ഓം പര്‍വ്വതം, ഹിമാലയന്‍ മലനിരകളില്‍ പെടുന്ന, സമുദ്രനിരപ്പില്‍ നിന്ന് 6191 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതമാണ്. ലിറ്റില്‍ കൈലാഷ്, ആദി കൈലാഷ്, ബാബ കൈലാഷ്, ജോംഗ്ലിങ്ങ്കോങ്ങ് പര്‍വ്വതം എന്നീ പേരുകളിലും ഈ പര്‍വ്വതം അറിയപ്പെടുന്നു. ഓം എന്ന രൂപത്തിലുള്ള മഞ്ഞിന്‍റെ സാന്നിധ്യം ഈ പര്‍വ്വതത്തെ ഹിന്ദു, ജൈന, ബുദ്ധമതങ്ങള്‍ക്ക് പ്രാധാന്യമുള്ളതാക്കി തീര്‍ക്കുന്നു.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പര്‍വ്വതത്തില്‍ നിന്ന് മഞ്ഞണിഞ്ഞ അന്നപൂര്‍ണ്ണ പര്‍വ്വതത്തിന്‍റെ മുകള്‍ഭാഗങ്ങള്‍ കാണാം. ആദികൈലാസ യാത്രയില്‍ കാളിനദി, വെള്ളച്ചാട്ടങ്ങള്‍, ഇടതൂര്‍ന്ന വനങ്ങള്‍, നാരായണ്‍ ആശ്രമം എന്നിവയും സഞ്ചാരികള്‍ക്ക് കാണാനാവും. ഈ പര്‍വ്വത്തതിന് താഴെയായി സ്ഥിതി ചെയ്യുന്ന, പര്‍വ്വതത്തെ പ്രതിഫലിപ്പിക്കുന്ന ഗൗരികുണ്ഡ് തടാകം ഏറെ പ്രശസ്തമാണ്.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രെക്കിങ്ങിനും ഇവിടെ അവസരമുണ്ട്. താവഗാട്ടാണ് ഈ യാത്രയുടെ തുടക്കവും ഒടുക്കവും. കാളി, ധൗളി നദികളുടെ സംഗമസ്ഥാനമാണിത്. സമയം അനുവദിച്ചാല്‍ സന്ദര്‍ശകര്‍ക്ക് ജോംഗ്ലിങ്ങ്കോങ്ങ് തടാകവും സന്ദര്‍ശിക്കാം. മാനസസരോവര്‍ പോലെ വിശുദ്ധമായി കാണുന്ന ഒരു തടാകമാണിത്. സുര്യപ്രകാശമേല്‍ക്കുമ്പോള്‍ മനോഹരമായ കാഴ്ച നല്കുന്ന മഞ്ഞണിഞ്ഞ പാര്‍വതി മുഹര്‍ പര്‍വ്വതം ഇവിടെ നിന്നാല്‍ കാണാം.



Click it and Unblock the Notifications