ധര്‍മ്മപുരി ജില്ലയിലെ ഒരു ചെറു ടൗണാണ് കാരിമംഗലം. ചെറുതാണെങ്കിലും തമിഴ് സംസ്കാരവുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യം ഈ സ്ഥലത്തിനുണ്ട്. ധര്മ്മപുരിജില്ലയിലെ ഏറ്റവും ശുഭകരമായ സ്ഥലമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. ഇവിടെ മുനിസിപ്പല്‍ അതോറിറ്റി നോക്കി നടത്തുന്ന ഏതാനും വലിയ ക്ഷേത്രങ്ങളുണ്ട്. ഒരു വലിയ മൈതാനവും ഈ നഗരത്തിലുണ്ട്.
പുരാണകാലത്താണ് ഈ നഗരത്തിന്റെ ഉത്ഭവമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നിരവധി പ്രമുഖ എഴുത്തുകാരുടെ മതപരമായ ഗ്രന്ഥങ്ങളില്‍ ഈ നഗരം പരാമര്‍ശിക്കപ്പെടുന്നു. നിരവധി യോഗീവര്യന്മാരുടെയും, വിശുദ്ധന്മാരുടെയും ജനനസ്ഥലം കൂടിയാണിവിടം. വളരെ ഫലഭൂയിഷ്ടമായ മണ്ണാണ് ഇവിടുത്തേത്. കടുത്ത ചൂടനുഭവപ്പെടുന്ന ഏപ്രില്‍ മെയ് മാസങ്ങളില്‍ വരെ ഇവിടെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. അനുഗ്രഹങ്ങള്‍ തേടി ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടുത്തെ ക്ഷേത്രങ്ങള്‍ സന്ദര്ശിച്ചുവരുന്നു.