ലോകത്തിലെ ഏറ്റവും വലിയ ശവകുടീരങ്ങളില്‍ രണ്ടാമത്തേതാണ് ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന മുഹമ്മദ് ആദില്‍ ഷായുടെ ശവകുടീരമായ ഗോല്‍ ഗംബാസ് (ആദ്യത്തേത് സെന്റ് പീറ്റേഴ്സ് ബസിലിക്കയാണ്). 1490 - 1696 കാലഘട്ടത്തിലാണ് മുഹമ്മദ് ആദിള് ഷാ ബീജാപ്പൂര്‍ ഭരിച്ചത്. ദാബുളിലെ പ്രമുഖ ശില്പിയായിരുന്ന യാഖുത് ആണ് ഈ ശവകുടീരം രൂപകല്‍പ്പന ചെയ്തത്.
ഇരുപതിലേറെ വര്‍ഷം കൊണ്ടാണ് ഇത് പണിതു തീര്‍ത്തത്. പ്രധാന താഴിക കുടത്തിലേക്ക് നീളുന്ന പടിക്കെട്ടുകളടങ്ങിയ നാല് മിനാരങ്ങളുള്ള ഈ ശവകുടീരത്തിന്റെ ആകെ ചുറ്റളവ് 44 മീറ്ററാണ്.ഇതിനുള്ളിലെ ചെറിയ ശബ്ദം പോലും മുഴങ്ങി കേള്‍ക്കുന്ന തരത്തില്‍ വിസ്മയിപ്പിക്കുന്ന ഒരു സംവിധാനമുണ്ട്. ഇവിടെയുണ്ടാക്കുന്ന ശബ്ദം ഒമ്പത് തവണ ഉച്ചത്തിലും രണ്ട് തവണ പതിഞ്ഞും പ്രതിധ്വനിക്കും.
വളരെ പതിഞ്ഞ ശബ്ദങ്ങള്‍ പോലും ഇത്തരത്തില്‍ പ്രതിധ്വനിയ്ക്കുന്നത് കേള്‍ക്കുമ്പോള്‍ ഇതിന്റെ ശില്പിയുടെ കഴിവില്‍ അമ്പരന്നുപോകാതിരിക്കില്ല. ആദില്‍ഷായും പത്നിയും പതിവായി ഇവിടെ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഗായകരും പിന്നണിക്കാരും ഈ ഭാഗത്തിരുന്ന ഗാനാലാപനം നടത്തിയിരുന്നു. അതിന്റെ പ്രതിധ്വനി രാജാവും പത്നിയും ആസ്വദിയ്ക്കുകയും ചെയ്യുക പതിവായിരുന്നു.
ആദില്‍ ഷാ തമാശയ്ക്കായി തന്റെ പത്നിയുടെ സ്നേഹം ഇവിടെവച്ച് പരീക്ഷിച്ചെന്നും തന്റെ സ്നേഹം തെളിയിക്കാനായി പത്നി ഈ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ നിന്നും നടുത്തളത്തിലേയ്ക്ക് ചാടുകയും അവിടെ വീണു മരിയ്ക്കുകയും ചെയ്തു എന്നൊരു കഥയും ഗോല്‍ ഗംബാസിനുണ്ട്. അതിനാല്‍ത്തന്നെ പ്രണയികളുടെ പ്രിയസ്ഥലം കൂടിയാണ് ഗോല്‍ ഗംബാസ്.