മൈസൂര്‍ : കൊട്ടാരങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നഗരം

ഹോം » സ്ഥലങ്ങൾ » മൈസൂര്‍ » ഓവര്‍വ്യൂ

ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്നായ മൈസൂര്‍ കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കാഴ്ചക്കാരുടെ മനസ്സിനെ വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത മനോഹരമായ പൂന്തോട്ടങ്ങളും വര്‍ണവൈവിദ്ധ്യത്തിനും ആഡംബരത്തിനും പേരുകേട്ട കൊട്ടാരങ്ങളും മൈസൂരിനെ ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമാക്കുന്നു. ചരിത്രപരവും കലാപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടനവധി പ്രത്യേകതകളുണ്ട് കൊട്ടാര നഗരമെന്നുകൂടി വിളിപ്പേരുള്ള ഈ ഉദ്യാനത്തിന്.

ചന്ദനത്തിന്റെയും റോസിന്റെയും നറുമണം നിറഞ്ഞുനില്‍ക്കുന്നതാണ് മൈസൂരിന്റെ നടവഴികള്‍. സാന്‍ഡല്‍വുഡ് സിറ്റിയെന്നും ആനക്കൊമ്പുകളുടെ നഗരമെന്നും മൈസൂരിന് പേരുകളുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന യോഗ കേന്ദ്രവും മറ്റെവിടെയുമല്ല. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി നിരവധിയാളുകളാണ് യോഗനഗരമെന്നുകൂടി വിളിക്കപ്പെടുന്ന മൈസൂരിലെത്തുന്നത്.

ഐതിഹ്യങ്ങളില്‍ മൈസൂര്‍

അസുരരാജാവായ മഹിഷാസുരന്റെ പ്രദേശമായിരുന്നു ഇവിടമെന്ന് ദേവീ ഭാഗവതത്തില്‍ പരാമര്‍ശങ്ങളുണ്ട്. മഹിഷന്റെ ഊര് എന്നത് മഹിഷൂരു (എരുമയൂര്) എന്നും പിന്നീട് മൈസൂരു എന്നും അറിയപ്പെട്ടു. ഇതിന്റെ ആംഗലേയരൂപമായാണ് മൈസൂര്‍ എന്ന പേരുണ്ടായതെന്നാണ് കരുതുന്നു. മഹിഷാസുരനെ വധിക്കാനായി ചാമുണ്ഡിയുടെ രൂപമെടുത്ത ദേവിയാണ് മൈസൂരിന്റെ കുലദേവത. മൈസൂര്‍ നഗരത്തിന്റെ കിഴക്കുഭാഗത്തായാണ് ദേവി കുടികൊള്ളുന്ന ചാമുണ്ഡിഹില്‍സ്.

ചരിത്രത്തിലേക്ക്

മൗര്യവംശ രാജാവായിരുന്ന അശോകന്റെ കാലത്തെ പ്രധാന നഗരങ്ങളിലൊന്നായിരുന്നു മൈസൂര്‍. 245 ബി സി കാലത്തുള്ള പുരാതന സാഹിത്യകൃതികളില്‍ ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. പത്താം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകളിലും മൈസൂരിന്റെ സുപ്രധാന സാന്നിധ്യം കാണാം. രണ്ടാം നൂറ്റാണ്ടുമുതല്‍ 1004 വരെ ഗംഗന്മാരാണ് മൈസൂര്‍ ഭരിച്ചിരുന്നത്. തുടര്‍ന്ന് ഒരു നൂറ്റാണ്ട് കാലത്തോളം ചോളന്മാരും പിന്നീട് ചാലൂക്യന്മാരും മൈസൂര്‍ ഭരിച്ചു. പത്താം നൂറ്റാണ്ടില്‍ വീണ്ടും ചോളന്മാര്‍ അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും ഹോയ്‌സാലര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ കീഴടക്കി. ഇന്നുകാണുന്ന പ്രധാന ക്ഷേത്രങ്ങള്‍ പണിതതും മൈസൂരിന്റെ അതിര്‍ത്തി വര്‍ദ്ധിപ്പിച്ചതും ഹൊയ്‌സാലരാണ്.

