നഗരത്തിലെ പ്രധാന ഹെറിറ്റേജ് സൈറ്റായ സിറ്റി പാലസ് സ്ഥിതിചെയ്യുന്നത് നഗരഹൃദയത്തിലാണ്. ജയ്പൂരിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നാണ് ഈ കൊട്ടാരം. മഹാരാജാ സവായ് ജയ് സിങ്ങാണ് ഇത് പണികഴിപ്പിച്ചത്. രജപുത്, മുകള്‍ ശൈലിസമന്വയിപ്പിച്ചുകൊണ്ടാണ് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം.
സന്ദര്‍ശകരെ സ്വാഗതംചെയ്യുന്ന മുബാറക് മഹലാണ് കൊട്ടാരത്തിന്റെ പ്രവേശനകവാടം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ മഹാരാജ സവായ് മധോ സിങാണ് ഈ മുബാറക് മഹല്‍ പണികഴിപ്പിച്ചത്. ഇപ്പോള്‍ ഈ കെട്ടിടം രാജാ സവായ മാന്‍ സിങ് രണ്ടാമനുവേണ്ടി സമര്‍പ്പിച്ചിരിക്കുന്ന മ്യൂസിയമാണ്. രാജസ്ഥാന്റെ തനത് ഉല്‍പന്നങ്ങളായ ബനാറസി പട്ടുസാകിരള്‍, പശ്മിനി ഷോള്‍സ് തുടങ്ങി രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പലവസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മഹാരാജ സവായ് മധോ സിങ് ഉപയോഹിച്ചിരുന്ന കനമേറിയ ഉടയാടകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
സിറ്റി പാലസിനുള്ളില്‍ത്തന്നെയുള്ള മറ്റൊരു കെട്ടിടമാണ് മഹാറാണി പാലസ്. രജപുത്രന്മാര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളാണ് ഇവിടെ പ്രധാനമായും സൂക്ഷിച്ചിരിക്കുന്നത്. ആനക്കൊമ്പിന്റെ പിടിയുള്ള വാളുകള്‍, പടച്ചട്ടകള്‍, തോക്കുകള്‍, കൈത്തോക്കുകള്‍, പീരങ്കികള്‍, വിഷമുനകളുള്ള ആയുധങ്ങള്‍, വെടിമരുന്ന് എന്നുവേണ്ട പലതരം ആയുധങ്ങളുണ്ടിവിടെ. കത്രികയുടെ ആകൃതിയിലുള്ള ഒരുതരം കഠാരയാണ് ആയുധങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൗതുകമുണര്‍ത്തുന്ന ഒന്ന്. ആയുധക്കൂട്ടത്തില്‍ ചിലതെല്ലാം പതിനഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്നവയാണ്.
എല്ലാദിവസവും കാലത്ത് 9 മണിമുതല്‍ വൈകീട്ട് 5 മണിവരെയാണ് സിറ്റിപാലസ് സന്ദര്‍ശകര്‍ക്കായി തുറന്നിടുക. സൗന്ദര്‍ശനത്തിനായി ഇന്ത്യന്‍ പൗരന്മാര്‍ 75 രൂപയും വിദേശപൗരന്മാര്‍ 300 രൂപയും ഫീസ് നല്‍കണം.



Click it and Unblock the Notifications