കൊച്ചി ഒളിപ്പിച്ച അത്ഭുതമേതെന്നു ചോദിച്ചാൽ അത് കവര് ആണെന്ന ഉത്തരം കേൾക്കുവാൻ ഒത്തിരി കാത്തുനിൽക്കേണ്ട. അതിമനോഹരമായ ദ്വീപുകളും ചരിത്രനിർമ്മിതികളും ആഘോഷങ്ങളും വൈബും എല്ലാം കൊച്ചിക്ക് അഭിമാനിക്കുവാൻ വക നല്കുന്നതാണെങ്കിലും കൂട്ടത്തിലെ കേമൻ കവര് തന്നെയാണ്. അതിശയിപ്പിക്കുന്ന നിറവും വല്ലപ്പോഴുമുള്ള വരവും കവരിനെ കൊച്ചിയിൽ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാക്കി മാറ്റുന്നു.
ഒരു പക്ഷേ, കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ പുറത്തിറങ്ങിയതിനു ശേഷമാണ് കൊച്ചിക്കു പുറത്തുള്ളവർ കവരിനെക്കുറിച്ച് കേൾക്കുന്നത് തന്നെ. മലയാള സിനിമയിൽ പുതിയൊരു തരംഗം തീർത്ത് കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയിട്ട് വർഷം നാലായെങ്കിലും അതിൽ കാണിക്കുന്ന കവര് ആരും മറന്നു കാണില്ല. നിലാവിൽ അതിലും തിളങ്ങി നിൽക്കുന്ന കവരിന്റെ ആ നീലക്കാഴ്ച ശരിക്കും ഒരിക്കലെങ്കിലും കണ്ടിരിക്കണം.

കവര് കാണാൻ
കവര് കാണാൻ ഒരു പ്ലാൻ ഉണ്ടെങ്കിൽ കുമ്പളങ്ങിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുവാൻ പറ്റിയ സമയമാണിത്. കവര് എന്ന് വിളിക്കപ്പെടുന്ന ഇതിന്‍റെ യഥാർത്ഥ പേര് ബയോ ലൂമിനസെൻസ് എന്നാണ്. . സീ സ്പാർക്കിൾ എന്നും ഇതറിയപ്പെടുന്നു. നാട്ടുകാർ ഇതിനെ കായലിലെ തണുത്ത വെളിച്ചം എന്നും വിളിക്കാറുണ്ട്. കഴിഞ്ഞ ദിവസം കവര് വീണ്ടും കുമ്പളങ്ങിയിൽ പ്രത്യക്ഷപ്പെട്ടതോടെ ഇത് കാണുവാനുള്ള യാത്രാ ഒരുക്കങ്ങളിലാണ് സഞ്ചാരികൾ. കടലിനോട് ചേർന്നു കിടക്കുന്ന കായലിന്‍റെ തീരങ്ങളിലെ ഈ തിളക്കം മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ആണ് കാണുവാന് സാധിക്കുന്നത്.
നിലാവിൽ
നിലാവിൻറെ പശ്ചാത്തലത്തിൽ ഓളം വരുമ്പോളാണ് കവര് ഏറ്റവും ഭംഗിയായി കാണുവാൻ കഴിയുന്നത്. ഓളം ഇളകുമ്പോൾ തെന്നിമാറുന്ന പോലുള്ള കവര് അന്നേരമാണ് പകർത്തുവാനും നല്ലത്. വെള്ളം ചെറുതായി ഇളക്കിയാലും കവരിന്റെ ഈ കാഴ്ച കാണാം. മിന്നാമിനുങ്ങുകൾ ഒരുമിച്ചെത്തി പ്രകാശം പരത്തിനിൽക്കുന്ന പോലെ തോന്നിക്കുന്നതാണ് ഈ കാഴ്ച

