കര്‍ണൂല്‍ - നവാബുമാരുടെ നഗരം

ഹോം » സ്ഥലങ്ങൾ » കര്‍ണൂല്‍ » ഓവര്‍വ്യൂ

ആന്ധ്രപ്രദേശിലെ വലിപ്പമേറിയ ജില്ലയാണ് കര്‍ണൂല്‍. 1953 മുതല്‍ 1956വരെ ആന്ധ്രയുടെ തലസ്ഥാനനഗരമായിരുന്ന കര്‍ണൂല്‍ ആന്ധ്രയിലെ നഗരങ്ങളില്‍ ജനപ്പെരുപ്പം കൂടുതലുള്ള സ്ഥലം കൂടിയാണ്. ഹന്ദ്രി നദിയുടെയും തുംഗഭദ്രാനദിയുടെ കരയില്‍ക്കിടക്കുന്ന കര്‍ണൂല്‍ ഹൈദരാബാദില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയാണ്.

റായലസീമയുടെ കവാടമെന്ന നിലയ്ക്കാണ് കര്‍ണൂല്‍ അറിയപ്പെടുന്നത്. കഡപ്പ, ചിറ്റൂര്‍ എന്നീ സ്ഥലങ്ങളിലൂടെയും അനന്തപൂരിലൂടെയും റായലസീമയിലേയ്ക്ക് പോകുമ്പോള്‍ കര്‍ണൂലിലൂടെയാണ് പോകേണ്ടത്. മനോഹരമായ ഒരു ചെറുനഗരമാണ് കര്‍ണൂല്‍. പഴയകാലത്തെ ഭരണാധികാരികള്‍ ചേര്‍ത്തുവച്ച നിര്‍മ്മിതികള്‍ ഒരുക്കുന്ന സൗന്ദര്യവും ചരിത്രപ്രാധാന്യവും തന്നെയാണ് കര്‍ണൂലിന്റെ പ്രധാന സവിശേഷത.

കര്‍ണൂലിന്റെ ചരിത്രം

പഴയകാലത്തെ രേഖകളിലും സാഹിത്യത്തിലുമെല്ലാം കര്‍ണൂലിന്റെ കണ്ടന്‍വോലുവെന്നാണ് പ്രതിപാദിയ്ക്കുന്നത്. ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള രേഖകളിലും ഈ സ്ഥലത്തെക്കുറിച്ച് പറയുന്നുണ്ട്. കര്‍ണൂലില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുള്ള കേതാവരത്തുനിന്നും കണ്ടെടുത്ത പാറയിലെ ചിത്രപ്പണികള്‍ ശിലായുഗകാലത്തേയുള്ളതാണെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

ജുറേരു താഴ്‌വരയിലും കടവാണി കുണ്ടയിലും യാഗണ്ടിയിലും മറ്റും കണ്ടെത്തിയിട്ടുള്ള ശിലാചിത്രങ്ങള്‍്ക്ക 35,000വും 40,000വും വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാങ്‌സാങ് കറാച്ചിയിലേയ്ക്കുള്ള യാത്രക്കിടെ കര്‍ണൂലിലൂടെ സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴാം നൂറ്റാണ്ടില്‍ കര്‍ണൂല്‍ ബീജാപ്പൂര്‍ സുല്‍ത്താനേറ്റിന്റെ ഭാഗമായിരുന്നു.

പിന്നീട് കൃഷ്ണദേവരായരും ഇവിടെ ഭരണം നടത്തി. 1687ല്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബ് കര്‍ണൂല്‍ പിടിച്ചടക്കി. പിന്നീട് അദ്ദേഹം ഭരണം നവാബുമാര്‍ക്ക് കൈമാറുകയായിരുന്നു. നവാബുമാര്‍ കര്‍ണൂലിനെ ഒരുസ്വതന്ത്ര പ്രദേശമായി പ്രഖ്യാപിയ്ക്കുകയും 200 വര്‍ഷത്തോളം ഭരണം നടത്തുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് അധിനിവേശത്തിന് മുന്നില്‍ നവാബുമാര്‍ അടിയറവു പറഞ്ഞു.

