പൃഥിരാജ് കാ ക്വിലാ എന്നും അറിയപ്പെടുന്ന ഈ കോട്ട ഹിസാര്‍ ജില്ലയില്‍ ഹാന്‍സിയിലാണ് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെ രജപുത്ര പോരാളിയായിരുന്ന പൃഥിരാജ് ചൗഹാന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കോട്ട 1798ല്‍ ഹിസാറും റോഹ്തകും ചേര്‍ന്ന രാജ്യത്തിന്‍െറ അധികാരിയായിരുന്ന ജോര്‍ജ് തോമസ് പുനര്‍നിര്‍മിച്ചു. ജോര്‍ജ് തോമസിനെ പുറത്താക്കിയ ശേഷം ബ്രിട്ടീഷ് പട്ടാളം ഈ കോട്ട പട്ടാള ക്യാമ്പായി ഉപയോഗിച്ചെങ്കിലും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര ശേഷം കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലായി.
30 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ചതുരാകൃതിയിലുള്ള കോട്ടക്ക് ചുറ്റും 52 അടി ഉയരവും 37 അടി കനവുമുള്ള മതിലാണ് ഉള്ളത്. പുരാതന ഇന്ത്യയിലെ ശക്തമാര്‍ന്ന കോട്ടകളില്‍ ഒന്നായിരുന്നു ഇത്.
പൃഥിരാജ് ചൗഹാന്‍െറ തോല്‍വിക്ക് ശേഷം കോട്ടയോട് ചേര്‍ന്ന് മുസ്ലിം ആരാധനാലയവും നിര്‍മിച്ചിരുന്നു. ഹിന്ദു ദേവന്‍മാരുടെയും ദേവികളുടെയും ഒപ്പം പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ കൊത്തിയതാണ് കോട്ടയുടെ കവാടങ്ങള്‍. ഫിറോസ്ഷാ തുഗ്ളക്കിന്‍െറ കാലത്ത് സുരക്ഷയും മറ്റും മുന്‍നിര്‍ത്തി ഹാന്‍സിയില്‍ നിന്ന് ഹിസാറിലേക്ക് ടണല്‍ നിര്‍മിക്കുകയും ചെയ്തു. ബുദ്ധന്‍െറയും മഹാവീരന്‍െറയും പ്രതിമകളും കോട്ടയിലുണ്ട്. 1982ല്‍ ഇവിടെ നടത്തിയ ഉദ്ഖനനത്തില്‍ 57 ജൈനമത വിഗ്രഹങ്ങളാണ് പിടികൂടിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 1937ലാണ് ഇവിടം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്.



Click it and Unblock the Notifications