കൊച്ചിയിലിപ്പോൾ താരം വാട്ടർ മെട്രോയാണ്. എന്താണ് വെള്ളത്തിലോടുന്ന ഈ മെട്രോ എന്നറിയുവാനുള്ള കൗതുകമാണ് ആളുകളെ ഇവിടെയെത്തിക്കുന്നത്. എന്നാൽ അവധിക്കാലം തീരുന്നതിനു മുമ്പ്‍ അങ്ങനെയൊരു യാത്ര പ്ലാൻ ചെയ്താലോ? മെട്രോ ട്രെയിൻ കയറി, വാട്ടർ മെട്രോയിലും കയറി ഫോര്‍ട്ട് കൊച്ചിയും ലുലു മാളും കണ്ടൊരു യാത്ര
ഈ തിരക്കിലും ചൂടിലും കൊച്ചിയെങ്ങനെ കണ്ടുവരാന്‍ ആണെന്നാണോ സംശയം. ഒരൊറ്റ ദിവസമുണ്ടെങ്കിൽ കേരളത്തിൽ എവിടെ നിന്നും കൊച്ചിയിലെത്തി മെട്രോയും വാട്ടർ മെട്രോയും കയറി വേണമെങ്കിൽ ഫോർട്ട് കൊച്ചിയിലും പോയി, രുചികരമായ ഭക്ഷണവും കഴിച്ച് ഒരു ദിവസം രസകരമായി ചിലവഴിക്കാം. എങ്ങനെയെന്നല്ലേ.. സംഗതി എളുപ്പമാണ്. നിങ്ങൾ കൊച്ചിയിൽ വന്നാൽ മതി.

രാവിലെ 7.00- 7.30 മണിയോടെ വൈറ്റിലയിൽ എത്തുന്ന വിധത്തിൽ നിങ്ങളുടെ യാത്ര ക്രമീകരിക്കണം. കാസർകോഡ് നിന്നും കണ്ണൂർ നിന്നുമുള്ള എറണാകുളം വഴി പോകുന്ന ദീർഘദൂര ബസുകൾ മിക്കവയും പുലർച്ചെ 4-5 മണിയോടെ വൈറ്റില കടന്നു പോകാറുണ്ട്. അങ്ങനെയാണെങ്കിൽ വൈറ്റിലയിൽ മുറിയെടുത്ത് ഫ്രഷായി യാത്രയ്ക്കൊരുങ്ങാം. രാവിലെയെത്തുവാൻ സാധിക്കില്ലെങ്കിൽ തലേന്ന് രാത്രി കൊച്ചിയിലെത്തി ഒരു മുറിയെടുക്കാം.
പ്രഭാതഭക്ഷണം കഴിച്ച ശേഷം വൈറ്റിലയിൽ നിന്നും മെട്രോ ട്രെയിൻ കയറി എംജി റോഡിൽ ഇറങ്ങാം. ഇവിടുന്ന് ഒരു ഓട്ടോയ്ക്ക് പോകുവാനുള്ള ദൂരമേ ഹൈക്കോടതി ജംങ്ഷനിലക്കുള്ളൂ. ഇവിടെ, ഹൈക്കോർട്ട് ജംഗ്ഷനിൽ ഉള്ള വാട്ടർ മെട്രോയുടെ സ്റ്റേഷനിൽ നിന്നും വൈപ്പിനിലേക്ക് വാട്ടർ മെട്രോ കയറാം, ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിൽ 20 രൂപയാണ് വാട്ടര്‍ മെട്രോയുടെ ടിക്കറ്റ് നിരക്ക്. തുടർന്ന് വൈപ്പിനിൽ ഇറങ്ങി അവിടെ നിന്നും റോ റോ ബോട്ടിൽ കയറി ഫോര്‍ട്ട് കൊച്ചിയിലേക്ക് പോകാം.

