ഭംഗിയാന് ദാ കിലാ എന്നും അറിയപ്പെടുന്ന ഗോബിന്ദ്ഗര് കോട്ട അമൃത്സറിലെത്തുന്നവര് നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലുള്ളതാണ്. മിസ്ലിലെ ഗുജ്ജാര്‍ സിംഗ് ഭാംഗിയുടെ പട്ടാളം 1760ലാണ് ചുടുകട്ടകളും ചുണ്ണാമ്പും കൊണ്ട് ഈ കോട്ട പടുത്തുയര്‍ത്തിയത്. രണ്ട് പടുകൂറ്റന്‍ ഇരുമ്പ് ഗേറ്റുകളും ഉയര്‍ന്ന മതില് കെട്ടുമുള്ള കോട്ടയില്‍ നാല് പടുകൂറ്റന്‍ നിരീക്ഷണ സ്ഥാനങ്ങളും ഉണ്ട്. 1805-1809 കാലഘട്ടത്തില്‍ മഹാരാജാ രഞ്ജിത്ത് സിംഗ് ഈ കോട്ട പുനര്‍നിര്‍മിക്കുകയും ചെയ്തു.
1849ല്‍ ബ്രിട്ടീഷുകാര്‍ കോട്ടയുടെ നിയന്ത്രണം പിടിച്ചെടുത്തു. തുടര്‍ന്ന് ദര്‍ബാര്‍ ഹാളും കുറ്റവാളികളെ തൂക്കിലേറ്റുന്നതിനുള്ള സ്ഥലവും കോട്ടയോട് കൂട്ടിച്ചേര്‍ത്തു. കുറ്റവാളികളെ തൂക്കിലേറ്റുന്ന ഭാഗത്തിന് എതിര്‍ഭാഗത്തായിരുന്നു ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറല്‍ ഡയറിന്‍െറ താമസ്ഥലമെന്നും കുറ്റവാളികളെ തൂക്കിലേറ്റുന്ന ദൃശ്യങ്ങള്‍ ജനറല്‍ ഡെയര്‍ ആസ്വദിക്കാറുണ്ടായിരുന്നെന്നും പറയപ്പെടുന്നു.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യന്‍ പട്ടാളം കോട്ടയുടെ നിയന്ത്രണം പിടിച്ചെടുത്തു. പാക്കിസ്ഥാനില്‍ നിന്നൂള്ള അഭയാര്‍ഥികള്‍ക്ക് താല്‍ക്കാലിക താമസമൊരുക്കിയത് ഇവിടെയാണ്. ചരിത്രത്തിന്‍െറ ഒട്ടേറെ ഗതിവിഗതികള്‍ക്ക് മൂകസാക്ഷിയായ ഈ കോട്ട 2006ല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.