വിരൂപാക്ഷ ക്ഷേത്രവും ഹംപിയുടെ വിസ്മയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നയിടമാണ്. ശിവനും പമ്പാ ദേവിയുമാണ് ഇവിടത്തെ പ്രതിഷ്ഠ. ഒന്‍പത് നിലയിലായി അമ്പത് മീറ്റര്‍ നീളമുള്ള ഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. തുംഗഭദ്രയുടെ തെക്കന്‍ തീരത്ത് ഹേമകുട കുന്നിന്റെ താഴ്ഭാഗത്തായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ദ്രാവിഡ വാസ്തുവിദ്യയുടെ മഹിമ വിളിച്ചോതുന്നതാണ് ക്ഷേത്രം.
ഇഷ്ടികയും ചാന്തുമുപയോഗിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിരൂപാക്ഷക്ഷേത്രമെന്ന പേരിന് പുറമേ പമ്പാപതി ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇതിന് ശ്രീകോവില്‍, മുഖമണ്ഡപം, തൂണുകള്‍ നിറഞ്ഞ ഒരു ഹാള്‍ എന്നിവയുമുണ്ട്.ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം പണിതിരിക്കുന്നത്, കൊത്തുപണികളാകട്ടെ 9, 11 നൂറ്റാണ്ടുകളിലായിട്ടാണ് ചെയ്തിരിക്കുന്നത്.
ആദ്യകാലത്ത് ഏതാനും ചില പ്രതിമകള്‍ മാത്രമേ ക്ഷേത്രത്തിലുണ്ടായിരുന്നുള്ളു. പിന്നീട് വലിയ രൂപത്തിലാക്കി മാറ്റുകയായിരുന്നു. എഡി 1510ല്‍ കൃഷ്ണദേവരായരുടെ കാലത്താണ് മുഖമണ്ഡപം പണിതത്. പിന്നീടാണ്, തൂണുകളും തിടപ്പള്ളിയും ഗോപുരവും മറ്റ് ഭാഗങ്ങളുമെല്ലാം പൂര്‍ത്തിയാക്കിയത്. കല്ലില്‍ കൊത്തിവച്ചിരിക്കുന്ന ജന്തുജാലങ്ങളുടെ രൂപങ്ങളും ഹിന്ദു ഐതിഹ്യത്തില്‍ നിന്നുള്ള ചിത്രങ്ങളുമാണ് ക്ഷേത്രത്തെ മനോഹരമാക്കുന്നത്.