സുപ്രസിദ്ധ സാമൂഹ്യ പരിഷ്ക്കര്‍ത്താവും ചിന്തകനുമായ ശ്രീ നാരായണഗുരു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ശിവഗിരി മഠം. 1904 ലാണ് ഇത് സ്ഥാപിതമായത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വിശ്വ മാനവിക തത്വം സമൂഹത്തോട് ഉണര്‍ത്തിയ ഈ മഹാപുരുഷന്റെ സമാധിസ്ഥലം കാണാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെ വന്നുപോകുന്നു. ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെ ശിവഗിരി തീര്‍ത്ഥയാത്രയുടെ കാലമാണ്. ഒട്ടനവധി മത, സാമൂഹിക പരിപാടികള്‍ ഈ സമയത്ത് ഇവിടെ നടക്കും. എല്ലാ വര്‍ഷവും ആഗസ്റ്റ്,സപ്തംബര്‍ മാസങ്ങളിലായി യഥാക്രമം ഗുരുജയന്തിയും സമാധിയും ആചരിച്ച് വരുന്നു.
ജയന്തി, സമാധികളോടനുബന്ധിച്ച് ഈ മാസങ്ങളില്‍ സാംസ്ക്കാരിക പ്രദര്‍ശനങ്ങളും സെമിനാറുകളും സമൂഹസദ്യകളും മഠത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കാറുണ്ട്. പുലര്‍ച്ചെ 5.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയുമാണ് സന്ദര്‍ശന സമയം. 200 ഏക്കറുകളിലായി വ്യാപിച്ച് കിടക്കുന്ന ശിവഗിരി മഠം വര്‍ക്കല ടൌണില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ്.