കദംബസ്മൃതികളുറങ്ങുന്ന ബനവാസി

ഹോം » സ്ഥലങ്ങൾ » ബനവാസി » ഓവര്‍വ്യൂ

അവധിക്കാലത്ത് പുരാതനമായ ഒരു തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് യാത്രചെയ്യുകയെന്നൊരു ആഗ്രഹം മനസ്സിലുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലമാണ് ബനവാസി. കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലെ പുരാതന ക്ഷേത്രനഗരമാണ് ബനവാസി. ബി സി  4000 മുതലുള്ള കഥകള്‍ പറയാനുണ്ട് വര്‍ദ നദിക്കരയിലുള്ള ബനവാസിയ്ക്ക്. കദംബരാജവംശത്തിന്റെ തലസ്ഥാനനഗരമായിരുന്നു ബനവാസി.

 

ബനവാസി - പേര് വന്ന വഴി

കാട് എന്നര്‍ത്ഥം വരുന്ന 'ബന', അരുവിയെന്ന് അര്‍ത്ഥം വരുന്ന 'വാസി' എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ബനവാസിയെന്ന സ്ഥലനാമം രൂപപ്പെട്ടത്. മഹാഭാരത കഥകളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള പുരാതന നഗരമാണ് ബനവാസി.

ബനവാസിയിലെ കാഴ്ചകള്‍

ഒന്‍പതാം നൂറ്റാണ്ടില്‍ പണിതത് എന്ന് കരുതപ്പെടുന്ന മധുകേശ്വര ക്ഷേത്രമാണ് ബനവാസിയിലെ ഏറ്റവും വലിയ ആകര്‍ഷണം. പ്രതിവര്‍ഷം ഒട്ടേറെ തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. ഡിസംബര്‍ മാസത്തില്‍ നടക്കുന്ന കദംബോത്സവസമയമാണ് ക്ഷേത്രസന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. യക്ഷഗാനം, ശാസ്ത്രീയ നൃത്തം, സംഗീതം എന്നിവയ്‌ക്കെല്ലാം പ്രാധാന്യമുള്ളതാണ് കദംബോത്സവം. കര്‍ണാടകത്തിന്റെ തനത് കലാരൂപമായ യക്ഷഗാനത്തിന്റെ കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രനഗരം.

തീര്‍ത്ഥാടനം മാത്രമല്ല, പഞ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലൂടെ ഉള്ളം കുളിര്‍ക്കുന്ന ഒരു യാത്രയും ബനവാസി സമ്മാനിക്കും. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 374 കിലോമീറ്റര്‍ അകലെയാണ് ബനവാസി. നൂറുകിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന ഹുബ്ലി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് 70 കിലോമീറ്റര്‍ ദൂരമുണ്ട്.

Please Wait while comments are loading...