കുക്കെ സുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പേരും സുബ്രഹ്മണ്യയെന്നാണ്. കുമാരധാര നദിക്കരിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നദികളും, കുന്നുകളും, കാടുമെല്ലാമുള്ള ഒരു പ്രത്യേക അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദിശേഷന്റെ മുകളില്‍ വാസുകി, വാസുകിയ്ക്ക് മുകളില്‍ മയൂരവാഹനനായ സുബ്രഹ്മണ്യന് അങ്ങനെയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
സര്‍പ്പദോഷപരിഹാരത്തിന് പ്രശസ്തമാണ് ഈ ക്ഷേത്രം. തൈപ്പൂയമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. ഈ സമയത്ത് വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. ക്ഷേത്രത്തില്‍ ഉച്ചയ്ക്കും രാത്രിയിലും ഭക്തര്‍ക്കായി അന്നദാനം നടത്തിവരുന്നുണ്ട്. കാലത്തുതന്നെ ക്ഷേത്രനട തുറന്ന് പൂജകള്‍ തുടങ്ങും. ഏഴുമണിയാകുമ്പോഴാണ് ഭക്തര്‍ക്കായി നട തുറക്കുന്നത്.