ധോളവീരയിലൂടെയുള്ള യാത്ര രസകരവും ഒപ്പം അതിശയിപ്പിക്കുന്നതും ആയിരിക്കും. ഭുജില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പ്രദേശമാണ് ധോളവീര. കോടഡ ടിമ്പ എന്നാണ് ധോളവീര പ്രാദേശികമായി അറിയപ്പെടുന്നത്. ഹാരപ്പന്‍ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധോളവീര, ഇന്ത്യയിലെ സിന്ധൂനദീതട സാംസ്കാരിക കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. കച്ച് ഡെസര്‍ട്ട് വന്യജീവി സങ്കേതത്തിലെ ഖാദിര്‍ ബെറ്റ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ധോളവീര 1967-68 കാലഘട്ടത്തിലാണ് കണ്ടെത്തിയത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടെത്തപ്പെട്ട സിന്ധൂനദീതട സാംസ്കാരിക കേന്ദ്രങ്ങളില്‍ വലുപ്പത്തില്‍ അഞ്ചാം സ്ഥാനം ധോളവീരയ്ക്കുണ്ട്. 1990 മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇവിടെ പര്യവേഷണങ്ങള്‍ നടന്നുവരുകയാണ്. നൂറ് ഏക്കറില്‍ പരന്നുകിടക്കുന്ന ധോളവീര ദീര്‍ഘചതുരാകൃതിയിലുള്ള പ്രദേശമാണ്. കൃത്യമായ ജ്യാമിതീയ രീതിയിലായിരുന്നു ഈ പുരാതന നഗരത്തിന്റെ നിര്‍മ്മിതി. അതുകൊണ്ട് തന്നെ നഗരത്തില്‍ മൂന്ന് പ്രധാന ഭാഗങ്ങളായി വിഭജിച്ചിരുന്നു.
കോട്ട, നഗരമധ്യം, താഴ്ന്ന പട്ടണഭാഗം എന്നിവയായിരുന്നു ഈ ഭാഗങ്ങള്‍. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇവയെല്ലാം നിര്‍മ്മിച്ചിരുന്നത്. ധോളവീരയുടെ മറ്റൊരു പ്രധാന സവിശേഷതയാണ് ഇവിടെ നിലനിന്നിരുന്ന ജല സംരക്ഷണ സംവിധാനം. ലോകത്തിലെ തന്നെ ഏറ്റവും പഴയ ജലസംരക്ഷണ സംവിധാനമായാണ് ഇത് കണക്കാക്കപ്പെടുന്നത്.