വിജയനഗര രാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന യദുവംശജര്‍ 1399 മുതല്‍ മൈസൂര്‍ ഭരിച്ചുതുടങ്ങി. യാദവവംശരുടെ പിന്മറക്കാരെന്നു കരുതപ്പെടുന്ന ഇവരാണ് പിന്നീട് വോഡയാര്‍മാരാകുന്നത്. 1584ല്‍ ബെട്ടാട ചാമരാജ വോഡയാര്‍ മൈസൂര്‍ കൊട്ടാരം പുതുക്കിപ്പണിയുകയും അത് തന്റെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. 1610 ല്‍ അദ്ദേഹം തന്റെ ആസ്ഥാനം ശ്രീരംഗപട്ടണത്തിലേക്ക് മാറ്റി.

1761 മുതല്‍ 1799 വരെ മൈസൂര്‍ ഭരിച്ചിരുന്നത് സുല്‍ത്താന്‍ ഹൈദരലിയും മകന്‍ ടിപ്പുവുമായിരുന്നു. 1799 ല്‍ മൈസൂര്‍ ടൈഗറെന്നറിയപ്പെട്ടിരുന്ന ടിപ്പു സുല്‍ത്താന്റെ മരണത്തിനുശേഷം മൈസൂര്‍ വീണ്ടും വോഡയാര്‍ രാജവംശത്തിന്റെ കീഴിലായി. 1894 മുതല്‍ 1940 വരെയുള്ള കൃഷ്ണ രാജ വാഡിയാരുടെ കാലത്താണ് കൃത്യമായ പ്ലാനിംഗോടെ മനോഹരമായ ഒരു സിറ്റിയായി മൈസൂര്‍ മാറുന്നത്. മികച്ച റോഡുകളും കെട്ടിടങ്ങളും സുന്ദരങ്ങളായ പൂന്തോട്ടങ്ങളും തടാകങ്ങളുമായി മൈസൂര്‍ ഇന്നത്തെ മൈസൂരായി മാറാന്‍ തുടങ്ങുന്നത് ഇക്കാലത്താണ്.

പ്രാദേശിക സംസ്‌കാരവും ആകര്‍ഷണങ്ങളും

കലയുടെയും കരകൗശലത്തിന്റെയും രുചികളുടെയും ലൈഫ് സ്റ്റൈലിന്റെയും മറ്റും കാര്യത്തില്‍ തനതായ കയ്യൊപ്പ് പതിഞ്ഞിരിക്കുന്ന ഒരു സംസ്‌കാരമാണ് മൈസൂരിന്റേത്. പല നിറങ്ങളിലുള്ളവരേയും പല ഭാഷകള്‍ സംസാരിക്കുന്നവരേയും മൈസൂരില്‍ കാണാം. മൈസൂര്‍ ജില്ലയുടെ ഭരണകേന്ദ്രമായ മൈസൂര്‍ നഗരത്തില്‍ കാഴ്ചകള്‍ക്ക് പഞ്ഞമില്ല. പൈതൃകക്കെട്ടുകള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, തടാകങ്ങള്‍, കാഴ്ച ബംഗ്ലാവ്, പൂന്തോട്ടം എന്നിങ്ങനെ പോകുന്ന മൈസൂരിലെ കാഴ്ചകള്‍ കണ്ടുതീര്‍ക്കാനെളുപ്പമല്ല.

കൊട്ടാരങ്ങളുടെ നഗരമെന്ന പേര് മൈസൂരിന് അറിഞ്ഞിട്ടതാണെന്ന് തോന്നും. നിരവധി കൊട്ടാരങ്ങളുണ്ട് നഗരത്തില്‍. അംബാ പാലസ് എന്നുകൂടി വിളിക്കപ്പെടുന്ന മൈസൂര്‍ കൊട്ടാരമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ഇന്ത്യയിലെ തന്നെ കണ്ടിരിക്കേണ്ട കാഴചകളില്‍ ഒന്നാണ് മൈസൂര്‍ കൊട്ടാരം.

