ബാഹുകോട്ടയെ ആവരണം ചെയ്ത് വിലയിക്കുന്ന ബാഗ് ഇ ബാഹു ഉദ്യാനത്തില്‍ ഇയ്യിടെയായി പണിതൊരുക്കിയതാണ് ബാഗ് ഇ ബാഹു അക്വേറിയം. ഭീമാകാരമായ ഒരു മത്സ്യത്തിന്റെ രൂപത്തില്‍ പണിതിട്ടുള്ള ഈ അക്വേറിയത്തിന് ഇരുപത്തി നാല് ഗുഹകളുണ്ട്. അവ വീണ്ടും പതിമൂന്ന് ചെറു ഗുഹകളായി വേര്‍തിരിച്ചിരിക്കുന്നു. ശുദ്ധജല മത്സ്യങ്ങളെയും സമുദ്രജല മത്സ്യങ്ങളെയും ഈ അറകളില്‍ പ്രത്യേകം പ്രത്യേകം തരംതിരിച്ചിട്ടുണ്ട്. ഇരുനൂറ്റി ഇരുപത് മീറ്റര്‍ നീളത്തില്‍ ഭൂമിക്കടിയിലാണ് ഇത് പണിതിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭൂഗര്‍ഭ അക്വേറിയമാണിത്.
നാനൂറ് വിഭിന്ന ജാതികളില്‍ പെട്ട മത്സ്യങ്ങള്‍ ഈ അക്വേറിയത്തിലുണ്ട്. മത്സ്യനിരീക്ഷണത്തിന് പുറമെ ഇവിടെയുള്ള മ്യൂസിയവും ദൃശ്യ ശ്രാവ്യ കേന്ദ്രവും പബ്ളിക് ഗാലറിയും ജലസംബന്ധിയായ അവബോധമുണര്‍ത്തുന്ന ലബോറട്ടറിയും സന്ദര്‍ശകര്‍ക്ക് ആസ്വാദനത്തിന്റെ പുതുമകള്‍ സമ്മാനിക്കും.



Click it and Unblock the Notifications