയിലുമുള്ള രൂപങ്ങളുണ്ടിതില്‍. ഗണേശപ്രതിമകളും ഭഗവത്ഗീതയിലെ കഥാസന്ദര്‍ഭങ്ങള്‍ കൊത്തിവച്ചിരിക്കുന്ന ശിലകളുമെല്ലാം ഇവിടെ കാണാം. മ്യൂസിയത്തിന്റെ പ്രവേശനകവാടത്തില്‍ വച്ചിരിക്കുന്ന നന്ദിവാഹനനായ ശിവന്റെ രൂപം അതിമനോഹരമാണ്.



Click it and Unblock the Notifications