വൈപ്പിൻ - ബോൾഗാട്ടി - ഹൈക്കോടതി, വൈറ്റില - കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് ഇപ്പോൾ വാട്ടർ മെട്രോ സർവീസുള്ളത്. നിലവിൽ എട്ടു ബോട്ടുകളാണ് സർവീസ് നടത്തുക. ഓരോ പതിനഞ്ച് മിനിറ്റിലും ബോട്ട് സർവീസുകൾ ലഭ്യമാണ്. ഒരു ബോട്ടിൽ 100 പേർക്കാണ് യാത്ര ചെയ്യുവാൻ സാധിക്കുന്നത്, 50 പേർക്ക് നിന്നും 50 പേർക്ക് ഇരുന്നും യാത്ര ചെയ്യാം. യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി പാസഞ്ചർ കണ്ടോളിങ് സിസ്റ്റവും വാട്ടർ മെട്രോയിൽ പ്രവർത്തിക്കുന്നു.
ഫോര്‍ട്ട് കൊച്ചിയിൽ ബോട്ടിറങ്ങി അവിടുത്തെ കാഴ്ചകളെല്ലാം നടന്നു കണ്ടാസ്വദിക്കാം. നടന്നാലും കണ്ടാലും തീരാത്ത കാഴ്ചകളാണ് ഫോർട്ട് കൊച്ചിയുടെ ആകർഷണം. ഫോർട്ട് കൊച്ചി ബീച്ച്, ചീനവലകൾ, സാന്റാക്രൂസ് ബസലിക്ക, സെന്റ് ഫ്രാന്‍സീസ് പള്ളി, ഡച്ച് സെമിത്തേരി,പഴയ കെട്ടിടങ്ങൾ, രൂപമാറ്റം വന്ന കഫേകൾ, ബംഗ്ലാവുകൾ എന്നിങ്ങനെ ഇഷ്ടംപോലെ കാഴ്ചകളാണ് ഇവിടെയുള്ളത്. ഫോര്‍ട്ട് കൊച്ചിയിലെ വാസ്‌കോഡ ഗാമ സ്‌ക്വയര്‍,മട്ടാഞ്ചേരി ജൂതപള്ളി, സിനഗോഗ് തുടങ്ങിയ ഇടങ്ങളും ഇവിടെ കാണാം.

ഫോർട്ട് കൊച്ചിയിൽ നിന്നും തിരികെ ബോട്ട് ജെട്ടിയിലേക്ക് വന്ന് ഇവിടെ നിന്നും എറണാകുളം ബോട്ട് ജെട്ടിയിലേക്ക് ബോട്ടിൽ കയറി വരാം. ഓരോ 20 മിനിറ്റ് കൂടുമ്പോഴും ഈ റൂട്ടിൽ ബോട്ട് സർവീസുണ്ടാകും. വെറും 20 മിനിറ്റ് സമയം മതിയാകും ഫോർട്ട് കൊച്ചിയിൽ നിന്നും എറണാകുളത്ത് ബോട്ട് മാർഗം എത്തിച്ചേരുവാൻ. രാത്രി 9.30 നാണ് അവസാനത്തെ ബോട്ട്. ആറു രൂപയാണ് ഇതിന്‍റെ ടിക്കറ്റ് നിരക്ക്. മുളവുകാട് ദ്വീപിലേക്കും വാരാപ്പുഴ ദ്വീപിലേക്കും വൈപ്പിനിലേക്കും ബോട്ട് സർവീസ് ലഭ്യമാണ്.

Read Also:മറൈന്‍ ഡ്രൈവ് മുതല്‍ മലയാറ്റൂര്‍ വരെ... കൊച്ചിയിലെ യാത്രകള്‍ ആഘോഷമാക്കാം...
എറണാകുളം ബോട്ട് ജെട്ടിയിൽ ബോട്ടിറങ്ങിയ ശേഷം ലുലു മാളിലേക്ക് പോകുവാൻ താല്പര്യമുണ്ടെങ്കിൽ ഏറ്റവും അടുത്ത മെട്രോ സ്റ്റേഷനായ മഹാരാജാസ് മെട്രോയ സ്റ്റേഷനിലേക്ക് ഒരു ഓട്ടോയ്ക്ക് പോകാം. മെട്രോയിൽ കയറി ലുലു മാളിൽ ഇറങ്ങിയ ശേഷം വൈകുന്നേരം അവിടെ ചിലവഴിക്കാം. തിരികെ നിങ്ങളുടെ സൗകര്യം കണക്കാ്കി മടക്കയാത്ര പ്ലാൻ ചെയ്യാം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്കുള്ള ബസുകൾ ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













