കൊല്ലത്തു നിന്നും 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കരുനാഗപ്പള്ളി മതകേന്ദ്രങ്ങള്‍ക്കും അമ്പലങ്ങള്‍ക്കും പ്രശസ്‌തമാണ്. പുരാതനനകാലത്ത് കരുനാഗപ്പള്ളിക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ ബുദ്ധമത വിശ്വാസികളുടെ അധിവാസ കേന്ദ്രമായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാലയളവില്‍ കരുനാഗപ്പളളി ഒരു പഠനകേന്ദ്രമായിരുന്നതായും പറയപ്പെടുന്നു. സമീപത്തെ ഒരു ടാങ്കില്‍ നിന്ന് കണ്ടെടുത്ത ബുദ്ധപ്രതിമ ഈ വിശ്വാസങ്ങള്‍ക്കുള്ള തെളിവാണ്.
ശിവനും വിഷ്‌ണുവും ഒരുമിച്ച് ആരാധിക്കപ്പെടുന്ന അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് കരുനാഗപ്പള്ളിയിലെ പ്രധാന ക്ഷേത്രമായ പടന്യാര്‍കുളങ്ങര ക്ഷേത്രം. വലിയകുളങ്ങര ദേവീക്ഷേത്രവും ഓച്ചിറ ക്ഷേത്രവുമാണ് പ്രദേശത്തെ മറ്റ് പ്രമുഖ ഹിന്ദു ആരാധനാലയങ്ങള്‍.
പോര്‍ച്ചുഗീസ് നാവികര്‍ നിര്‍മ്മിച്ചതായി വിശ്വസിക്കപ്പെടുന്ന പുരാതന ക്രിസ്‌ത്യന്‍ ദേവാലയമാണ് പോര്‍ച്ചുഗീസ് പള്ളിയെന്ന് പരക്കെ അറിയപ്പെടുന്ന പണ്ടാരതുരുത്ത് പള്ളി. കടലില്‍ വച്ച് വഴി തെറ്റിയ നാവികര്‍, സുരക്ഷിതമായി തീരത്തെത്തിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും എത്തിച്ചേരുന്ന തീരത്ത് ഒരു പള്ളി നിര്‍മ്മിക്കാമെന്ന് നേരുകയും ചെയ്‌തു. കപ്പല്‍ കരുനാഗപ്പള്ളിയില്‍ അടുത്തു. തുടര്‍ന്ന് നാവികര്‍ ഇവിടെ പള്ളി നിര്‍മ്മിക്കുകയായിരുന്നു.