വാല്‍പ്പാറൈ: തേയില, കാപ്പിത്തോട്ടങ്ങളും വന്യതയും നിറഞ്ഞ ലോകം

ദുര്‍ബല മനസുള്ളവര്‍ക്ക് വേണ്ടിയുള്ള ഒരു സ്ഥലമല്ല വാല്‍പ്പാറൈ ഹില്‍സ്റ്റേഷന്‍.  സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണിത്. കോയമ്പത്തൂര്‍ ജില്ലയില്‍ പെടുന്ന ഈ സ്ഥലം അണ്ണാമലൈ മലനിരകളിലാണ്. 170 വര്‍ഷങ്ങള്‍ക്കപ്പുറമാണ് വാല്‍പ്പാറൈയില്‍ ആദ്യമായി മനുഷ്യവാസം ആരംഭിച്ചത്. വനത്തോട് ചേര്‍ന്ന് ഇവിടെ കാപ്പി, തേയില പ്ലാന്‍റേഷനുകളുണ്ട്. ഇടതൂര്‍ന്ന വനത്തില്‍ വെള്ളച്ചാട്ടങ്ങളും, അരുവികളും ഏറെയുണ്ട്.

ആഴിയാറില്‍ നിന്ന് വാല്‍പ്പാറ വരെ നാല്പതോളം ഹെയര്‍പിന്‍ വളവുകളുണ്ട്. പൊള്ളാച്ചിയാണ് വാല്‍പ്പാറക്കടുത്തുള്ള ടൗണ്‍. ഇവിടേക്ക് 65 കിലോമീറ്റര്‍ ദൂരമുണ്ട്. കോയമ്പത്തൂര്‍ ടൗണ്‍ വാല്‍പ്പാറ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ്.

വാല്‍പ്പാറയിലെ കാഴ്ചകള്‍

ചിന്നക്കലാര്‍ കൂടാതെ നിരവധി കാഴ്ചകള്‍ വാല്‍പ്പാറയുടെ സമീപപ്രദേശങ്ങളിലായുണ്ട്. ഈ പ്രദേശത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ബാലാജി ക്ഷേത്രം. നിരാര്‍ ഡാം, ഗണപതി ക്ഷേത്രം, അന്നൈ വേളാങ്കണ്ണി ചര്‍ച്ച് എന്നിവ അവയില്‍ ചിലതാണ്. വാല്‍പ്പാറയില്‍ വരുന്നവരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷോളയാര്‍ ഡാമും, ഗ്രാസ് ഹില്‍സും, വ്യുപോയിന്‍റുകളും.

നിത്യഹരിതവനങ്ങളിലൂടെ

വാല്‍പ്പാറയുടെ പ്രധാന പ്രത്യേകത എന്നത് അവിടെ മനുഷ്യനിര്‍മ്മിതമായ കാഴ്ചകളല്ല കാത്തിരിക്കുന്നത് എന്നതാണ്. ഇടതൂര്‍ന്ന വനങ്ങളും, വന്യമൃഗസങ്കേതങ്ങളും, വെള്ളച്ചാട്ടങ്ങളും നിറ‍ഞ്ഞതാണിവിടം. ഇവിടുത്തെ പല ഭാഗങ്ങളിലും ഇനിയും ടൂറിസ്റ്റുകളാരും എത്തിച്ചേരാത്തവയാണ്. ഇവിടെ വരുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടതാണ് വന്യമൃഗസങ്കേതങ്ങള്‍. ഇതിനൊരുദാഹരണമാണ് ചിന്നക്കലാര്‍. മഴലഭ്യതയാല്‍ ഇവിടം ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നാണ് അറിയപ്പെടുന്നത്. ഗ്രാസ് ഹില്‍സ് ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമാണ്. ഈ പ്രദേശം പ്ലാന്‍റേഷനുകള്‍ക്കും, തേയിലഫാക്ടറികള്‍ക്കും, ഡാമുകള്‍ക്കും പ്രശസ്തമാണ്.

തേയിലത്തോട്ടങ്ങളിലൂടെ രാവിലെയുള്ള നടത്തം പ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള ഒരു യാത്രാനുഭവമാകും. ഇവിടുത്തെ വന്യസൗന്ദര്യവും, പ്രകൃതിഭംഗിയും ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് ഒരു വിരുന്ന് തന്നെയാണ്.

വാല്‍പ്പാറയില്‍ എങ്ങനെ എത്താം?

റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങള്‍ ഇവിടെ എത്താനായി ഉപയോഗിക്കാം. 120 കിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. റോഡ് മാര്‍ഗ്ഗം സുഗമമായി വാല്‍പ്പാറയിലെത്താം.  കോയമ്പത്തൂരില്‍ നിന്ന് ന്യായമായ ചാര്‍ജ്ജ് മാത്രമേ ടാക്സികള്‍ ഈടാക്കാറുള്ളു. കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്ന് ബസ് മാര്‍ഗ്ഗം വാല്‍പ്പാറയിലെത്താം.

കാലാവസ്ഥ

ഒരു ഹില്‍ സ്റ്റേഷനില്‍ ഏത് കാലാവസ്ഥ പ്രതീക്ഷിക്കുന്നുവോ അത് ഇവിടെ ലഭിക്കും. ശൈത്യകാലത്തും, മഴക്കാലത്തും ഇവിടെ നല്ല തണുപ്പ് അനുഭവപ്പെടും. അതുകൊണ്ട് ഈ സമയത്തെ സന്ദര്‍ശനം അത്ര സുഖകരമാവില്ല. വേനല്‍ക്കാലത്ത് ഇവിടെ വളരെ സുഖകരമായ കാലാവസ്ഥയായതിനാല്‍ സന്ദര്‍ശനത്തിന് ഏറെ അനുയോജ്യമാണ്.

Please Wait while comments are loading...