മനോഹരമായ ഒരുപിടി ബീച്ചുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് തെക്കന്‍ ഗോവ. എന്നാല്‍ പേരുകേട്ട ബീച്ചുകളെക്കാള്‍ മനോഹരമായ കാഴ്ചകള്‍ തരുന്ന കടല്‍ത്തീരങ്ങളുമുണ്ട് ഗോവയില്‍. അവയില്‍ പ്രധാനിയാണ് വാര്‍ക ബീച്ച്. പനകള്‍ നിറഞ്ഞ് മനോഹരമായ വെളളമണല്‍ വിരിച്ച വാര്‍ക ബീച്ച് സുന്ദരമായ ഒര കടല്‍ക്കാഴ്ച നല്‍കും സഞ്ചാരികള്‍ക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഗോവയുടെ സ്വതസിദ്ധമായ സോസേജുകളും കോക്‌ടെയിലുമായി വൈകുന്നേരങ്ങള്‍ ആസ്വദിക്കാനെത്തുന്നവരാണ് വാര്‍കയിലെ സഞ്ചാരികളില്‍ കൂടുതലും.വാര്‍ക എന്ന ഫിഷിംഗ് വില്ലേജിനരികിലാണ് വാര്‍ക ബീച്ച്. നിരവധി മുക്കുവന്മാരെയും ഈ ബീച്ചില്‍ കാണാം. ഫോട്ടോഗ്രാഫര്‍മാരുടെ ചാകരയാണ് ഈ സ്ഥലം. ഫോട്ടോഗ്രാഫര്‍ക്ക് മാത്രമല്ല. മീന്‍പിടുത്തക്കാരോട് ചങ്ങാത്തം കൂടിയാല്‍ കുറഞ്ഞ വിലയ്ക്ക് കുറെ നല്ല ഫ്രഷ് മീനും കിട്ടിയെന്നുവരും എന്നൊരു ഗുണം കൂടിയുണ്ട്. കോള്‍വ ബീച്ചില്‍ വര്‍ഷം തോറും നടക്കാറുള്ള ഫാമ ഫെസ്റ്റിവല്‍ വാര്‍ക ബീച്ച് വരെയെത്താറുണ്ട്.
വാര്‍കയില്‍ നിന്നും നടന്നെത്താവുന്ന ദൂരത്തിലാണ് മറ്റൊരു മനോഹരമായ ബീച്ചായ ബെനോലിം സ്ഥിതിചെയ്യുന്നത്. തെക്കന്‍ ഗോവയില്‍ കോള്‍വ ബീച്ചില്‍നിന്നുമുള്ള റോഡിലൂടെ വാര്‍കയിലെത്താം. സമീപടൗണായ പനജിയില്‍ നിന്നും കാബ് വഴി വാര്‍കയിലെത്തുന്നതാണ് എളുപ്പം. എയര്‍പോര്‍ട്ടില്‍നിന്നും ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ നേരിട്ട് വാര്‍കയിലെത്തുകയുമാവാം. വാര്‍ക വാസ്‌കോയില്‍ നിന്നും അധികം ദൂരെയല്ല. സമീപത്തായി റെയില്‍വേ സ്റ്റേഷനുകളുമുണ്ട്.



Click it and Unblock the Notifications