മനോഹരമായ കെട്ടിടങ്ങളാണ് മിതാരി, അസര്‍ മഹല്സ്. 1640ല്‍ മുഹമ്മദ് ആദില്‍ ഷായാണ് ഈ കെട്ടിടങ്ങള്‍ പണികഴിപ്പിച്ചത്. പേര്‍ഷ്യന്‍ ശൈലിയിലാണ് കെട്ടിടങ്ങളിലെ ചിത്രപ്പണികളെല്ലാം തീര്‍ത്തിരിക്കുന്നത്. മുഗള്‍ ഭരണകാലത്ത് ഹാള്‍ ഓഫ് ജസ്റ്റിസ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് ഇവിടേയ്ക്ക് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.
മൂന്ന് വന്തൂണുകളുള്ള ഈ കെട്ടിടം മുസ്ലീം ആരാധനാലയമായിരുന്നു. കെട്ടിടത്തിന് അകത്ത് മൂന്ന് സംഭരണികളുണ്ട്. ഇവയുടെ ചുമരുകളിലെല്ലാം മനംമയക്കുന്ന ചിത്രപ്പണികളും അലങ്കാരവേലകളുമുണ്ട്. ഇതില്‍ ഒരു സംഭരണിയ്ക്ക് 15 അടി ആഴമുണ്ട്. വര്‍ഷം തോറും നടക്കുന്ന ഉറൂസാണ് പ്രധാന ആഘോഷം. അസര്‍ മഹലില്‍ എത്തിയാല്‍ നേരത്തേ കണ്ട നഗരക്കോട്ടയുടെ ചില അവശിഷ്ടങ്ങള്‍ കാണാം.
ഇസ്ലാം ഭരണത്തിന് മുമ്പ് ബീജാപ്പൂര്‍ സിറ്റിയുടെ പ്രത്യേകതകളെക്കുറിച്ച് ഏതാണ്ടൊരു ചിത്രം ഇവിടെനിന്നും ലഭിയ്ക്കും. ഇതിനകത്ത് ചില ലിഖിതങ്ങളുള്ള കല്ലുകളും മറ്റും കാണാന്‍ കഴിയും. പ്രശസ്തമായ ജുമ മസ്ജിദ് ഇതിനടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.