തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. ഹാലേബിഡില്‍ പോയിട്ട് ഹൊയ്സാല ക്ഷേത്രം കണ്ടില്ലെന്നാണെങ്കില്‍ ഹാലേബിഡ് യാത്ര ഒരു വൃഥാവേലയായി കണക്കാക്കിയാല്‍ മതി അത്രയ്ക്ക് വിശേഷമാണ് ഈ ക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പന്ത്രണ്ടാം നൂറ്റാണ്ടിലാണത്രേ ക്ഷേത്രം പണിയാന്‍ തുടങ്ങിയത്. എന്നാല്‍ പീന്നീട് ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ഇടപെടലോടെ നിര്‍മ്മാണം നിലച്ചു. മനോഹരമായ കൊത്തുപണികള്തന്നെയാണ് ഇവിടെയും സ്വാഗതമോതുന്നത്. നക്ഷത്രാകൃതിയിലാണ് ഈ ക്ഷേത്രം.
രണ്ട് ക്ഷേത്രങ്ങളുണ്ട് ഈ സമുച്ചയത്തില്‍. രണ്ടിനും പ്രത്യേക ശ്രീകോവിലുകളും മണ്ഡപങ്ങളുമുണ്ട്. ഗരുഡ സ്തംഭമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ക്ഷേത്രച്ചുവരുകളിലെല്ലാം വിവിധ ദേവകള്‍, രാജാക്കന്മാര്, നര്‍ത്തകികള്‍, പക്ഷിമൃഗാദികള്‍ എന്നീ രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ തെക്കേ നടയിലും പടിഞ്ഞാറേ നടയിലും ദ്വാരപാലകരുടെ രൂപവുമുണ്ട്. ഒരിടത്ത് നന്ദികേശപ്രതിമയുമുണ്ട്. ക്ഷേത്രത്തിലെ എല്ലാ ഭാഗങ്ങളും നടപ്പാതകളാല്‍ ബന്ധപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഒന്നും വിട്ടുപോകാതെ കാണാന്‍ കഴിയും.