കൂഡലൂര്‍  - സാഗരത്തിന്‍റെയും ക്ഷേത്രങ്ങളുടെയും നാട്

ഹോം » സ്ഥലങ്ങൾ » കൂഡലൂര്‍ » ഓവര്‍വ്യൂ

കൂഡലൂര്‍ തമിഴ്നാട്ടിലെ അതിവേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കൂഡലൂര്‍ എന്ന തമിഴ് വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് സീ ടൗണ്‍ എന്നാണ്. സൗന്ദര്യം നിറഞ്ഞ ബീച്ചുകളാല്‍ സമ്പന്നമാണ് കൂഡലൂര്‍. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളുടെ പേരിലും ഈ നഗരം ഏറെ പ്രശസ്തമാണ്. കൂഡലൂരില്‍ ന്യൂടൗണ്‍ എന്നും ഓള്‍ഡ് ടൗണ്‍ എന്നും പേരുള്ള രണ്ട് ജില്ലകളുണ്ട്.

ഗെഡിലം നദി ഓള്‍ഡ് ടൗണിനെ തിരുപാദിരിപുലിയൂരില്‍ വച്ച് ന്യൂടൗണുമായി വേര്‍പിരിക്കുന്നു. മുഗള്‍ ഭരണകാലത്ത് ഓള്‍ഡ് ടൗണ്‍, ഇസ്ലാമാബാദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവിടം ഇപ്പോഴും മുസ്ലിംമത വിശ്വാസികളാല്‍ നിറഞ്ഞ പ്രദേശമാണ്. 1748 മുതല്‍ 1752 വരെ ഇംഗ്ലീഷ് അധീന പ്രദേശങ്ങളുടെ തലസ്ഥാനമായിരുന്നു കൂഡലൂര്‍.

കൂഡലൂരിനടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

കൂഡലൂര്‍ നഗരം അതില്‍ സ്ഥിതി ചെയ്യുന്ന ശിവ, വൈഷ്ണവ ക്ഷേത്രങ്ങളാല്‍ ഏറെ പ്രശസ്തമാണ്. പാടലീശ്വരര്‍ ക്ഷേത്രം, മംഗലപുരീശ്വരര്‍ ക്ഷേത്രം, തിരുവാഹിന്ദിരാപുരം ക്ഷേത്രം, സുധര്‍ക്കോഴുന്ദിതീശര്‍ ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ചിലതാണ്.

ഏറെ ബീച്ചുകളുള്ളതിനാല്‍ ഇവിടം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറി. കൂഡലൂരിനടുത്താണ് തമിഴ്നാട്ടിലെ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സില്‍വര്‍ബീച്ച്. സെന്‍റ്. ഡേവിഡ് കോട്ട, ഗാര്‍ഡന്‍ ഹൗസ് എന്നിവ ചരിത്രപരവും, നിര്‍മ്മാണശൈലിയാലും ഏറെ മൂല്യമുള്ള കൂഡലൂരിലെ രണ്ട് പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്.

പിച്ചാവരം എന്ന സ്ഥലം കായലിന്‍റെ സാന്നിധ്യത്താലും, വാട്ടര്‍ സ്പോര്‍ട്സിനാലും ഏറെ പ്രസിദ്ധമാണ്. കണ്ടല്‍ മരങ്ങളുടെ ഒരു വനം തന്നെ ഇവിടെയുണ്ട്. പക്ഷി നിരീക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന ഏറെ ചെറുതുരുത്തുകളും ഇതിനോട് ചേര്‍ന്നുണ്ട്. ഇവിടെ ബോട്ടിംഗ് സൗകര്യവും ലഭിക്കും.

ലിഗ്നൈറ്റ് മൈനുകള്‍, ഗാഡിലം കൊട്ടാരം, കാപ്പര്‍ ഹില്‍സ്, ചിദംബരം, ശ്രീമുഷ്ണം, എന്നിവ കൂഡലൂരിലെ മറ്റ് ചില പ്രധാന ആകര്‍ഷണങ്ങളാണ്.2004 ഡിസംബര്‍ 4 നുണ്ടായ സുനാമിയില്‍ കൂഡലൂരില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായി. എന്നിരുന്നാലും അസ്തമിക്കാത്ത തേജസിനാല്‍ ഈ നഗരം വീണ്ടും ഉയര്‍ത്തെഴുന്നേറ്റു.

ചരിത്രവഴികളിലൂടെ

ചരിത്രത്തില്‍ കൂഡലൂര്‍, ചോളനാട്, നടു നാട് എന്നീ പേരുകളിലാണ് പരാമര്‍ശിക്കപ്പെടുന്നത്. പൗരാണിക കാലത്ത് ഇവിടം ഒരു തുറമുഖമായിരുന്നു. നിരവധി കൊളോണിയല്‍ ശക്തികള്‍ ഭരിച്ചുപോയ സ്ഥലമാണ് ഇവിടം. ഡച്ച്, പോര്‍ട്ടുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് എന്നീ രാജ്യങ്ങളൊക്കെ ഒരു കാലത്ത് ഇവിടം ഭരിച്ചു. 1758 ല്‍ ഫ്രഞ്ച്കാരും, ബ്രിട്ടീഷുകാരും തമ്മില്‍ ഇവിടെ ഒരു നാവികയുദ്ധവും നടന്നിട്ടുണ്ട്. അമേരിക്കന്‍ സ്വാതന്ത്ര്യസമരകാലത്തും, ഇംഗ്ലീഷ് - മൈസൂര്‍ യുദ്ധകാലത്തും ഇവിടെ സാഹചര്യം വളരെ മോശമായിരുന്നു. പീസ് ഓഫ് ട്രീറ്റി ഉടമ്പടി വഴി ഒടുവില്‍ അധികാരം ബ്രിട്ടീഷുകാര്‍ക്ക് കൈമാറി. കൂഡലൂരിലെ ചില ഭാഗങ്ങളില്‍ ഇപ്പോഴും കൊളോണിയല്‍ ചരിത്രാവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കും. കൂഡലൂരില്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച ചില വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

കൂഡലൂരില്‍ എങ്ങനെ എത്താം?

നഗരത്തിലേക്ക് റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളുണ്ട്. പോണ്ടിച്ചേരി എയര്‍പോര്‍ട്ടാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. ചെന്നൈ എയര്‍പോര്‍ട്ടാണ് അടുത്തുള്ള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. കൂഡലൂരില്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകളുണ്ട്. ഇവിടെ നിന്ന് മറ്റ് നഗരങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാം. എന്‍എച്ച് 45 എ വഴി സുഗമമായ റോഡ് സൗകര്യം ഉപയോഗപ്പെടുത്താം.

കാലാവസ്ഥ

സമ്മിശ്രമായ കാലാവസ്ഥയാണ് കൂഡലൂരില്‍ അനുഭവപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്ത് അന്തരീക്ഷതാപവും, കാലാവസ്ഥയും വളരെ അനുകൂലമായിരിക്കും.

Please Wait while comments are loading...