കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ഓച്ചിറ. കൊല്ലത്തു നിന്ന് 55 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഓച്ചിറയിലെത്താം. മതകേന്ദ്രം, തീര്‍ത്ഥാടന കേന്ദ്രം എന്നീ നിലകളിലാണ് ഓച്ചിറയുടെ പ്രശസ്‌തി. ഈ പട്ടണത്തില്‍ നിരവധി പുരാതന ക്ഷേത്രങ്ങളും ചരിത്ര സ്‌മാരകങ്ങളുമുണ്ട്.
ഓച്ചിറയിലെ ഏറ്റവും പ്രസിദ്ധവും നിരവധി വിശ്വാസികള്‍ എത്തുന്നതുമായ ക്ഷേത്രമാണ് പരബ്രഹ്മ ക്ഷേത്രം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഇവിടുത്തെ ആരാധനാമൂര്‍ത്തി പരബ്രഹ്മം അഥവാ ഓംകാരമാണ്. 36 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ക്ഷേത്രത്തിലേക്ക് എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തുന്നു. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഓച്ചിറക്കളിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.
പുരതാനകാലത്ത് നടന്നിരുന്ന യുദ്ധത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ആഘോഷമാണിത്. ആളുകള്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് വ്യാജ വാളുകള്‍ കൊണ്ട് ഏറ്റുമുട്ടും. ഇതോടനുബന്ധിച്ച് കാലിച്ചന്തയും സംഘടിപ്പിക്കും. ഈ സമയത്ത് വിശ്വാസികളും സഞ്ചാരികളും ഇവിടം സന്ദര്‍ശിക്കാറുണ്ട്. പ്രദേശത്തെ മറ്റൊരു മതകേന്ദ്രമാണ് ഓച്ചിറ മുസ്‌ളിം പള്ളി. ചരിത്രമൂല്ല്യമുള്ള ഒരു സ്‌മാരകമായി ഇത് കണക്കാക്കപ്പെടുന്നു.