അസ്തമയക്കാഴ്ചകളുടെ ബൈന്ദൂര്‍

ഹോം » സ്ഥലങ്ങൾ » ബൈന്ദൂര്‍ » ഓവര്‍വ്യൂ

അതിമനോഹരങ്ങളാണ് കര്‍ണാകത്തിലെ കടല്‍ത്തീരങ്ങള്‍. നമ്മള്‍ പതിവായി കണ്ടുശീലിച്ചവയില്‍ നിന്നും വ്യത്യസ്തമാണ് ഇവിടത്തെ ഓരോ തീരങ്ങളും. കുന്നുകളും പച്ചപ്പും നിറഞ്ഞ കടലോരങ്ങളില്‍ പലതും നമ്മളെ മടങ്ങിപ്പോകാന്‍ തോന്നാത്തതരത്തില്‍ ചേര്‍ത്തുനിര്‍ത്തും. പലതീരങ്ങള്‍ക്കും സമീപം വന്‍നഗരങ്ങളില്ല. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ ഇഷ്ടപ്പെടുന്ന സ്വച്ഛതയും സുഖവും ഇവിടെക്കിട്ടും. പതിവ് ബീച്ച് കേന്ദ്രങ്ങളിലെന്നപോലെയുള്ള തിരക്കുകളോ, മലിനീകരണങ്ങളോ ഇവിടെപ്പലേടങ്ങളിലും ഇല്ല, അതുതന്നെയാണ് സഞ്ചാരികളെ ഇങ്ങോട്ട് കൂടുതലായി ആകര്‍ഷിക്കുന്നതും.

കര്‍ണാടകത്തിലെ തീരങ്ങളില്‍ മനോഹരമായ അസ്തമയക്കാഴ്ചകള്‍ക്കു പേരുകേട്ട തീരമാണ് ബൈന്ദൂരിലേത്. ഉഡുപ്പി ജില്ലയിലെ കുന്ദാപുരതാലൂക്കിലെ ചെറു ഗ്രാമമാണ് ബൈന്ദൂര്‍. തീരത്തിനുടുത്തുതന്നെ ശിവപ്രതിഷ്ഠയുള്ള ശ്രീ സോമേശ്വര ക്ഷേത്രവുമുണ്ട്. ക്ഷേത്രവും കടല്‍ത്തീരവുമെല്ലാം ചേര്‍ന്നൊരുക്കുന്ന അപൂര്‍വ്വമായി മാത്രം കാണാവുന്ന ഒരു സൗന്ദര്യം നമുക്കിവിടെ ആസ്വദിക്കാന്‍ കഴിയും. നാട്യങ്ങളേതുമില്ലാത്ത തനിഗ്രാമമാണ് ബൈന്ദൂര്‍.

ബൈന്ദൂരിനെക്കുറിച്ച്

ബൈന്ദൂരിനെക്കുറിച്ച് ഒട്ടേറെ ഐതീഹ്യങ്ങളും കഥകളുമുണ്ട്.  ബിന്ദുപുരം എന്നായിരുന്നുവത്രേ ഈ ഗ്രാമത്തിന്റെ യഥാര്‍ത്ഥ പേര്. പിന്നീടെപ്പോഴെ അത് ബൈന്ദൂരെന്നായി മാറുകയായിരുന്നു. ബിന്ദുവെന്ന മുനി തപസുചെയ്ത സ്ഥലമായതിനാല്‍ ബൈന്ദൂരെന്ന പേര്‍ ലഭിച്ചതായാണ് വിശ്വാസം. ഗ്രാമത്തിലെ ഒട്ടിനനെ എന്ന സ്ഥലത്തെ കുന്നിന്‍മുകളിലായിരുന്നു മുനിയുടെ കഠിനതപസ്സ്. ഈ കുന്നുകയറിയെത്തിയാല്‍ കടലിന്റെയും ഗ്രാമത്തിന്റെയും സുന്ദരമായ ദൃശ്യം ആസ്വദിയ്ക്കാം. കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തിലേയ്ക്ക് ഇവിടെനിന്നും അധികം അകലമില്ല. മാറവന്തെയും മുരുഡേശ്വരും ബൈന്ദൂരിന് അടുത്താണ്. മുരുഡേശ്വരത്ത്  മൂന്നുവശത്തും കടലിനാല്‍ ചുറ്റപ്പെട്ട ഒരു ക്ഷേത്രമുണ്ട്. മാറവന്തെയിലാണെങ്കില്‍ ബീച്ചിന്റെ മറ്റൊരു മുഖം കൂടി കാണുകയും ചെയ്യാം.

ബൈന്ദൂരിലെ കാലാവസ്ഥ പൊതുവേ പ്രസന്നമാണ്. ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ബൈന്ദൂര്‍യാത്രയ്ക്ക് ഏറ്റവും പറ്റിയ സമയം. കൊങ്കണ്‍റെയില്‍വെ വഴി ബൈന്ദൂരിലെത്തുക എളുപ്പമാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 480 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ബാംഗ്ലൂരില്‍ നിന്നും മംഗലാപുരത്തുനിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുണ്ട്.

Please Wait while comments are loading...