ബി ആര്‍ ഹില്‍സിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കാവുന്ന ഒരു കാഴ്ചയാണ് ദൊഡ്ഡ സെമ്പകെ മര അഥവാ കൂറ്റന്‍ ചെമ്പകമരം. ഏകദേശം 24 മീറ്റര്‍ ഉയരത്തിലായി 20 മീറ്റര്‍ സ്ഥലത്ത് വിരിഞ്ഞ് വിടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്നു ഈ കൂറ്റന്‍ മരം. ഈ മരത്തിന് രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ബി ആര്‍ ഹില്‍സില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയായി ഒരു ക്ഷേത്രത്തിനകത്തായാണ് കൂറ്റന്‍ ചെമ്പകമരത്തിന്റെ നില്‍പ്. ക്ഷേത്രത്തിന് അടുത്തെത്തുമ്പോള്‍ മരത്തിന്റെ പരിസരത്തായി പ്രതിഷ്ഠിച്ചിരിക്കുന്ന നിരവധി ശിവലിംഗങ്ങള്‍ സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കും.
സോലിഗെ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ക്ക് വളരെ വിശേഷപ്പെട്ടതാണ് ഈ ചെമ്പകമരം. ഏപ്രില്‍ മാസമാകുമ്പോള്‍ മരത്തില്‍ ചുവപ്പു കലര്‍ന്ന മഞ്ഞ നിറത്തിലുള്ള പൂക്കള്‍ നിറയും. കെട്ടുപിണഞ്ഞുകിടക്കുന്ന തായ്തടികള്‍ കണ്ട് ശിവവിഗ്രഹത്തോടും ചിലപ്പോള്‍ ഈ മരത്തെ ഉപമിക്കാറുണ്ട്. സോലിഗെ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ ശിവരാത്രി നാളില്‍ മരത്തിനു ചുറ്റും തീ കൂട്ടി നൃത്തം ചെയ്യുകയും ദൊഡ്ഡ സെമ്പകെമരത്തെ ദൈവമായി കണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കാവേരിയുടെ ഉപനദിയായ ഭാര്‍ഗ്ഗവി നദി ദൊഡ്ഡ സെമ്പകമരത്തിന്റെ ചുവട്ടിലൂടെയാണ് ഒഴുകുന്നത്. ജമദഗ്നി മഹര്‍ഷിയുടെ പത്‌നിയായ രേണുകയാണ് നദിയായി ഒഴുകുന്നത് എന്നാണ് ഇവിടത്തെ നാട്ടുകാരുടെ വിശ്വാസം.



Click it and Unblock the Notifications