സര്‍പ്പങ്ങള്‍ക്കൊപ്പം വാഴുന്ന കുക്കെ സുബ്രഹ്മണ്യന്‍

കര്‍ണാടകത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. വര്‍ഷാവര്‍ഷം ഏറെ തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. കുമാരധാര നദിക്കരയിലെ സുബ്രഹ്മണ്യ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സുബ്രഹ്മണ്യനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍ ഏറെയുണ്ടെങ്കിലും അവയ്‌ക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിനുണ്ട്. സര്‍വ്വദൈവങ്ങളുടെയും രക്ഷകന്‍ എന്ന നിലയ്ക്കാണ് ഇവിടെ സുബ്രഹ്മണ്യനെ ആരാധിയ്ക്കുന്നത്. ഈ പ്രത്യേകത തന്നെയാണ് സര്‍പ്പാരാധനയില്‍ വിശ്വസിയ്ക്കുന്നവരെയും സബ്രഹ്മണ്യനെ ആരാധിയ്ക്കുന്നവരെയും ഇവിടേയ്ക്ക് ഒരുപോലെ ആകര്‍ഷിയ്ക്കുന്നത്. കുമാരധാര, തര്‍പ്പണ എന്നീ നദികളുടെ ഉത്ഭവസ്ഥാനമായ കുമാരപര്‍വതത്തിന്റെ അടിവാരത്തിലായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

 

ക്ഷേത്രത്തിന് പിന്നിലെ ഐതിഹ്യം

സര്‍പ്പങ്ങളുടെ രാജാവയ വാസുകി തപസുചെയ്ത് പരമശിവനെ പ്രീതിപ്പെടുത്തുകയും ഗരുഡന്റെ ആക്രമണത്തില്‍ നിന്നും സര്‍പ്പങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിയ്ക്കുകയും ചെയ്തു. വാസുകിയുടെ തപസില്‍ സംപ്രീതനായ ശിവന്‍ അപേക്ഷ കൈക്കൊണ്ടു. എന്നിട്ട് അപേക്ഷ പ്രകാരം സര്‍പ്പങ്ങളെ രക്ഷിക്കാനായി സുബ്രഹ്മണ്യനെ അയയ്ക്കുകയും ചെയ്തു. അന്നുമുതലാണ് സുബ്രഹ്മണന്യനെ സര്‍പ്പങ്ങളുടെ രക്ഷകന്‍ എന്ന നിലയില്‍ ആരാധിയ്ക്കാന്‍ തുടങ്ങിയത്.

ആദിശേഷന് മുകളില്‍ വാസുകി, വാസുകിയുടെ മുകളില്‍ മയിലിന്റെ പുറത്തിരിക്കുന്ന സുബ്രഹ്മണ്യന്‍ അതാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ രീതി. ക്ഷേത്രത്തിലെ ഗരുഡ ഗോപുരം പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ക്ഷേത്രത്തിനുള്ളില്‍ വസിയ്ക്കുന്ന വാസുകിയുടെ ശ്വാസത്തില്‍ കലര്‍ന്നിരിക്കുന്ന വിഷം പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന ഭക്തരില്‍ പതിയ്ക്കാതിരിക്കാനായിട്ടാണ് വെള്ളിയില്‍ ഈ ഗോപുരം പണിതിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ആശ്ലേഷ ബലി, സര്‍പ്പ സംസ്‌കാര എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന പൂജകള്‍.

Please Wait while comments are loading...