പുരാതന വാസ്തുവിദ്യയുടെ കേന്ദ്രം

ചരിത്രത്തിലും പഴയകാല വാസ്തുവിദ്യയിലും താല്‍പര്യമുള്ളവര്‍ക്ക് വിരുന്നാണ് കര്‍ണൂല്‍. മനോഹരമായ ക്ഷേത്രങ്ങളും മുസ്ലീം പള്ളികളുമെല്ലാമുണ്ട് ഇവിടെ, ഇവയെല്ലാം പഴയകാലത്തെ ഭരണാധികാരികള്‍ പണികഴിപ്പിച്ചതാണ്. മധ്യകാലഘട്ടത്തില്‍ വിജയനഗരരാജാക്കന്മാര്‍ പണികഴിപ്പിച്ച കോട്ടയ്ക്കുമുകളില്‍ അറബ്, പേര്‍ഷ്യന്‍ ഭാഷയിലുള്ള ലിഖിതങ്ങള്‍ കാണാം. ഈ കോട്ട ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. കൊന്‍ഡ റെഡ്ഡി ബുറുജു, ടോംബ് ഓഫ് അബ്ദുള്‍ വഹാബ് എന്നിവ മനോഹരമായ കെട്ടിടങ്ങളാണ്.

കര്‍ണൂലിലെ ഭരണാധിപന്മാരുടെ വേനല്‍ക്കാലവസതി, വെള്ളപ്പൊക്കം തടയാനുള്ള മതില്‍, പെട്ട ആഞ്ജനേയസ്വാമി ക്ഷേത്രം, നാഗരേശ്വര്‍സ്വാമി ക്ഷേത്രം, വേണുഗോപാലസ്വാമി ക്ഷേത്രം, ഷിര്‍ദ്ദി സായി ബാബ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന രഥോത്സവം കര്‍ണൂലിലെ വിശേഷപ്പെട്ട ഉത്‌സവമാണ്. എട്ടുദിവസം നീളുന്ന ഉത്സവം ആഞ്ജനേയസ്വാമിയുടെ പ്രീതിയ്ക്കുവേണ്ടിയാണ് നടത്തുന്നത്.

കര്‍ണൂലിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

തെക്കേ ഇന്ത്യയില്‍ ഏത് ഭാഗത്തുനിന്നും സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് കര്‍ണൂല്‍. റെയില്‍ മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവുമെല്ലാം ഇങ്ങോട്ട് യാത്രചെയ്യാം. കര്‍ണൂലിന് അടുത്തുള്ള വിമാനത്താവളം ഹൈദരാബാദിലാണ്. ഹൈദരാബാദില്‍ നിന്നും 3 മണിക്കൂര്‍ ബസിലോ ടാക്‌സിയിലോ യാത്രചെയ്താല്‍ കര്‍ണൂലിലെത്താം. കര്‍ണൂലില്‍ 4 റെയില്‍വേ സ്‌റ്റേഷനുകളുണ്ട്.

കര്‍ണൂല്‍ ടൗണ്‍, അഡോണി, നന്ദ്യാല, ധോണ്‍ ജെങ്ഷന്‍ എന്നിവയാണ് സ്‌റ്റേഷനുകള്‍. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം തീവണ്ടിമാര്‍ഗ്ഗം ഈ നാല് സ്റ്റേഷനുകളിലും എത്താം. ആന്ധ്രയുടെ എല്ലാഭാഗത്തുനിന്നും കര്‍ണൂലിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. ചെന്നൈ, ബാംഗ്ലൂര്‍ നഗരങ്ങളില്‍ നിന്നും ബസുകള്‍ ലഭ്യമാണ്.

വേനല്‍ക്കാലത്ത് കടുത്ത ചൂടനുഭവപ്പെടുന്ന സ്ഥലമാണ് കര്‍ണൂല്‍. മഴക്കാലത്തെ മോശമല്ലാത്ത മഴയുടെ ഇവിടെ ലഭിയ്ക്കാറുണ്ട്. മഴക്കാലം കഴിഞ്ഞ് വരുന്ന മാസങ്ങള്‍, അതായത് ശീതകാലം തന്നെയാണ് കര്‍ണൂലിലേയ്ക്ക് വിനോദയാത്രയ്ക്ക് പോകാന്‍ പറ്റിയ സമയം. ഇക്കാലത്ത് ഇവിടെ വളരെ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

Please Wait while comments are loading...