ആനയെക്കാണാനും കാവേരിയില്‍ നീന്താനും ദുബാരെ

ഹോം » സ്ഥലങ്ങൾ » ദുബാരെ » ഓവര്‍വ്യൂ

കര്‍ണാടക സംസ്ഥാനത്തിലെ മൈസൂരില്‍ നിന്നും മടിക്കേരിയിലേക്കുള്ള വഴിയില്‍ ഇരുപത്തിയഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ആനവളര്‍ത്തലിന് പേരുകേട്ട ദുബാരെയില്‍ എത്താം. കൂര്‍ഗിനടുത്തായാണ് കാവേരിയുടെ തീരത്ത് ദുബാരെ എന്ന പേരില്‍ പ്രശസ്തമായ ആനവളര്‍ത്തല്‍ കേന്ദ്രം. മൈസൂര്‍ രാജാക്കന്മാരുടെ കാലത്തേയുള്ള ആനവളര്‍ത്തല്‍ കേന്ദ്രമാണ് ദുബാരെ. മൈസൂരിലെ ദസറ ആഘോഷങ്ങളില്‍ എഴുന്നള്ളിച്ചിരുന്ന ആനകളെ ഇവിടെ നിന്നുമാണ് പരിശീലിപ്പിച്ചിരുന്നത്.

ദുബാരെയിലെ വന്യജീവിസങ്കേതം

ആനകള്‍ക്കുപുറമേ വിവിധതരം മാനുകള്‍, പുള്ളിപ്പുലി, കടുവകള്‍ തുടങ്ങിയവയെയും ഇവിടെ കാണാം.ആനകളെ നേരത്തെ തടിപിടിക്കാനും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആനസംരക്ഷണ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ആനകളെക്കുറിച്ചുള്ള എല്ലാവിവരങ്ങളും നല്‍കാന്‍ ഇവിടെ പരിശീലനം നേടിയ ആളുകളുണ്ട്. ആനകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനും അടുത്തുപോയി പഴവും മറ്റും വായില്‍വച്ച് കൊടുക്കുന്നതിനും ധൈര്യമുള്ളവര്‍ക്ക് അതും ആവാം.

കാവേരി നദിയിലിറങ്ങി ആനകള്‍ കുളിക്കുന്നതും ഇവിടെ കണ്ടിരിക്കേണ്ട ഒരു രാജകീയദൃശ്യമാണ്. ട്രക്കിംഗിനും റാഫ്റ്റിംഗിനും അനുയോജ്യമാണ് ഇവിടം. കാവേരി നദിയിലൂടെ കിലോമീറ്ററുകള്‍ നീണ്ട റാഫ്റ്റിംഗിനും ഫൈബര്‍ വള്ളത്തില്‍ സാഹസികയാത്ര നടത്തുന്നതിനും ഇവിടെ സൗകര്യമുണ്ട്. ലൈഫ് ജാക്കറ്റും മറ്റുമണിഞ്ഞ് നദിയിലിറങ്ങണമെന്ന് ആഗ്രഹമുള്ള സാഹസികര്‍ക്ക് അതുമാവാം. പക്ഷികളെക്കാണാനും നിരീക്ഷിക്കാനും താല്‍പര്യമുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലംകൂടിയാണ് ദുബാരെ.

Please Wait while comments are loading...