അംബോലി കാല്‍പനികമായൊരു മലയോരം

ഹോം » സ്ഥലങ്ങൾ » അംബോലി » ഓവര്‍വ്യൂ

വിനോദസഞ്ചാരപരമായി ഏറെ പ്രത്യേകതകളും വൈവിധ്യങ്ങളുമുള്ള നാടാണ് മഹാരാഷ്ട്ര. മനോഹരമായ കടല്‍ത്തീരങ്ങളും വന്‍ നഗരങ്ങളും ആരെയും മോഹിപ്പിയ്ക്കുന്ന ഹില്‍സ്റ്റേഷനുകളുമുണ്ട് മഹാരാഷ്ട്രയില്‍. ഇവിടുത്തെ ഏറ്റവും മനോഹരമായ ഹില്‍സ്‌റ്റേഷനുകളില്‍ ഒന്നാണ് അംബോലി. സഹ്യാദ്രിയുടെ ഭാഗമായ ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തിലാണ്. മഹാരാഷ്ട്രയിലെ ഹില്‍സ്റ്റേഷനുകളില്‍ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ് ഇത്. സിന്ധുദുര്‍ഗ് ജില്ലയിലാണ് അംബോലി സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഒരു പ്രധിരോധ മേഖലയെന്ന തരത്തില്‍ അംബോലി പ്രധാന്യം നേടിയത്.

1880ലാണ് അംബോലി ഒരു ഹില്‍ സ്‌റ്റേഷന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിന് മുമ്പേ സാവന്ത്‌വാടിയിലെ പ്രാദേശിക ജനത ഈ സ്ഥലത്തിന്റെ മനോഹാരിതയും കാലാവസ്ഥാപരമായ പ്രത്യേകതകളും തിരിച്ചറിഞ്ഞിരുന്നു. മണ്‍സൂണ്‍ കാലത്ത് ഏറ്റവും നല്ല മഴ ലഭിയ്ക്കുന്ന മഹാരാഷ്ട്രിയന്‍ പ്രദേശങ്ങളിലൊന്നാണിത്. അതിനാല്‍ത്തന്നെ ബ്രിട്ടീഷുകാര്‍ അംബോലിയേക്കാളും വേനല്‍ക്കാല കേന്ദ്രമെന്ന നിലയില്‍ പ്രാധാന്യം നല്‍കിയത് മതേരനായിരുന്നു. അതുമൂലം ഏറെക്കാലം മഹാരാഷ്ട്രയുടെ ഭൂപടത്തില്‍ അംബോലി ഒരു ഹില്‍സ്റ്റേഷനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നു.

മനോഹരമായ ഹില്‍ സ്‌റ്റേഷന്‍

പെട്ടെന്ന് എല്ലാതിരക്കുകളില്‍ നിന്നും മാറിനില്‍ക്കണമെന്ന് തോന്നുമ്പോള്‍ ആഴ്ചാവസാനങ്ങളില്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് അംബോലി. മഹാരാഷ്ട്രയില്‍ത്തന്നെയുള്ളവര്‍ക്കാണെങ്കില്‍ വീക്ക് എന്‍ഡ് വിനോദത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.  കാല്‍പനികമായ സ്ഥലമാഗ്രഹിയ്ക്കുന്ന പ്രണയികള്‍ക്കും അംബോലി ഏറെ സംതൃപ്തി നല്‍കുമെന്നതില്‍ സംശയം വേണ്ട. എല്ലാ ഹില്‍ സ്റ്റേഷനുകളുമെന്നപോലെ, അല്ലെങ്കില്‍ അതിലുമേറെ റൊമാന്റിക് ആണ് ഈ സ്ഥലം. വെള്ളച്ചാട്ടങ്ങളുടെ സ്വര്‍ഗ്ഗമാണ് അംബോലി. ഒട്ടേറെ മനോഹരമായ വെള്ളച്ചാട്ടങ്ങളുണ്ടിവിടെ. ദി ശിര്‍ഗോങ്കര്‍ ഫാള്‍സ്, ദി മഹാദേവ് ഫാള്‍സ്, ദി നാഗട്ട ഫാള്‍സ് എന്നിവയെല്ലാം ഇവയില്‍ ചിലത് മാത്രം.ച ഇവയില്‍ നാഗട്ട ഫാള്‍സ് ഏറെ മനോഹരമാണ് പിക്‌നിക്കിനുപറ്റിയതാണ് ഇവിടുത്തെ അന്തരീക്ഷം.