PC:Aruna
കുമ്പളങ്ങിയിൽ കവര് കാണുവാൻ
കൊച്ചി കായലും കടലും ചേരുന്നതിന് സമീപത്തുള്ള കുമ്പളങ്ങിയിലാണ് കവരിന്‍റെ കാഴ്ചയുള്ളത്. കുമ്പളങ്ങിയിലെ തെക്കു പടിഞ്ഞാറൻ മേഖലയിലെ കല്ലഞ്ചേരി, ആഞ്ഞിലിത്തറ, ആറ്റത്തടം, കുളക്കടവ് എന്നിവിടങ്ങളിലാണ് സ്ഥിരമായി കവര് പൂക്കുന്നത്. അതുകൊണ്ടുതന്നെ കവര് പൂക്കുന്ന സമയമായാൽ ആളുകളുടെ തിരക്കും ഇവിടെ അനുഭവപ്പെടാറുണ്ട്. കേരളത്തിലെ ആദ്യത്തെ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി കേരളത്തിലെ ആദ്യ എക്കോഫ്രണ്ട്‌ലി ഫിഷറീസ് ടൂറിസം വില്ലേജ് കൂടിയാണ്.
ചൂടു കൂടുതലുള്ള സമയങ്ങളിൽ കായലിലെ വെള്ളത്തിനു കട്ടി കൂടുന്നതും അതിൽ ഉപ്പിന്‍റെ അംശം വർദ്ധിക്കുന്നതുമാണ്കവര് പ്രത്യക്ഷപ്പെടുവാൻ കാരണം. ചൂട് കൂടുന്ന സമയത്താണ് കവര് വരുന്നത്. മഴക്കാലത്ത് കവര് കാണാന്‍ പോലും കിട്ടില്ല.
ഇണകളെ ആകർഷിക്കുവാൻ
എന്താണ് കവര് എന്നു ചോദിച്ചാൽ ഇതൊരു ജൈവ പ്രതിഭാസമാണ്. നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന കടൽജീവിയുടെ ശരീരത്തിൽ ഉണ്ടാകുന്ന ജൈവ ദീപ്തിയാണ് കവര് എന്നറിയപ്പെടുന്നത്. ആൽഗെ, ബാക്ടീരിയ തുടങ്ങിയ ജീവികൾ അവയുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന ഒരുതരം പ്രകാശമാണിത്. വേട്ടക്കാരിൽ നിന്നു അകന്നുപോകുന്നതിനും ഇണകളെ ആകർഷിക്കുന്നതിനും ഒക്കെ സൂക്ഷ്മജീവികൾ ഈ കഴിവ് പ്രയോജനപ്പെടുത്തും എന്നാണ് ശാസ്ത്രം പറയുന്നത്.

PC:ranjith k r
എവിടെ കാണാം കവര്
കുമ്പളങ്ങിയില്ലാതെ കേരളത്തിൽ തൃശൂരിലെ മാളയിലും പ്രത്യക്ഷപ്പെട്ടിരുന്നു. 2021 ൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വെള്ളം കെട്ടി നില്‍ക്കുന്ന തോട്ടിലാണ് കവര് പൂത്തത്.
ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപ്, മുംബൈയിലെ പ്രസിദ്ധമാ ജുഹു ബീച്ച്, ഗോവയിലെ ബെതൽബാറ്റിം ബീച്ച്, ലക്ഷദ്വീപിലെ ബംഗാരം ദ്വീപ്, കർണാടകയിലെ മാട്ടു-പടുകെര ബീച്ചുകൾ, എന്നിവിടങ്ങളിലും നേരത്തെ കവര് പൂത്തിട്ടുണ്ട്.
കൊച്ചിയിൽ നിന്നും അരമണിക്കൂർ അകലെയാണ് കുമ്പളങ്ങി സ്ഥിതി ചെയ്യുന്നത്. അരൂർ ഇടക്കൊച്ചി വഴി പാലം കയറിയിറങ്ങുന്നത് ഇവിടേക്കാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













