ദില്ലിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് റെയില്‍വേ മ്യൂസിയം. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രമാണ് ഈ മ്യൂസിയത്തിലുള്ളത്. ചാണക്യപുരിയില്‍ സ്ഥിതിചെയ്യുന്ന മ്യൂസിയം 1977 ഫെബ്രുവരി ഒന്നാം തിയതിയാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട നൂറിലേറെ വസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇപ്പോഴും പ്രവര്‍ത്തിക്കുന്നവയുള്‍പ്പെടെയുള്ള മോഡലുകള്‍ ഇക്കൂട്ടത്തിലുണ്ട്.
സിഗ്നലിങ് ഉപകരണങ്ങള്‍, പഴയകാല ഫര്‍ണിച്ചറുകള്‍, ചരിത്രപ്രധാനമായ ഫോട്ടോകള്‍, റെയില്‍വേയുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകള്‍ എന്നുവേണ്ട കാണാനേറെയുണ്ട് ഇവിടെ. പ്രിന്‍സ് ഓഫ് വേല്‍സ് സലൂണ്‍, മഹാരാജ ഓഫ് മൈസൂര്‍ സലൂണ്‍ എന്നീ കോച്ചുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദി ഫെയറി ക്യൂന്‍, പട്യാല സ്റ്റേറ്റ് മോണോറെയില്‍ ട്രെയിന്‍വേസ്, ഫയര്‍ എന്‍ജിന്‍, ക്രെയിന്‍ ടാങ്ക്, കല്‍ക്ക ഷിംല റെയില്‍ ബസ്, ഫയര്‍ലെസ് സ്റ്രീം ലോക്കോമോട്ടീവ്, ബെറ്റി ട്രാംവെയിസ് എന്നിവയെല്ലാമാണ് ഇവിടെയുള്ള മറ്റ് കാഴ്ചകള്‍.
മ്യൂസിയം ചുറ്റിക്കാണാനായി നിര്‍മ്മിച്ചിരിക്കുന്ന ടോയ് ട്രെയിനാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാദിവസവും കാലത്ത് 10 മണിമുതല്‍ വൈകീട്ട് 6വരെ മ്യൂസിയം പ്രവര്‍ത്തിയ്ക്കും.