ചാമുണ്ഡി മല, മൈസൂര്‍ മൃഗശാല, ആര്‍ട്ട് ഗാലറി, ലളിതമഹല്‍ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍, റെയില്‍ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയാണ് മൈസൂരിലെ മറ്റ് പ്രധാന കാഴ്ചകള്‍.

ശ്രീരംഗപട്ടണം, നഞ്ചന്‍ഗുഡ്, ശിവനസമുദ്രം വെള്ളച്ചാട്ടം, തലക്കാട്, സോമനാഥപുരം, മേല്‍ക്കോട്ടെ,  ഹാലെബിഡ്, ബേലൂര്‍, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്, ശ്രാവണബലഗോള, കൂര്‍ഗ് എന്നിവയാണ് മൈസൂരിനടുത്തുള്ള പ്രശശ്തമായ ചില ടൂറിസ്റ്റ് സങ്കേതങ്ങള്‍. രാംനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ റോക്ക് ക്ലൈംബിംഗിനുള്ള സൗകര്യമുണ്ട്. സാവന്‍ ദുര്‍ഗ, കബ്ബാല്‍ ദുര്‍ഗ, തുംകൂര്‍, തുറഹള്ളി, കനകപുര എന്നിവയാണ് മൈസൂരിന്റെ പരിസരത്തായി റോക്ക് ക്ലൈംബിംഗ് വാഗ്ദാനം ചെയ്യുന്ന മറ്റിടങ്ങള്‍.

ബിലിഗിരിരംഗണ ഹില്‍സ്, ചിക്കമഗളൂര്‍, ഹാസ്സന്‍, കൊടക് എന്നിവയാണ് ട്രക്കിംഗിനായുള്ള മൈസൂരിന്റെ പ്രാന്തപ്രദേശങ്ങള്‍. മീന്‍പിടിക്കാന്‍ കൊതിയുള്ളവര്‍ക്ക് കാവേരി ഫിഷിംഗ് ക്യാംപില്‍ അല്‍പസമയം ചിലവഴിക്കാവുന്നതാണ്. നാഗര്‍ഹോളെ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക്, ബി ആര്‍ ഹില്‍സ് സാംഗ്ച്വറി, രംഗണാതിട്ടു ബേര്‍ഡ് സാംഗ്ച്വറി എന്നിവയാണ് മൈസൂരിനടുത്തുള്ള പക്ഷിസങ്കേതങ്ങള്‍.

ആനക്കൊമ്പില്‍ തീര്‍ത്ത കരകൗശവലവസ്തുക്കള്‍ക്ക് പ്രശസ്തമാണ് മൈസൂര്‍. പട്ടിനും ചന്ദനത്തിനും പേരുകേട്ട നഗരം. പത്ത് ദിവസത്തെ ദസറയാണ് മൈസൂരിലെ പേരുകേട്ട ഉത്സവം. സമുദ്രനിരപ്പില്‍നിന്നും 770 മീറ്റര്‍ ഉയരത്തിലായി തെക്കന്‍ കര്‍ണാടകത്തില്‍ കാവേരി, കബനി നദികള്‍ക്കിടയിലായാണ് മൈസൂരിന്റെ കിടപ്പ്. വര്‍ഷം മുഴുവന്‍ സാമാന്യം ഭേദപ്പെട്ട കാലാവസ്ഥ ഉറപ്പുതരുന്ന മൈസൂരിലേക്ക് കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂരില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരമുണ്ട്. മണ്ടാക്കലി എന്നറിയപ്പെടുന്ന മൈസൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാനസര്‍വ്വീസുകളുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നയനമനോഹരമായ കാഴ്ചകളും കോര്‍ത്തിണക്കി കാഴ്ചക്കാരെ വിളിക്കുന്ന മൈസൂരിന് കര്‍ണാടകയുടെ സാംസ്‌കാരിക തലസ്ഥാനമെന്ന വിശേഷണം ഒട്ടും അധികമാകില്ല.

Please Wait while comments are loading...