ഹിരണ്യകേശിയെന്ന വെള്ളച്ചാട്ടത്തിന് അടുത്തായി ചെറിയൊരു ശിവക്ഷേത്രമുണ്ട്. വെള്ളച്ചാട്ടംമൂലം രൂപപ്പെട്ട ഗുഹകളുടെ കവാടത്തിലാണ് ഈ ക്ഷേത്രം. പരമശിവന്‍ തന്നെ പണിത ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതൊന്നും കൂടാതെ സീ വ്യൂ പോയിന്റ്, ദി കേവല്‍സാദ് പോയിന്റ്, പരീക്ഷിത് പോയിന്റ്, മഹാദേവ്ഘട്ട് പോയിന്റ് എന്നിങ്ങനെ സന്ദര്‍ശനയോഗ്യമായ ഏറെ സ്ഥലങ്ങളുണ്ട് അംബോലിയില്‍. കൊങ്കണ്‍ തീരത്തിന്റെയും അറബിക്കടലിന്റെയും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഈ പോയിന്റുകളില്‍ നിന്നെല്ലാം ലഭിയ്ക്കുക.

അംബോലി സന്ദര്‍ശിയ്ക്കുമ്പോള്‍

വേനല്‍ക്കാലത്ത്  അംബോലി സന്ദര്‍ശിയ്ക്കാനുദ്ദേശിയ്ക്കുന്നെങ്കില്‍ നല്ലതാണ്. വേനല്‍ക്കാലത്ത് തണുപ്പുള്ള മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുക. എന്നാല്‍ മെയ് മാസത്തില്‍ സന്ദര്‍ശനം ഒഴിവാക്കണം, കാരണം ഇക്കാലത്ത് ചൂട് അല്‍പം കൂടുതലായിരിക്കും. മഴക്കാലത്തും അംബോലി സുന്ദരിയായിരിക്കും. മഴ ആസ്വദിയ്ക്കുകയെന്നതാണ് ലക്ഷ്യമെങ്കില്‍ മണ്‍സൂണ്‍ കാലത്തെ സന്ദര്‍ശനം ആസ്വാദ്യമാകുമെന്നതില്‍ സംശയം വേണ്ട. ഈ സമയത്ത് താപനില താണ് നല്ല തണുപ്പ് അനുഭവപ്പെടുമിവിടെ. അംബോലി സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും പറ്റിയ സമയം ഏതാണെന്ന് ചോദിച്ചാല്‍ എല്ലാ ഹില്‍ സ്‌റ്റേഷനുകളെയും അവയുടെ ഏറ്റവും മനോഹരമായ ഭാവത്തിലെത്തിക്കുന്ന തണുപ്പുകാലം തന്നെയെന്നേ പറയാന്‍ കഴിയൂ.

ശീതകാലത്ത് വല്ലാതെ റൊമാന്റിക്കാകും ഈ കൊച്ചുസ്ഥലം. ഹണിമൂണ്‍ ആഘോഷമോ മറ്റോ ആണ് ലക്ഷ്യമെങ്കില്‍ സംശയിക്കാതെ ശീതകാലത്തില്‍ അംബോലി തിരഞ്ഞെടുക്കാം. അംബോലിയ്ക്ക് യാത്രചെയ്‌തെത്തുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. സാവന്ത് വാടി, ഗോവ എന്നിവയ്ക്കടുത്താണ് ഈ സ്ഥലം. പരിസ്ഥിതി പരമായ ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്. പലപ്രത്യേകതകരത്തിലുള്ള ചെടികളും ജീവജാലങ്ങളുമുണ്ട് ഇവിടെ. കനോപ്പ മലനിരകളും കാടുകളുമാണ് അംബോലിയെ സുന്ദരമാക്കുന്നത്. കൊങ്കണിന്റെ മഹാബലേശ്വര്‍ എന്ന് അംബോലിയെ വിശേഷിപ്പിക്കാറുണ്ട്. ഈ വിശേഷണം വന്നത് വെറുതയല്ലെന്ന് ഒറ്റ സന്ദര്‍ശനത്തില്‍ത്തന്നെ നമുക്ക് മനസ്സിലാവുകയും ചെയ്യും.

Please Wait while comments are loading...